പത്രപ്രവർത്തനത്തിൽ നിന്നു പാട്ടു കൂട്ടിലേക്ക്

ആളുകൾ തിങ്ങിക്കൂടിയ ഒരു സദസ്. സ്റ്റേജിൽ നിന്ന് അതിമനോഹരമായി പാടുകയാണ് ഒരു പെൺകുട്ടി. പെട്ടെന്ന് പാട്ടിനിടയിൽ മൈക്ക് ഓഫായി. ഓണാക്കിയപ്പോൾ പിന്നെയും ഓഫായി. എങ്ങനെയോ പാട്ട് മുഴുമിപ്പിച്ച് ഇറങ്ങുമ്പോൾ കാണികളിൽ ചിലർ കുത്തുവാക്കുകൾ ഉറക്കെ വിളിച്ചു പറഞ്ഞു.

വർഷങ്ങൾക്കു ശേഷം മറ്റൊരു വേദി. ആളുകൾ തിങ്ങിക്കൂടിയ സദസ്. സ്റ്റേജിൽ നിന്നു മനോഹരമായി പാടിയ പെൺകുട്ടി സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ കരഘോഷം മുഴങ്ങി. ഒരേ ഗായിക കടന്നുപോയ രണ്ടു വേദികൾ. ഡെൽസി നൈനാൻ എന്ന ഗായികയുടെ സംഗീത വഴിയിൽ കടന്നു പോന്ന രണ്ടു ചിത്രങ്ങൾ. മലയാളിപ്പെണ്ണേ എന്ന പാട്ടിലൂടെ പിന്നണി ഗാനരംഗത്തു ശ്രദ്ധേയയായ ഡെൽസി പാട്ടുകട എന്ന ബാൻഡിലെ ഗായിക കൂടിയാണ്.

പാട്ട് വന്നു വിളിച്ചപ്പോൾ

പത്രപ്രവർത്തന ക്ലാസിന്റെ ഇടവേളകളിൽ കൂട്ടുകാർക്കു വേണ്ടി പാട്ട് മൂളുമ്പോൾ ഡെൽസി കരുതിയതേയില്ല. തന്റെ ജീവിതം പാട്ടിന്റെ ലോകത്തേക്ക് ഒഴുകുമെന്ന്. ചെന്നൈയിലെ വിമൻസ് ക്രിസ്റ്റ്യൻ കോളജിലെ ജേണലിസം വിദ്യാർഥിയായിരുന്ന പെൺകുട്ടി അപ്രതീക്ഷിതമായി സംഗീത ലോകത്തിലേക്കെത്തിയ കഥയാണു ഡെൽസി പറഞ്ഞത്. മീഡിയയുമായി ബന്ധപ്പെട്ട പഠനത്തിനിടയിൽ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസും ചെയ്യണമെന്നുണ്ട്. ഞാൻ തിരഞ്ഞെടുത്തതു പാട്ട് ക്ലബാണ്. ഇന്റർ കോളീജിയറ്റ് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട് കോളജിനെ പ്രതിനിധീകരിച്ചു സൺ ടിവിയിലെ സപ്തസ്വരങ്ങൾ എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തു.

പഠനം കഴിഞ്ഞ് എല്ലാവരും ജേണലിസ്റ്റാകാൻ യാത്രയായപ്പോൾ ഞാൻ പാട്ടിന്റെ വഴിയിലേക്കാണു തിരിഞ്ഞത്. നാട്ടിലെത്തിയശേഷം പെൺകുട്ടികൾ മാത്രമുള്ള ഗേൾസ് എന്ന ബാൻഡിലെ അംഗമായി. ആദ്യമായി സിനിമയിൽ പാടാൻ അവസരം ലഭിക്കുന്നതും ഗേൾസിലൂടെയാണ്. ആ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമ.യിൽ ‘നീല തടാകങ്ങളോ’ പാടി. സിനിമയിൽ പാട്ടില്ലായിരുന്നെങ്കിലും ഓഡിയോ കേട്ട് ആളുകൾ അഭിനന്ദിച്ചിരുന്നു. പിന്നീട് എട്ട് പത്ത് പാട്ടുകൾ പാടിയ ശേഷമാണു കാര്യസ്ഥനിലെ മലയാളിപ്പെണ്ണേ പാടിയത്. യഥാർഥത്തിൽ ആ പാട്ട് പാടേണ്ടിയിരുന്നതു വേറൊരു ഗായികയാണ്. കാര്യസ്ഥനിലെ വേറൊരു പാട്ട് പാടാനെത്തിയ ഞാൻ മലയാളിപ്പെണ്ണിന്റെ ട്രാക്കാണ് ആദ്യം പാടിയത്. പാട്ടു കേട്ട ബേണി - ഇഗ്നേഷ്യസ് പറഞ്ഞത് ഞാൻ പാടിയാൽ മതിയെന്നാണ്. അങ്ങനെ എന്റെ പാട്ട് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഇതേ ടീം സംഗീതം ചെയ്ത ശ്യംഗാരവേലനിലെയും പാട്ട് പാടി.

പാട്ടുകട എന്ന പേരിലുള്ള ബാൻഡിലെ അംഗമാണു ഞാനിപ്പോൾ. സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ സാറിന്റെ സ്റ്റേജ് ഷോകളിൽ ഞങ്ങളാണു പരിപാടി അവതരിപ്പിക്കുക. പാട്ടുകടയ്ക്കു വേണ്ടിയും ചില ആൽബങ്ങൾക്കു വേണ്ടിയും പാട്ടെഴുതാറുണ്ട്. ലൈവ് മ്യൂസിക് ബാൻഡുകൾക്കു വേണ്ടി പാടുന്നതു പ്രത്യേക അനുഭവമാണ്. കാണികളിലെ എനർജി നമ്മളിലേക്കുമൊഴുകുന്നതുപോലെ തോന്നും.

ഇതാണു ജീവിതമെന്നാണ് എനിക്ക് തോന്നുന്നത്. ഞാനെന്താ ജോലിക്കു പോകാത്തതെന്ന് എന്നോട് വീട്ടുകാരോ ബന്ധുക്കളോ ചോദിക്കുന്നില്ല. ഞാനെന്താ ജോലിക്കു പോകാത്തതെന്നു ഞാനും ആലോചിക്കുന്നില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യമാണു ഞാൻ ചെയ്യുന്നത്. ഇങ്ങനെയല്ലേ ഒരാൾ ജീവിക്കേണ്ടത്? ‘‘ ഒരു പാട്ടിന്റെ ഈണത്തിലലിയാൻ തുടങ്ങവേ ഡെൽസി ചിരിയീണമായി.