ഓർക്കസ്ട്രേഷൻ അത്ഭുതം

ഒരു സംഭാഷണം പോലും ഇല്ലാത്ത സിനിമയാണ് തങ്ങൾ ഇത്രനേരം സ്വയംമറന്ന് ആസ്വദിച്ചതെന്ന് തിയറ്ററിൽനിന്നിറങ്ങുന്നവർക്കു വിശ്വസിക്കാൻ കഴി‍ഞ്ഞില്ല. സംഭാഷണമില്ലായ്മ അവർ അറിഞ്ഞില്ല. അത്ര ജീവസ്സുറ്റതായിരുന്നു അതിന്റെ പശ്ചാത്തല സംഗീതം.

സിനിമ ശബ്ദിച്ചു തുടങ്ങിയതിനുശേഷം ഇന്ത്യയിൽ ആദ്യമിറങ്ങിയ സംഭാഷണരഹിത ഫീച്ചർ സിനിമയ്ക്ക് ആര് സംഗീതം ചെയ്യും എന്നത് സംവിധായകൻ ശിംഗിതം ശ്രീനിവാസ റാവുവിന്റെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു. സംഭാഷണത്തിന്റെ അഭാവത്തിൽ സിനിമയിൽ ഏറ്റവും നിർണായകമാണ് പശ്ചാത്തല സംഗീതം. അന്ന് എൽ. വൈദ്യനാഥൻ എന്നല്ലാതെ മറ്റൊരു പേര് അവരുടെ മുന്നിൽ ഇല്ലായിരുന്നു. കമൽഹാസനും അമലയും മുഖ്യവേഷത്തിൽ അഭിനയിച്ച ആ വലിയ പരീക്ഷണസിനിമയുടെ ദൃശ്യങ്ങൾ അങ്ങനെ അവർ വൈദ്യനാഥനു മുന്നിൽ വച്ചു. പിന്നീട് സംഭവിച്ചത് പുഴുവിനെ പൂമ്പാറ്റയാക്കിയ അദ്ഭുതം. റീ റിക്കോർഡിങ് കഴിഞ്ഞപ്പോൾ സംവിധായകൻ അടക്കമുള്ളവർക്കു വിസ്മയം അടക്കാനായില്ല. കാരണം, സംഭാഷണം ഇല്ലെന്ന് തോന്നാത്തവിധം സമൃദ്ധമായിരുന്നു വൈദ്യനാഥന്റെ സംഗീതം.

അങ്ങനെ പുഷ്പക വിമാനം (1987) എന്ന ചിത്രം വൻ ബോക്സ് ഓഫിസ് ഹിറ്റ് ആയതിലും ദേശീയ പുരസ്കാരം, ഫിലിം ഫെയർ പുരസ്കാരം, ഫിലിം ഫെസ്റ്റിവലുകളിലെ അംഗീകാരം.... എന്നിങ്ങനെ ഏറെ നേട്ടങ്ങൾ വാരിക്കൂട്ടിയതിലും എൽ. വൈദ്യനാഥന്റെ പങ്ക് നിസ്തുലമാണ്. ഇന്ത്യ മുഴുവൻ മികച്ച കലക്‌ഷൻ നേടിയ ചിത്രം ബെംഗളൂരുവിൽ തുടർച്ചയായി 34 വാരമാണ് കളിച്ചത്. എൽ. വൈദ്യനാഥൻ, എൽ. സുബ്രഹ്മണ്യൻ, എൽ. ശങ്കർ.... ഇന്ത്യ ലോകത്തിനു സംഭാവന ചെയ്ത വയലിൻ സഹോദരന്മാർ. അതിലെ മൂത്തയാളാണു സിനിമയി‍ൽ എത്തിയത്.

‘ചേട്ടനായിരുന്നു സിനിമയുമായി ബന്ധം. ഒരുപാട് പരീക്ഷണങ്ങൾ അദ്ദേഹം സിനിമയിൽ ചെയ്തിട്ടുണ്ട്. ഞങ്ങൾ രണ്ട് അനുജന്മാരുടെയും ചെറിയ സിനിമാബന്ധം പോലും ചേട്ടൻ വഴിയായിരുന്നു.’ എൽ. സുബ്രഹ്മണ്യം പറയുന്നു. വെളുത്ത കത്രീന (1968) എന്ന സിനിമയിൽ ശ്രീകുമാരൻ തമ്പി രചിച്ച് ദേവരാജൻ സംഗീതം നൽകിയ ‘കാട്ടു ചെമ്പകം പൂത്തുലയുമ്പോൾ...’ എന്ന ഗാനത്തിന് സഹോദരങ്ങൾ മൂവരും ചേർന്നാണു വയലിൻ വായിച്ചത്.

‘വെസ്റ്റേൺ, കർണാടിക്, ഹിന്ദുസ്ഥാനി എന്നീ മൂന്നു ശൈലിയിലും ഒരേ മികവോടെ വയലിൻ വായിക്കാൻ അറിയാമായിരുന്ന ചുരുക്കം പ്രതിഭകളിൽ ഒരാളായിരുന്നു എൽ. വൈദ്യനാഥൻ. അതാണ് അദ്ദേഹത്തിന് നമ്മുടെ സംഗീത ചരിത്രത്തിലെ അനന്യത.’ പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ റെക്സ് ഐസക്സ് പറയുന്നു. ‘മനസ്വിനി’ എന്ന ചിത്രത്തിൽ ബാബുരാജിന്റെ സംഗീതത്തിൽ ‘പാതിരാവായില്ല പൗർണമികന്യയ്ക്ക് പതിനേഴോ പതിനെട്ടോ പ്രായം...’ എന്ന ഗാനത്തിലടക്കം എത്രയോ സന്ദർഭങ്ങളിൽ എൽ. വൈദ്യനാഥനൊപ്പം സഹകരിച്ച അനുഭവസമ്പത്തുണ്ട് റെക്സിന്. കന്നഡ സംഗീതജ്ഞൻ ജി.കെ. വെങ്കിടേശിന്റെ സഹായിയായാണ് എൽ. വൈദ്യനാഥൻ സിനിമയിൽ‍ പേരെടുക്കുന്നത്. വെങ്കിടേശിന്റെ പ്രിയശിഷ്യൻ ഇളയരാജ സ്വതന്ത്ര സംഗീതസംവിധായകൻ ആയപ്പോൾ വൈദ്യനാഥനെയും ഒപ്പം കൂട്ടി. ഇളയരാജയുടെ ആദ്യകാല മനോഹരഗാനങ്ങളുടെയെല്ലാം കണ്ടക്ടർ എൽ. വൈദ്യനാഥൻ എന്ന ബുദ്ധിമാനായ സംഗീതജ്ഞൻ ആയിരുന്നു.

തുടർന്നു സ്വതന്ത്ര സംഗീത സംവിധായകനായ എൽ. വൈദ്യനാഥൻ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലായി 170ഓളം സിനിമകൾക്കു സംഗീതം നൽകി. തമിഴിൽ ഏഴാവത് മനിതൻ, ദശരഥം, മറുപക്കം, കന്നഡയിൽ അപരിചിത, ഒൻഡു മുത്തന കഥൈ.... തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. മലയാളത്തിലും ഏതാനും ഗാനങ്ങൾക്ക് ഈണമിട്ടു. അതിൽ ‘വേനൽക്കിനാവുകൾ’ എന്ന ചിത്രത്തിലെ

‘പേരാറ്റിൻ അക്കരെയക്കരെയക്കെരെ ഏതോ

പേരറിയാ കരയിൽനിന്നൊരു

പൂത്തുമ്പി...’

എന്ന ഗാനം ഹിറ്റായി എന്നു മാത്രമല്ല, നിത്യഹരിതമായി നമ്മോടൊപ്പമുണ്ട്. നാടുകാണാനിറങ്ങിയ ഒരു പൂത്തുമ്പിയുടെയും കൂടെപ്പോയ പൂവാലൻ തുമ്പിയുടെയും യാത്രാ വിശേഷങ്ങൾ വർണിച്ച ഒഎൻവിയുടെ വരികളെ ഏറ്റവും ചേതോഹരമാക്കി വൈദ്യനാഥന്റെ സംഗീതം.

സ്വതന്ത്ര സംഗീതജ്ഞൻ എന്നതിനെക്കാൾ ഓർക്കസ്ടേഷൻ ജീനിയസ് ആയാണ് ദക്ഷിണേന്ത്യൻ സിനിമ വൈദ്യനാഥനെ സ്മരിക്കുന്നത്. ക്ലേശകരമായ സംഗീതജോലികളിൽ എല്ലാവരുടെയും ഒടുവിലത്തെ അത്താണിയായിരുന്നു വൈദ്യനാഥൻ. മലയാളത്തിൽ ‘മണിച്ചിത്രത്താഴി’ലെ പാട്ടുകളുടെ റിക്കോർഡിങ്ങിലടക്കം വൈദ്യനാഥൻ എന്ന കണ്ടക്ടർ ജോലികൾ അനായാസമാക്കി.

‘ഓർക്കസ്ട്ര എത്ര വലുതോ ചെറുതോ ആയാലും വൈദ്യനാഥൻ അനായാസം കൈകാര്യം ചെയ്യുമായിരുന്നു. ഒരു ഇടയ്ക്കയും വയലിനും മാത്രം വച്ചുപോലും ഓർക്കസ്ട്രേഷൻ മാജിക് മെനയാൻ കഴിവുള്ള സംഗീതജ്ഞനായിരുന്നു വൈദ്യനാഥൻ. യഥാർഥ ജീനിയസ്..’ റെക്സ് ഐസക്സ് അനുസ്മരിക്കുന്നു. സിനിമയുടെ തിരക്കിലും ആഘോഷത്തിലുംപെട്ട് ആരോഗ്യശീലങ്ങളിൽ ഉദാസീനത കാണിച്ച കലാകാരന്മാരുടെ ഗണത്തിൽ ഇദ്ദേഹവും പെട്ടുപോയി. 65ാം വയസ്സിൽ 2007 മേയ് 19ന് എൽ. വൈദ്യനാഥൻ നമ്മോടു വിടപറഞ്ഞു.