ലക്ഷ്യം നല്ല പാട്ടുകൾ: ശങ്കർ മഹാദേവൻ

ശങ്കർ മഹാദേവൻ

ശങ്കർ മഹാദേവൻ ഒരു കഠിനാധ്വാനിയാണ്. സംഗീതത്തിൽ വർഷങ്ങളുടെ പരിചയസമ്പത്തു കൈമുതലായുണ്ടെങ്കിലും പാട്ടിനുവേണ്ടി ഏറെ അധ്വാനിക്കാൻ തയാറാണെന്നതാണു ശങ്കറിന്റെ ഏറ്റവും വലിയ സവിശേഷത. അഭിമുഖത്തിനു വേണ്ടി അദ്ദേഹത്തെ കാണുമ്പോൾ ദീപക് ദേവ് ഷോയുടെ റിഹേഴ്സലിനു ശേഷം താമസസ്ഥലത്തേക്കു മടങ്ങുകയാണ്. രാവിലെ മുംബൈയിൽ നിന്നു നീണ്ടയാത്രയ്ക്കൊടുവിൽ കൊച്ചിയിലെത്തിയതാണ് അദ്ദേഹം. രണ്ടു മണിക്കൂറിലേറെ നീണ്ട റിഹേഴ്സലിനു ശേഷം താമസസ്ഥലത്തേക്കുള്ള യാത്രയിൽ ശങ്കർ മഹാദേവൻ പറഞ്ഞു, റൂമിലെത്തിയ ശേഷം പാട്ടിന്റെ വരികൾ ഒന്നുകൂടി പഠിക്കണം. ചില മലയാളം വാക്കുകൾ പിടിതരാതെ നിൽക്കുന്നു. രാജ്യം മുഴുവൻ കയ്യടിക്കുന്ന, ആരാധിക്കുന്ന ശബ്ദത്തിന്റെ ഉടമ സംസാരിക്കുന്നു.

∙ അടുത്തിടെ ഒരു സിനിമയിലും മുഖം കാണിച്ചല്ലോ?

അവിചാരിതമായി സംഭവിച്ചതാണ്. ‘കട്യാർ കൽജട്ട് ഗുസാലി’ എന്ന മറാഠി സിനിമയിൽ ഒരു സംഗീത അധ്യാപകന്റെ വേഷമാണ് ചെയ്തിരിക്കുന്നത്. ഒരു പീരിയഡ് സിനിമയാണത്. സുബോധ് ബാവെയുടെ സിനിമയ്ക്കു വേണ്ടി സംഗീതം നൽകിയിരിക്കുന്നതു ശങ്കർ-എഹ്സാൻ-ലോയ് എന്ന ഞാൻ ഉൾപ്പെടുന്ന സംഘമാണ്. പണ്ഡിറ്റ് ഭാനുശങ്കർ ശാസ്ത്രി എന്ന സംഗീതാധ്യാപകന്റെ വേഷമാണതിൽ. സംഗീതവുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ടാണ് അഭിനയിക്കാനുള്ള ഓഫർ സ്വീകരിച്ചത്. വൈകാതെ ചിത്രം പുറത്തെത്തും.

∙ പുതിയ സിനിമ കാട്ടി ബാട്ടിയിലെ പാട്ടുകൾ ഹിറ്റ് ചാർട്ടിലുണ്ടല്ലോ?

അതൊരു സന്തോഷം നൽകുന്ന കാര്യമാണ്. നമ്മൾ ചെയ്ത പാട്ടുകൾ ഹിറ്റ് ചാർട്ടിലെത്തുന്നതും നല്ലതാണെന്നു നമ്മൾക്കൊപ്പമുള്ളവർ പറയുന്നതുമൊക്കെ സന്തോഷമുള്ള കാര്യമാണ്. മകൻ സിദ്ധാർഥ് മഹാദേവൻ പാടിയ സർഫിര എന്നതുൾപ്പെടെയുള്ള പാട്ടുകൾ എല്ലാവരും ശ്രദ്ധിക്കുന്നു. യുവാക്കൾക്കു വേണ്ടിയുള്ള സിനിമയാണു കാട്ടി ബാട്ടി. അതിലെ പാട്ടുകളിലും ആ ഊർജമുണ്ട്.

∙ ഗായകരെ തിരഞ്ഞെടുക്കുക ശ്രമകരമല്ലേ, പ്രത്യേകിച്ചും ബോളിവുഡ് പോലെ വിശാലമായ ലോകത്ത്?

ഓരോ പാട്ടിനും അനുയോജ്യരായവർ കൃത്യമായി എത്തിപ്പെടാറുണ്ട്. പുതിയ പാട്ടുകാർക്ക് അവസരം നൽകാറുമുണ്ട്. ഓരോ പാട്ടിന്റെയും മൂഡ് അനുസരിച്ച്, ജോണർ അനുസരിച്ചാണു ഗായകരെ തിരഞ്ഞെടുക്കാറുള്ളത്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാട്ടാറില്ല. ഏറെ പ്രഗൽഭരായ പഴയ ഗായകരുണ്ടെങ്കിലും പുതിയ ആളുകൾക്കു പാട്ടുകൾ നൽകേണ്ടേ. അവർക്ക് അവസരം നൽകേണ്ടതു സംഗീത സംവിധായകർ തന്നെയാണ്.

∙ ഗ്രാമി അവാർ‍ഡ് നേടിയ റിക്കി രാജിനെ തമിഴ്നാട് സർക്കാർ വേണ്ടത്ര അംഗീകരിച്ചില്ലെന്ന പരാമർശം ഏറെ ചർച്ചയായിരുന്നു?‌

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു കമന്റായിരുന്നു അത്. തമിഴ്നാട് സർക്കാർ മാത്രമല്ല ഇന്ത്യൻ ഗവൺമെന്റും വേണ്ടത്ര അംഗീകരിച്ചില്ല. സംഗീതജ്ഞരോടു പൊതുവെ ഈ സമീപനം കാണാം. പക്ഷെ ആരെയും കയ്യിലെടുക്കാവുന്ന മന്ത്രവിദ്യയാണു ഞങ്ങളുടെ കയ്യിലുള്ളത്, സംഗീതം. ഏതു സമയത്തും ആശ്വാസം നൽകാൻ സാധിക്കുന്ന മറ്റെന്തു വിദ്യയുണ്ടു നമ്മുടെ കയ്യിൽ. സംഗീതജ്ഞരുടെ കഴിവിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

∙ കൃത്യമായ ഇടവേളയിൽ മലയാളത്തിനൊരു ഹിറ്റ് സമ്മാനിക്കാറുണ്ട്. ദീപക് ദേവുമായി ചേർന്നു പ്രത്യേകിച്ചും?

ദീപക് ദേവ് ഒരു നല്ല സുഹൃത്താണ്. നല്ല സംഗീതജ്ഞനാണ്. ‘പിച്ചവെച്ച നാൾ മുതൽക്കു നീ’ ഉൾപ്പെടെയുള്ള പല നല്ല ഗാനങ്ങളും അദ്ദേഹം എനിക്കു നൽകിയിട്ടുണ്ട്. ആസ്വാദകരുടെ മനസ്സറിഞ്ഞു പാട്ടുകൾ തയാറാക്കുന്ന സംഗീത സംവിധായകനാണ് അദ്ദേഹം.

∙ ശങ്കർ-എഹ്സാൻ-ലോയ് ത്രയം 19 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പ്രശ്നങ്ങളുണ്ടാകാതെ ഇത്രയേറെ വർഷങ്ങൾ എങ്ങനെ പിന്നിട്ടു?

പരസ്യങ്ങൾ ചെയ്താണു ഞങ്ങൾ ഒരുമിക്കുന്നത്. 1997ൽ ദസ് എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യം സംഗീതം നൽകിയത്. ഓരോരുത്തരുടെയും ജോലി ഞങ്ങൾക്കു കൃത്യമായറിയാം. എന്തു വഴക്കുകളുണ്ടായാലും അതെല്ലാം നല്ല സംഗീതത്തിനു വേണ്ടിയാണ്. കീബോർഡിസ്റ്റാണു ലോയ് മെൻഡോസ, എഹ്സാൻ നുറാനി ഗിറ്റാറിസ്റ്റും. ഓരോരുത്തർക്കും ഓരോ ശൈലികളുണ്ട്. പക്ഷെ സംഗീതം നൽകാനിരിക്കുമ്പോൾ അതെല്ലാം ഒരുമിക്കുന്നു. നല്ല പാട്ടുകളാണ് ഞങ്ങളുടെ ലക്ഷ്യം. ഓർത്തിരിക്കുന്ന ഒരുപറ്റം പാട്ടുകൾ നൽകിയിട്ടുണ്ട്. അതു വലിയ സന്തോഷം.

ശങ്കർ-എഹ്സാൻ-ലോയ്

∙മലയാളം സിനിമ കാണാറുണ്ടോ?

ഇന്ത്യയിൽ ഇന്നു പുറത്തിറങ്ങുന്ന സിനിമകളിൽ ഏറ്റവുമധികം കലാമൂല്യമുള്ള ഗണത്തിൽപ്പെടുത്താം മലയാളം സിനിമകളെ. ദൃശ്യത്തിന്റെ മലയാളം പതിപ്പ് ഏറെ ആസ്വദിച്ചു കണ്ട സിനിമയിലൊന്നാണ്. എന്തു രസകരമായ തിരക്കഥയാണ് അത്. വളരെ മനോഹരമായി സിനിമ പറയുന്നു. ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളുമെല്ലാം ഇവിടെ നിന്നുണ്ടാകുന്നുവെന്നത് സന്തോഷം നൽകുന്ന കാര്യമാണ്.

തിരക്കുകൾ ഒഴിയുന്നില്ല. അഞ്ചിലേറെ പുതിയ സിനിമകൾക്കു സംഗീതം നൽകുന്നു ശങ്കർ-എഹ്സാൻ-ലോയ് സഖ്യം. റോക്ക് ഓൺ 2, ഖയാൽ 2, ധൂം ത്രി സംവിധാനം ചെയ്ത വിജയ് കൃഷ്ണ ആചാര്യയുടെ പുതിയ ചിത്രം തുടങ്ങിയ സിനിമകൾ. പുതിയ ആൽബത്തിന്റെ പണികളും പുരോഗമിക്കുന്നു. രാജ്യാന്തര സംഗീതജ്ഞരുമായി കൈകോർക്കലുകൾ വേറെ. സംഗീതവഴിയിൽ ഏറെ വളർന്നെങ്കിലും ഇനിയുമേറെ പഠിക്കാനുണ്ടെന്നു ശങ്കർ മഹാദേവൻ എന്ന വ്യക്തി പറയുന്നു. തന്നെ വിസ്മയിപ്പിക്കുന്ന പുതിയ പാട്ടുകളുമായി മലയാളം വീണ്ടും വിളിക്കുമെന്നു പ്രതീക്ഷിക്കുന്നു.