എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ഹൈദരാലി: ബിജിബാൽ

കലാമണ്ഡലം ഹൈദരാലി(ഫയൽ ചിത്രം),ബിജിബാൽ

കേരളത്തിന്റെ സാംസ്കാരിക ലോകത്ത് നിന്ന് ഏറ്റവുമധികം ചർച്ചകളിൽ നിറഞ്ഞൊരു പേരാണ് കലാമണ്ഡലം ഹൈദരാലി. വ്യവസ്ഥാപിത ചിന്താഗതികൾക്കു മേൽ കഥകളി പദങ്ങൾ പാടിക്കൊണ്ട് കടന്നുവന്ന ഹൈദരാലി. കഥകളിയുടെ പ്രൗഡി പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദവും ആലാപനവും. ലോക സംഗീത ദിനത്തെ കുറിച്ച് സംസാരിക്കുമ്പോൾ സംഗീത സംവിധായകൻ ബിജിബാലിനു പറയാനുള്ളത് ഹൈദരാലിയെ കുറിച്ചാണ്. തന്നെ ഏറ്റവുമധികം സ്വാധീനിച്ച സംഗീത പ്രതിഭകളിലൊരാളാണ് ഹൈദരാലിയെന്നാണ് ബിജിബാൽ പറയുന്നത്.

കേവലം ഒരു കഥകളി പാട്ടുകാരൻ എന്നതിനപ്പുറം എത്രയോ കൃതികളെഴുതി  ചിട്ടപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. എത്രയോ മോഹിനിയാട്ട കൃതികൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിരിക്കുന്നു. നിലവിലെ സാമൂഹിക പശ്ചാത്തലത്തിൽ, ലോക തലത്തിൽ തന്നെ അടയാളപ്പെടുത്തപ്പെടേണ്ട വ്യക്തിത്വമാണത്. കാരണം, താൻ എന്തിലാണോ ജീവിതം സമർപ്പിച്ചത് ആ മേഖലയിൽ തന്നെ പലവട്ടം അരികുവൽക്കരിക്കപ്പെട്ടിട്ടും അതിനോടെല്ലാം പോരടിച്ച് തിരികെ കയറിയ ആളാണ് ഹൈദരാലി. താൻ വ്യാപരിച്ച മേഖലയില്‍ പ്രതിഭയറിയിക്കുകയും ചെയ്തു. 

ഒരു കലാകാരൻ താൻ പ്രവർത്തിക്കുന്ന മേഖലയിൽ എന്തുമാത്രം വൈദഗ്ധ്യം തെളിയിക്കുന്നു എന്നത് മാത്രമല്ല കാര്യം.  ജീവിച്ചു വന്ന സാഹചര്യങ്ങളോടും, മനുഷ്യനെന്ന നിലയിൽ സമൂഹത്തോട് എന്തുമാത്രം പ്രതിബദ്ധതയുള്ളവനാണെന്നും ജീവിതത്തിലൂടെ എന്താണ് അദ്ദേഹം സമൂഹത്തിന് നൽകിയെന്നുള്ളതുമല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. ജീവിതമാണ് സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞതുപോലെ. ജീവിതത്തിലൂടെ നല്ല സന്ദേശങ്ങൾ പകരുമ്പോഴാണ് ഒരു കലാകാരൻ മാതൃകയാകുന്നതും ഇതിഹാസമാകുന്നതും. അദ്ദേഹം അങ്ങനെയുള്ളൊരാളായിരുന്നു. പ്രതിഭകൊണ്ടും വ്യക്തിത്വം കൊണ്ടും. ആ രീതിയിൽ ഹൈദരാലി ലോകത്ത് അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. ഒരുപക്ഷേ കഥകളി ഒരു പോപുലർ കലയല്ലാത്തതുകൊണ്ടാകാം. അദ്ദേഹത്തിന്റെ മേഖലയുള്ളവരോട് സംസാരിച്ചപ്പോൾ ഹൈദരാലി അത്ര ഗംഭീരമല്ലെന്ന് പറഞ്ഞവരുമുണ്ട്. കുറച്ചു  പേരെങ്കിലും അവഗണിക്കപ്പെട്ടിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ. എങ്കിലും...എന്നെ ഏറ്റവുമധികം സ്വാധീനിച്ചൊരു പാട്ടുകാരൻ അദ്ദേഹമാണ്. 

കളിയച്ഛനിൽ റഫീഖ് അഹമ്മദ് എഴുതിയ ഹരിനാക്ഷി ജനമൗലേ എന്ന പാട്ട് അദ്ദേഹത്തിനായി ഞാൻ സമർപ്പിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ തീർച്ചയായും ഞാനീ പാട്ട് അദ്ദേഹത്തെക്കൊണ്ട് പാടിച്ചേനേ.