താളത്തിൽ പിറന്ന പാട്ടുകൾ

കഥാസന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ താളവും ഈണവും കണ്ടെത്തുകയാണ് ഒരു സംഗീതസംവിധായകന്റെ വെല്ലുവിളി. ഇതിൽ പാതിജോലി ഗാനരചയിതാവ് ചെയ്തുതന്നാലോ? അനിതരസാധാരണമായ സംഗീതബോധമുള്ള എഴുത്തുകാർക്കു മാത്രമേ ഈ സിദ്ധി കൈമുതലായുള്ളൂ. എഴുതിയ ഗാനങ്ങളിലെല്ലാം ആ താളം നിക്ഷേപിച്ച അപൂർവ രചയിതാവാണ് കാവാലം നാരായണപ്പണിക്കർ. 

നാടകകൃത്ത്, സംവിധായകൻ, കവി, ഗാനരചയിതാവ്... തുടങ്ങി വിവിധ മേഖലകളിലാണ് അദ്ദേഹത്തിന്റെ സംഭാവനകൾ. എല്ലായിടത്തും ഒരേപോലെ തുളുമ്പിനിന്ന ഭാവമായിരുന്ന താളം. കാവാലത്തിന്റെ എല്ലാ സംഭാവനകളും താളബദ്ധമായിരുന്നു. 

എങ്കിലും, കാവാലം നാരായണപ്പണിക്കർ മലയാളസിനിമയിലെ പ്രമുഖ ഗാനരചയിതാവാണ് എന്നറിയുന്നവർ ചുരുങ്ങും. മറ്റു മേഖലകളിൽ അദ്ദേഹത്തിന്റെ സംഭാവന അതിലേറെയായിരുന്നതാണു കാരണം. 230ഓളം ഗാനങ്ങൾ അദ്ദേഹം സിനിമയ്ക്കായി രചിച്ചിട്ടുണ്ട്!

പ്രിയ കൂടുകെട്ട് എം.ജി.രാധാകൃഷ്ണനുമായി ആയിരുന്നു. 45 പാട്ട്. രാധാകൃഷ്ണന്റെയും വാണി ജയറാമിന്റെയും ഏറ്റവും മികച്ച ശോകഗാനമായ ‘ഓർമകൾ, ഓർമകൾ...’ കാവാലത്തിന്റെ സുന്ദര രചനയാണ്. 

‘ദുഃഖം ഒരേകാന്ത സഞ്ചാരി

ഈറക്കുഴലൂതി വിളിപ്പൂ...

സ്വപ്നങ്ങളെന്നോടു വിടപറഞ്ഞു’ 

എന്ന വരികൾ എത്രയോപേർക്കു പ്രിയപ്പെട്ടതാണ്. ‘സർവകലാശാല’യിലെ ‘അതിരുകാക്കും മലയൊന്നു തുടുത്തേ...’ കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രത്തിലെ ‘കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ..., ചെമ്പഴുക്ക, ചെമ്പഴുക്ക...’ എന്നിവയും ഹിറ്റായിരുന്നു. 

അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടിയാണ് കാവാലം–രാധാകൃഷ്ണൻ കൂട്ടുകെട്ടിന്റെ മറ്റൊരു ശ്രദ്ധേയ ചിത്രം. ഇതിലെ ഒൻപതു പാട്ടുകളും നാടോടി മട്ടിലായിരുന്നു. മിക്കതും പാടിയതും കാവാലംതന്നെ. കുമ്മാട്ടിയുടെ കഥയും കാവാലത്തിന്റേതായിരുന്നു.

‘ഓടക്കുഴൽ വിളി ഒഴുകിയൊഴുകി..., ഘനശ്യാമ സന്ധ്യാഹൃദയം...’ തുടങ്ങി ആകാശവാണി വഴി എത്രയോ ഹിറ്റുകൾ ഈ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഒരുകാലത്ത് നമ്മുടെ യുവജനോത്സവ വേദികളിലെങ്ങും കാവാലം–രാധാകൃഷ്ണൻ കൂട്ടുകെട്ടിന്റെ ഗാനങ്ങൾ നിറഞ്ഞുനിന്നിരുന്നു.

രവീന്ദ്രന്റെയൊപ്പം ‘നാട്ടുപച്ചക്കിളിപ്പെണ്ണേ...’ (ആയിരപ്പറ), ‘നിറങ്ങളേ പാടൂ...’ (അഹം) തുടങ്ങി ഒൻപതു ഗാനങ്ങളേ കാവാലം ചെയ്തിട്ടുള്ളൂ. ‘കാലം കുഞ്ഞു മനസ്സിൽ ചായം കൂട്ടി...’(രതിനിർവേദം) എന്ന ആദ്യഹിറ്റ് കാവാലത്തിനു നൽകിയ ദേവരാജൻ പിന്നീട് ‘ഉത്സവപ്പിറ്റേന്ന്’ എന്ന ചിത്രത്തിൽ ‘പുലരിത്തൂ മഞ്ഞുതുള്ളിയിൽ...’ എന്ന ഹിറ്റും സൃഷ്ടിച്ചു.

ജോൺസൺ എന്ന സംഗീതസംവിധായകന്റെ ഏറ്റവും മികച്ച ഗാനമായി ‘ഗോപികേ നിൻ വിരൽത്തുമ്പുരുമ്മി വിതുമ്പീ...’ (കാറ്റത്തെ കിളിക്കൂട്–ആലാപനം: എസ്.ജാനകി) വിലയിരുത്തുന്നവരുണ്ട്. കാവാലത്തിന്റെ കനകതൂലികയിൽനിന്നാണ് ഈ കാവ്യപുഷ്പവും വിരിഞ്ഞത്. 

പശ്ചാത്തല സംഗീതകാരനും സംഗീതസഹായിയുമായി പ്രവർത്തിച്ചിരുന്ന ഗുണസിങ് ഏതാനും ഗാനങ്ങളിലേ സ്വതന്ത്രസംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഹിറ്റായ ‘ആഴിക്കങ്ങേ കരയുണ്ടോ ആഴങ്ങൾക്കൊരു മുടിവുണ്ടോ?...’ (പടയോട്ടം) രചിച്ചതും മറ്റാരുമല്ല. കടൽയാത്രയുടെ പശ്ചാത്തലത്തിൽ വരുന്ന ഈ വിഷാദഗാനത്തിൽ

‘അടങ്ങാത്തിരമാല വഴിയേ വന്നാലീ

അല്ലിനു തീരമുണ്ടോ?’

എന്നു കാവാലം രചിച്ചത് എത്രയോ സന്ദർഭോചിതമായിരിക്കുന്നു!

കവിതയും ലളിതഗാനങ്ങളുമെഴുതിയിരുന്ന കാവാലത്തെ സിനിമാഗാനത്തിലേക്കു കൊണ്ടുവരുന്നതു പ്രശസ്ത സംവിധായകൻ ജി.അരവിന്ദനാണ്. ‘തമ്പ്’ എന്ന ചിത്രത്തിനുവേണ്ടി. 

‘രതിനിർവേദ’ത്തിനുവേണ്ടി പുതിയൊരു പാട്ടെഴുത്തുകാരനെ തേടുകയായിരുന്നു അക്കാലത്തു സംവിധായകൻ ഭരതൻ. കാവാലം സിനിമയ്ക്കുവേണ്ടി എഴുതിത്തുടങ്ങി എന്നറിഞ്ഞ ഭരതൻ അദ്ദേഹത്തെത്തന്നെ സമീപിച്ചു. ചിത്രത്തിന്റെ ‘ടൈറ്റിൽ സോങ്’ തന്നെയാണ് ആദ്യം ചർച്ചയ്ക്കു വന്നത്. അതേപ്പറ്റി കാവാലം പറഞ്ഞത് ഇങ്ങനെ ‘ചെന്നൈയിലെ ദേവരാജന്റെ വീട്ടിൽ ഞങ്ങൾ ഒത്തുകൂടി. കുട്ടികളുടെ ഉത്സാഹത്തിമിർപ്പിന്റെ ഒരു പാട്ടു വേണം എന്നു മാത്രമേ ഭരതൻ എന്നോടു പറഞ്ഞുള്ളൂ. പത്മരാജനും ഒപ്പം ഉണ്ടായിരുന്നു. ഞാൻ ഒരു മുറിയിൽ മാറിയിരുന്നു. പത്തുപതിനഞ്ചു മിനിറ്റുകൊണ്ട് പാട്ടെഴുതി. ഞാൻതന്നെ അതു താളത്തിൽ അവരുടെ മുന്നിൽ വായിച്ചു. ഇതുതന്നെയാണ് വേണ്ടിയിരുന്നതെന്നു ഭരതൻ പറഞ്ഞു. ഏറ്റവും ഇഷ്ടമായതു ദേവരാജനാണ്. അദ്ദേഹം അപ്പോൾത്തന്നെ അതിന് ഈണമിട്ടു. സംഗീതം എല്ലാവർക്കും വളരെ സ്വീകാര്യമായി. ഒറ്റ സിറ്റിങ്ങിൽ ഞങ്ങൾ ആ പാട്ട് പൂർത്തിയാക്കി.’ 

ആദ്യം പാട്ടെഴുതിയതു തമ്പിനായിരുന്നെങ്കിലും കാവാലത്തിന്റേതായി ആദ്യം പുറത്തുവന്ന ചിത്രം ‘രതിനിർവേദ(1978)’മാണ്.

പാട്ട് ഹിറ്റായതിൽ ഭരതന്റെ പങ്കും കാവാലം ചൂണ്ടിക്കാണിക്കുന്നു.: ‘ഭരതൻ ആ ഗാനം ഗംഭീരമായി ഷൂട്ട് ചെയ്തു. അതുകൊണ്ട് ഇന്നും അതു കണ്ടിരിക്കാൻ സന്തോഷമാണ്. പാട്ടിലെ താളം കൃത്യമായി സൈക്കിൾ യാത്രയിലേക്കു സന്നിവേശിപ്പിച്ചതാണ് ഭരതന്റെ കഴിവ്. ‘താളം ഇതാണു താളം’ എന്ന വരി പാട്ടിൽ ആവർത്തിച്ചു വന്നിരുന്നു. പാട്ടിന്റെ മർമം ഈ താളമായിരുന്നു. യഥാർഥ കലാകാരൻമാർക്കു മാത്രമേ ഇങ്ങനെ പാട്ടിന്റെ ആത്മാവ് കണ്ടെത്തി ചിത്രീകരിക്കാൻ കഴിയൂ.’ അദ്ദേഹം ഭരതന്റെ സംവിധാനമികവിന് മാർക്ക് നൽകുന്നു.

കാവാലത്തിന്റെ ഏറ്റവും പ്രചാരം നേടിയ സിനിമാഗാനം ഇതാണ്:

‘ആലായാൽ തറവേണം

അടുത്തോരമ്പലം വേണം

ആലിനു ചേർന്നൊരു

കുളവും വേണം’

‘ആലോലം’ എന്ന ചിത്രത്തിലെ ഈ ഗാനത്തിനു സംഗീതം നൽകിയതും കാവാലംതന്നെയാണ്. ഇതിന്റെ പ്രശസ്തി മുതലെടുക്കാനായി അതേമട്ടിൽ ഉണ്ടാക്കിയ ‘പെണ്ണായാൽ പൊന്നുവേണം’ (രചന: ആർ.കെ.ദാമോദരൻ) എന്ന പരസ്യഗാനവും വൻഹിറ്റായി. സർവകലാശാലയിലെ ‘അതിരുകാക്കും മലയൊന്നു തുടുത്തേ...’ എന്ന ഗാനം പാടിയതു നെടുമുടി വേണുവാണ്. അതു റിക്കോർഡ് ചെയ്യാതെ നേരിട്ടു ഡബ്ബ് ചെയ്യുകയായിരുന്നു. ‘മലയാളത്തിലെ മറ്റു ഗാനരചയിതാക്കളിൽനിന്ന് വേറിട്ടു നിൽക്കുന്ന എഴുത്താണ് കാവാലത്തിന്റേത്. താളമാണ് അതിന്റെ അടിസ്ഥാനം. മറ്റാരും ഉപയോഗിക്കാത്ത വാക്കുകൾ നമുക്ക് കാവാലത്തിന്റെ പാട്ടുകളിൽ കാണാം.’ നെടുമുടി വേണു വിലയിരുത്തുന്നു.

താൻ ജനിച്ചു വളർന്ന കുട്ടനാട്ടിലെ കാവാലം എന്ന കായലോരഗ്രാമത്തിന്റെ കലയും കൃഷിയും ജലജീവിതവുമെല്ലാം ആ വരികളിൽ തുളുമ്പിനിൽക്കുന്നു.  ‘മണ്ണിന്റെ മണമുള്ള പാട്ടുകൾ’ എന്നതു കാവാലത്തിന്റെ കാര്യത്തിൽ വിശേഷണമല്ലാതാവുന്നു.