എല്ലാവരുടേയും വിശ്വാസത്തെ മാനിക്കുന്നു, പക്ഷെ ഇതെന്റെ വിശ്വാസം

വൈറ്റിലയിലെ ചെറിയൊരു പാലത്തിൽ നിന്ന് ലോകം ഇളക്കിമറിക്കുന്ന ബാന്‍ഡായി തൈക്കൂടം വളർന്നത് വളരെ വേഗമാണ്. പന്ത്രണ്ട് പാട്ടുകൾക്കായി ഒരുമിച്ച സംഘം പിന്നീട് ജനപ്രിയ ബാൻഡായി മാറുകയായിരുന്നു. ഗാനങ്ങളിലെ സ്ഫോടനാത്മകമായ അതിനവീനത്വം കൊണ്ടും പാടി പതിഞ്ഞ പഴമ മണക്കുന്ന ഗാനങ്ങൾക്ക് ആത്മാവ് നഷ്ടപ്പെടുത്താതെ പുത്തൻ ഈണങ്ങൾ നൽകിയും കാണികൾക്ക് സംഗീതം എന്ന ലഹരി സമ്മാനിക്കുന്ന ബാൻഡിലെ അംഗം അശോക് നെൽസൺ വ്യത്യസ്തനാണ്. രാഹുകാലത്തിൽ‌ വിവാഹം നടത്തി വിശ്വാസികളേയും അവിശ്വാസികളേയും ഞെട്ടിച്ച അശോക് നെൽസൺ സംസാരിക്കുന്നു.

എല്ലാവരുടേയും വിശ്വാസത്തെ മാനിക്കുന്നു

വീട്ടിൽ നിന്ന് ലഭിച്ച പാഠമാണ് എല്ലാവരുടേയും വിശ്വാസത്തെ മാനിക്കണമെന്നത്. പിതാവ് എം എ ബേബി സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ചെറുപ്പം മുതൽക്കേ തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മതവിശ്വാസം ആവശ്യമുള്ള ഘടകമായിട്ടു തോന്നിയിട്ടില്ല. ഇനി മതത്തിൽ വിശ്വസിക്കാനാണ് എന്റെ തീരുമാനമെങ്കിൽ അത് വീട്ടിൽ ആരും എതിര്‍ക്കുകയുമില്ലായിരുന്നു. ദൈവം എന്ന സങ്കൽപ്പത്തിൽ എനിക്ക് വിശ്വസമില്ല എന്നുകരുതി മറ്റുള്ളവരുടെ വിശ്വാസത്തിന് എതിരു നില്‍ക്കുകയുമില്ല. മതത്തിലും ദൈവത്തിലും വിശ്വസിക്കാതിരിക്കാനുള്ള അതേ സ്വാതന്ത്ര്യം വിശ്വസിക്കാനുമുണ്ട്.

മതചടങ്ങുകളില്ലാത്ത വിവാഹം എന്റെ തീരുമാനം

വിവാഹം ആലോചിക്കാൻ തുടങ്ങുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞ അവശ്യമായിരുന്നു മതചടങ്ങുകളില്ലാത്ത വിവാഹം എന്നത്. അതിന്റെ അർഥം മനസിലാക്കാൻ പറ്റുന്നൊരാളയെ വിവാഹം കഴിക്കൂവെന്നും തിരുമാനിച്ചിരുന്നു. ഭാഗ്യവശാൽ ഭാര്യ സനിധക്കും വീട്ടുകാർക്കും അതിൽ എതിർപ്പൊന്നുമില്ലായിരുന്നു. അങ്ങനെയാണ് മതചടങ്ങുകളില്ലാത്ത വിവാഹം സാധ്യമായത്. തുടക്കത്തിൽ രാഹുകാലത്താണ് വിവാഹമെന്ന് അറിയില്ലായിരുന്നു. പിന്നീട് ആളുകൾ രാഹുകാലത്താണ് വിവാഹം നടത്താൻ പാടില്ലെന്ന് പറഞ്ഞപ്പോൾ, അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള നിലപാടിന്‍റെ ഭാഗമായി ആ സമയത്ത് തന്നെ വിവാഹം നടത്തിയത്.

വക്കീൽ പഠനം സംഗീതജ്ഞനാക്കി

നാല് വയസുമുതൽ മൃദംഗം പഠിക്കാൻ തുടങ്ങിയതാണ്, എന്നാൽ പന്ത്രണ്ടാം ക്ലാസിന് ശേഷമാണ് ഗിത്താർ അഭ്യസിക്കാൻ തുടങ്ങിയത്. പിന്നീട് വക്കീൽ പഠനത്തിന് ശേഷം ഓഡിയോ എഞ്ചിനിയേറിംഗ് പഠിക്കാനായി ചെന്നൈയിലെത്തി. എം ജയചന്ദ്രന്റെ അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുണ്ട്. കൂടാതെ മനോരമയുടെ തമ്പോല, മാക്ഡോവൽസ്, അലൻ സോളി തുടങ്ങിയവയുടെ പരസ്യങ്ങൾക്ക് സംഗീതം പകർന്നിട്ടുമുണ്ട്. ഇപ്പോൾ തൈക്കൂടം ബ്രിഡ്ജിന്റെ റിഥം ഗിത്താറിസ്റ്റാണ്.