Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്നത് 22 വർഷങ്ങൾ; ഒടുവിലെത്തി കറുത്ത 'ജൂതൻ'

karutha-joothan-music

ജനകീയമായ ചില കവിതകളുണ്ട്. മൂർച്ചയുള്ള ആശയത്തെ തീർത്തും ലളിതമായ വരികളിലൂടെ പാടിത്തന്നതുകൊണ്ടാണ് അത്തരം കവിതകൾ നമുക്ക് പ്രിയപ്പെട്ടതായത്. മുരുകൻ കാട്ടാക്കടയുടെ 'കണ്ണട' അങ്ങനെയുള്ളൊരു ചിത്രമാണ്. എഴുതിയ ആളിന്റെ പേര് അന്നും ഇന്നും മനസിലുണ്ട്. എന്നാൽ ആ കവിതയ്ക്ക്, ആദ്യ കേൾവിയിൽ തന്നെ ഹൃദയത്തിൽ കോറിയിടുന്ന പോല്‍ താളമൊരുക്കിയത് ബിജു റാം എന്ന സംഗീതകാരനാണ്. ഇത് അധികമാർക്കും അറിയില്ലെന്നു മാത്രം. സംഗീത രംഗത്തെത്തി 22 വർഷങ്ങൾ പിന്നിടുമ്പോൾ പിന്നിടുമ്പോൾ ശ്രദ്ധേയമായൊരു ചിത്രത്തിന്റെ ഈണമിടാനുള്ള അവസരം ബിജു റാമിനെ തേടിയെത്തിയിരിക്കുകയാണ്. സലീം കുമാർ സംവിധാനം ചെയ്യുന്ന കറുത്ത ജൂതന്‍. നമ്മുടെ മണ്ണിൽ ജീവിച്ചു മരിച്ച ജൂതൻമാരിലേക്ക് പിൻനടന്ന ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും കിട്ടി. ജൂതന്റെ ആത്മസംഘര്‍ഷങ്ങളും സംസ്കാരവും പിന്നെ നമ്മുടെ നാടിന്റെ ആത്മാംശവും ചേർത്തുവച്ച് സിനിമയ്ക്ക് ഈണമിട്ട ബിജു റാമിനോടൊപ്പം. 

ഈ ഈണങ്ങൾ

ജൂതന്‍മാരുടെ കഥയാണ്. രണ്ടായിരം വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന മലബാറി ജൂതൻമാർ അല്ലെങ്കിൽ കറുത്ത ജൂതൻമാരുടെ കഥ. തൃശൂരിലെ മാളയിൽ ജീവിച്ചിരുന്നവരാണിവർ. മലയാളികളായി ജീവിച്ചു മരിച്ച ജൂതന്‍മാർ. ജൂതന്‍മാരുടെ രാജ്യമായ ഇസ്രയേൽ ആക്രമിക്കപ്പെട്ടപ്പോൾ ലോകം മുഴുവന്‍ ചിതറിയോടിയവരാണിവർ. അപ്പോൾ അവരുടെ ജീവിതം പറയുമ്പോൾ ഇസ്രയേലിന്റെ താളങ്ങളും വേണം പക്ഷേ കഥ ഇവിടെ നടക്കുന്നതുകൊണ്ട് നമ്മുടെ തനി നാടൻ ശൈലിയും വരണം. അതു രണ്ടും ഒന്നുചേർന്നൊരു ഈണമാണു ചെയ്യേണ്ടിയിരുന്നത്. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കുറേ പഠനം നടത്തിയതിനു ശേഷമായിരുന്നു പാട്ട് ചെയ്തത്. 

രണ്ടു പാട്ടുകളാണുള്ളത്. ഒരു ടൈറ്റിൽ ഗാനവും പിന്നെ ജൂതൻമാരുടെ കല്ലറ തേടിപ്പോകുന്ന മറ്റൊരു പാട്ടും. വികാരതീക്ഷ്ണമായ ഗാനങ്ങളാണു രണ്ടും. ഇതിലെ ടൈറ്റിൽ ഗാനം ട്രെഡിഷണലാണ്. അവര്‍ പാടി നടക്കുന്ന ശൈലിയിൽ നിന്ന് മാറ്റിയാണ് നമ്മൾ ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. സ്വാമി സംവിധാനന്ദ് ആണ് ഈ പാട്ട് എഴുതിയത്.

സലീം കുമാറിന്റെ വാക്കുകൾ!

എന്നോടു പറഞ്ഞത് ചിത്രം ഇത്തരത്തിലുള്ള ഒന്നാണ്. ജോലി ഭാരം കൂടുതലായിരിക്കും. അപ്പോൾ നന്നായി പഠിച്ചിട്ട് ചെയ്താൽ മതി. പറ്റുമെങ്കിൽ മാത്രം ഏറ്റെടുത്താൽ മതിയെന്നായിരുന്നു. പക്ഷേ എന്റെ ഭാഗ്യത്തിന് എന്തോ രണ്ടു പാട്ടുകളും അദ്ദേഹത്തിനു പ്രിയപ്പെട്ടതായി. ഇതൊരു കമേഷ്യൽ ചിത്രമല്ല. അതുകൊണ്ട് അങ്ങനെയുള്ളതാകണം പാട്ടുകളും പശ്ചാത്തല സംഗീതവുമെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു. കമേഷ്യൽ ചിത്രത്തിന്റെ ചേരുവകളൊന്നും വരരുത് എന്നായിരുന്നു. സത്യത്തിൽ അങ്ങനെയൊരു ചിത്രത്തിന് സംഗീതം ചെയ്യാൻ എളുപ്പമാണ്. ഇവിടെയാണെങ്കിൽ സിനിമയെ മറികടക്കുന്ന പശ്ചാത്തല സംഗീതം വരികയുമരുത്. അതുപോലെ നമ്മുടെ നാടിന്റെ പശ്ചാത്തലവും ജൂതൻമാരാണ് കഥാപാത്രങ്ങൾ എന്നുള്ളതിനാൽ അവരുടെ സംസ്കാരത്തിന്റെ താളവും വരണമായിരുന്നു. 

മൂന്നര മാസത്തോളം നീണ്ടു നിന്നു പഠനം. ജൂത സംഗീതത്തിന്റെ പുതിയ-പഴയ കാലമെല്ലാം കേട്ടിരുന്നു കുറേ. അതായിരുന്നു റഫറൻസ്. അവരുടെ പഴയ സംഗീതോപകരണങ്ങളും ശൈലിയുമാണ് ഉപയോഗിച്ചത്. പുതിയകാല സംഗീതവും പഴയ കാല ജൂത സംഗീതവും തമ്മിൽ വലിയ അന്തരമുണ്ട്. അതുകൊണ്ടു തന്നെ സംഗീതോപകരണങ്ങളൊക്കെ വാടകയ്ക്കു കിട്ടാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു.

പശ്ചാത്തല സംഗീതത്തിന്റെ കാര്യമായിരുന്നു കുറച്ചു കൂടി ക്ലേശകരമായത്. സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്ന സംഗീതം വേണ്ടിയിരുന്നില്ല. അതേസമയം ജൂത സംസ്കാരവും നമ്മുടെ നാടിന്റെ ഒരു രീതിയും കഥാപാത്രങ്ങളും വികാരവും ഒന്നിച്ചു നിൽക്കുകയും വേണം. അതുകൊണ്ടു തന്നെ സൈലന്‍സും ഈ ചിത്രത്തിൽ ഒരു സംഗീതമായി മാറി.

എങ്ങനെ ഈ ചിത്രത്തിലേക്ക്

ദൈവഭാഗ്യം എന്നാണ് ഞാൻ ഇതിനെ വിശേഷിപ്പിക്കുന്നത്. സ്വാമി സംവിധാനന്ദ് ഒരു കവിയാണ്. അദ്ദേഹത്തിന്റെ നിരവധി കവിതകൾക്ക് ഞാനാണ് സംഗീതം ചെയ്തത്. മുരുകൻ കാട്ടാക്കടയുടെ കവിതകളുടെ സിഡികളുടെ ഈണവും ഞാൻ തന്നെ. സ്വാമി സംവിധാനന്ദ് വഴിയാണ് ഈ ചിത്രത്തിലേക്കെത്തിയത്. 

സലീം കുമാറിനെ പോലെ ഇത്രയും പ്രതിഭാധനനായ ഒരാൾ ചെയ്യുന്ന വളരെ ഗൗരവതരമായ ഒരു സിനിമയിലൂടെ തുടങ്ങാൻ കഴിയുന്നത് വലിയ കാര്യമല്ലേ? നല്ല പഠനം നടത്തി ചെയ്താൽ മതി എന്നു പറ‍ഞ്ഞ് ഏൽപ്പിക്കുമ്പോൾ ഒരു തുടക്കക്കാരന് അത് വലിയ കാര്യമാണ്. അദ്ദേഹം തന്ന ധൈര്യം വളരെ വലുതായിരുന്നു. പാട്ട് ചെയ്ത് ഇഷ്ടപ്പെട്ട ശേഷമാണ് പശ്ചാത്തല സംഗീതവും അതുപോലെ മറ്റൊരു പാട്ടും ഏൽപ്പിക്കുന്നത്. പശ്ചാത്തല സംഗീതം ചെയ്യാൻ തന്നെ ഒന്നര ആഴ്ചയോളം വീണ്ടും പഠനം നടത്തി. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും കുറേ നിർദ്ദേശങ്ങളുണ്ടായിരുന്നു. അതെല്ലാം അനുസരിച്ചാണ് ചെയ്തത്. 

സംഗീതത്തിനോടൊപ്പം

വർഷങ്ങളായി ഈ രംഗത്താണ്. ആദ്യമായാണ് ഒരു ചിത്രത്തിൽ പാട്ട് ചെയ്യാൻ അവസരം കിട്ടുന്നത്. ഗാനഭൂഷണം നേടിയിട്ടുണ്ട്. അതുപോലെ കീബോർഡും വയലിനും വായിക്കും. തരംഗിണി സ്കൂൾ ഓഫ് മ്യൂസിക്, സ്വാതി തിരുനാൾ സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. രാമവർമ, അന്നപൂർണ എന്നിവർക്ക് കീഴിലായിരുന്നു വയലിൻ പഠനം. വയലിൻ പഠനമാണ് കമ്പോസിങ് എന്ന ഇഷ്ടം മനസിലേക്കു വച്ചത്. കോൻ ഐസാ ഹേ എന്നു പേരിട്ടൊരു സംഗീത ആൽബവും പുറത്തിറങ്ങിയിട്ടുണ്ട്.

ഞാൻ ഈ രംഗത്തെത്തിയിട്ട് 22 വർഷമായി. ഉണ്ടതും ഉറങ്ങിയതും സംഗീതത്തിനൊപ്പമാണ്. കഴിവുണ്ടായിട്ടു മാത്രം കാര്യമില്ലല്ലോ. നമുക്ക് അവസരങ്ങൾ കൂടി കിട്ടണം. എന്റെ കുടുംബത്തിൽ ആദ്യമായാണ് ഒരാൾ ഈ സിനിമ-സംഗീത രംഗത്തേയ്ക്കു വരുന്നതു തന്നെ. സ്വാമി സംവിധാനന്ദിനെ പോലൊരു ആൾ വേണ്ടി വന്നു ഇപ്പോൾ എനിക്ക് ഒരു അവസരം എത്തിക്കാൻ. സിനിമയിൽ ഒരുപാട് ബന്ധങ്ങളുള്ള ആളാണ് അദ്ദേഹം. എന്നിട്ടും ഒരു നല്ല അവസരം വന്നപ്പോൾ അദ്ദേഹം എന്നിലേക്ക് അത് എത്തിച്ചു. ഇപ്പോൾ ഈ പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.