Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിഗാനങ്ങളുടെ സ്വന്തം പാട്ടുകാരൻ

k-g-marcose-christmas

കെ.ജി. മാർക്കോസ് ഒരു കാലത്തെ സംഗീതശൈലിയുടെ പേരായിരുന്നു. യേശുദാസിന്റെ ശബ്ദവും ശൈലിയും അനുകരിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചെങ്കിലും ഒരു കാലഘട്ടത്തിന്റെ ശബ്ദത്തിനോടും സംഗീതത്തിനോടുമുള്ള മോഹം കൊണ്ടു മാത്രമാണ് അനുകരിക്കാൻ താൻ ശീലിച്ചതെന്നു മാർക്കോസ് എപ്പോഴും പറയാറുണ്ട്. മാർക്കോസിന്റെ പാട്ടുകൾ എന്നു പറയുമ്പോൾ ഓർമകളിൽ എപ്പോഴുമുണ്ട് ആ ഗാനം- ‘ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം...’. ഇന്നും ക്രിസ്മസ് എന്നു പറഞ്ഞാൽ മനസ്സ് ആദ്യം മൂളുന്ന പാട്ടുകളിലൊന്നാണിത്. മാര്‍ക്കോസിന് ദൈവം കൊടുത്തൊരു സമ്മാനമാണീ പാട്ട്. ആ ഗീതത്തെക്കുറിച്ചും തന്റെ പാട്ടുവഴികളെക്കുറിച്ചും കെ.ജി. മാർക്കോസ് സംസാരിക്കുന്നു.

സംഗീതലോകത്തേക്ക്... 

കുട്ടിക്കാലം മുതൽ തന്നെ പാടാൻ താല്പര്യമുണ്ടായിരുന്നു. എട്ടു വയസ്സു മുതലൊക്കെ അടച്ചിട്ട മുറിയുടെ മൂലയ്ക്കിരുന്നു പാടും. വീട്ടിൽ വലിയ പാട്ടുകാരുണ്ടോ എന്നു ചോദിച്ചാൽ ഇല്ല, പക്ഷേ പിതാവിന്റെ അമ്മ നന്നായി പാടുമായിരുന്നു, ഒരുപക്ഷേ ആ സംഗീതമാകും എനിക്കും കിട്ടിയിട്ടുണ്ടാവുക. എന്നാൽ അന്നും ഇന്നും മത്സരങ്ങളിലൊന്നും പങ്കെടുക്കാറില്ല. ഒൻപതാം ക്ലാസ്സിലെത്തിയപ്പോഴേക്കും ഞാൻ പാടും എന്നറിയാവുന്ന സുഹൃത്തുക്കൾ നിർബന്ധിച്ചു പാടിപ്പിക്കാൻ തുടങ്ങി. എന്നാലും ക്ലാസ്സ് മുറിക്കുള്ളിൽ മാത്രമായിരുന്നു എന്റെ പാട്ട്. അന്ന് എന്റെ ക്ലാസ്സിലാണ് നവോദയ അപ്പച്ചന്റെ മകൻ പഠിച്ചിരുന്നത്. അവരൊക്കെ അന്നും നന്നായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പിന്നീട് അച്ഛനു കൊല്ലത്ത് ഡോക്ടറായി ജോലി കിട്ടിയതോടെ അങ്ങോട്ടേക്കു പോയി. അവിടെയായിരുന്നു കോളജ് പഠനം. 1972 ലായിരുന്നു അതൊക്കെ. അവിടെ ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത വീട്ടിൽ അന്ന് യേശുദാസ് സ്ഥിരമായി വരാറുണ്ടായിരുന്നു. ഞാൻ അവിടെപ്പോയി പാട്ടു പാടി അദ്ദേഹത്തെ കേൾപ്പിക്കും. ശബ്ദത്തെ കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ ദാസേട്ടൻ പറയുമായിരുന്നു. പാട്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്നൊരിക്കൽ അദ്ദേഹത്തിന്റെ ഒരു പരിപാടിക്ക് ഒപ്പം പോകാനും കഴിഞ്ഞു. അന്ന് ദാസേട്ടനു താടിയൊന്നുമില്ല, പക്ഷേ വെള്ള കുർത്ത ഒക്കെ ധരിച്ച് നല്ല ഭംഗിയാണ്. അവിടെച്ചെന്നപ്പോൾ അദ്ദേഹത്തിനു ചുറ്റും നിരവധിയാളുകൾ. അദ്ദേഹത്തെ തൊടുന്നു, സംസാരിക്കുന്നു, ആരാധിക്കുന്നു.... അതോടെ ഞാൻ തീരുമാനിച്ചു, എനിക്കും ഇതുപോലെ പാട്ടുകാരനായാൽ മതിയെന്ന്. 

പിന്നെ 1998 മുതലാണ് പ്രോഗ്രാമുകൾക്കു പോയിത്തുടങ്ങിയത്. അച്ഛനെ നിർബന്ധിച്ച് സംഗീത പഠനമൊക്കെ ഞാൻ തുടങ്ങിയിരുന്നു. മാസം മുപ്പത് -മുപ്പത്തിയഞ്ച് പ്രോഗ്രാമുകൾ വരെ ചെയ്യാൻ ആ സമയത്തു തുടങ്ങിയിരുന്നു. അപ്പോഴാണ് ഒരിക്കൽ കോട്ടയം ബിസിഎം കോളേജിൽ വച്ച് ഒരു പരിപാടിയിൽ പങ്കെടുത്തത്. അതുകാണാൻ സെഞ്ചുറി ഫിലിംസിലെ കൊച്ചുമോന്റെ അമ്മയും എന്റെ കുറെ ബന്ധുക്കളും ഒക്കെയുണ്ടായിരുന്നു. പാട്ടു പാടിക്കഴിഞ്ഞ ശേഷം കൊച്ചുമോന്റെ അമ്മ വന്ന് സിനിമയിൽ പാടുന്നതിനെക്കുറിച്ചൊക്കെ ചോദിച്ചു. അതെന്റെ സ്വപ്നമായിരുന്നു, പക്ഷേ നടക്കുമെന്നു വിചാരിച്ചതേയില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ സെഞ്ചുറിയുടെ ഓഫിസിൽ എത്തണമെന്ന അറിയിച്ച് ചെന്നൈയിൽനിന്ന് ഒരു ഫോൺ കോൾ വന്നു.

അവിടെ ചെന്നപ്പോൾ ജോൺസൺ മാഷിന്റെ മുൻപിലാണ് പാട്ട് പാടാൻ അവസരം ലഭിച്ചത്. പാടിക്കഴിഞ്ഞപ്പോൾ ആശങ്കയുണ്ടായിരുന്നു. പക്ഷേ ജോൺസൺ മാഷിനു പാട്ട് ഇഷ്ടപ്പെട്ടെന്നു കൊച്ചുമോൻ പറഞ്ഞു. കൊല്ലം കോളജിൽ ബാലചന്ദ്രമേനോൻ എന്റെ സീനിയറായിരുന്നു. അവിടെ കോളജിലെ ആർട്ട് പ്രോഗ്രാം മുഴുവൻ അദ്ദേഹമാണ് കോഓർഡിനേറ്റ് ചെയ്യുന്നത്. അന്നേ അദ്ദേഹം മിടുക്കനാണ്. പിന്നീട് അദ്ദേഹം സിനിമ എടുത്തപ്പോൾ ആ സിനിമയിൽ പാടിക്കൊണ്ടാണ് ഞാൻ സിനിമാ ലോകത്തേക്കു കടന്നത്. കേൾക്കാത്ത ശബ്ദം എന്നായിരുന്നു സിനിമയുടെ പേര്. പിന്നീട് രതിലയം, കൂലി തുടങ്ങി കുറെ ചിത്രങ്ങൾ... 

ഭക്തിഗാനങ്ങളിലേയ്ക്ക്..

1982 മുതൽ തന്നെ സിനിമാ ഗാനങ്ങൾക്കൊപ്പം കസറ്റുകൾക്കു വേണ്ടിയും പാടിയിരുന്നു. യേശുദാസിനെ പോലെ പാടുന്ന ഒരാൾ കൊല്ലത്തുണ്ട് എന്നാണ് അന്നു നമ്മുടെ വിശേഷണം. ചെന്നൈയിൽ തരംഗിണിയാണുള്ളത്. അവർക്കു വേണ്ടി ആദ്യമായി കസറ്റിൽ പാടി. അത് സിനിമയുടെ ടൈറ്റിലിലായിരുന്നെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. അന്ന് കസറ്റിലാണെങ്കിലും പാട്ടുകളുടെ പിന്നണിയിൽ അധികം ഉപകരണങ്ങളില്ല. 1980 കളിലാണ് കുറച്ച് കൂടി ഇൻസ്ട്രുമെന്റ്സും കീബോർഡും സാക്സഫോണും ഒക്കെ എത്തുന്നത്. അതുവരെ മോണോ രീതിയിൽ പാട്ടുകൾ കേട്ടിരുന്നത് സ്റ്റീരിയോ ടൈപ്പ് ശബ്ദത്തിലേക്കു മാറി. അതൊരു തരത്തിൽ കേൾവിക്കാർക്ക് കൗതുകമായിരുന്നു. ഒരു വശത്തുനിന്ന് പാടുന്ന ആളുടെ ശബ്ദവും മറുവശത്തു നിന്ന് ഉപകരണത്തിന്റെ ഒച്ചയും ആണ് വരുന്നതെന്നാണ് ഒരുകാലത്ത് കേൾവിക്കാർ സ്റ്റീരിയോ ടൈപ്പ് എന്നാൽ കരുതിപ്പോന്നത്, അതിന്റെ കൗതുകം നിലനിർത്തിക്കൊണ്ടു തന്നെ സംഭവം നല്ല ഹിറ്റായി. പിന്നീട് അതിലാണ് പാട്ടുകൾ ഇറങ്ങിയതും. മാത്രമല്ല ആ സമയത്ത് ഗൾഫിൽ നിന്ന് വരുന്നവരൊക്കെ സ്റ്റീരിയോ ടേപ്പ് റെക്കോർഡറുകൾ കൊണ്ടുവന്നതും അതിനെ ജനപ്രിയമാക്കി. അക്കാലത്ത് കെപിഎസി ദാസേട്ടനെ കൊണ്ടും ആന്റോയെ കൊണ്ടുമൊക്കെ പാടിച്ച മോണോ രീതിയിലുള്ള പാട്ടുകൾ ഞാൻ സ്റ്റീരിയോ ടൈപ്പ് ആക്കി പാടി കാസറ്റിലാക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. വടക്കൻ പാട്ടുകൾക്കും പ്രാധാന്യമുള്ള സമയമാണ്. ആ സമയത്താണ് പുത്തൂരംപുത്രി എന്ന കസറ്റ് ചെയ്യുന്നതും. അന്ന് തരംഗിണിക്കു ബദലായി രഞ്ജിനി എന്ന കസറ്റ് കമ്പനിയുണ്ട്, തരംഗിണിയും രഞ്ജിനിയും തമ്മിൽ അക്കാലത്ത് ആരോഗ്യകരമായ ഒരു മത്സരവും ഉണ്ടായിരുന്നു. ഞാൻ രഞ്ജിനിയ്ക്കു വേണ്ടിയാണ് പാടിയിരുന്നത്. തരംഗിണി ഒരു ഭക്തിഗാനം ചെയ്യുമ്പോൾ രഞ്ജിനിയും ചെയ്യും. 82 മുതൽ തന്നെ ക്രിസ്തീയ ഭക്തിഗാനങ്ങളും കാസറ്റിൽ പാടുന്നുണ്ടായിരുന്നു. 

"ഈ യാത്രയിൽ വഴി കാട്ടുവാൻ...", സാഗരങ്ങളേ ശാന്തമാക്കിയോൻ...", ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട്...", "ജീവിതത്തോണി തുഴഞ്ഞു തുഴഞ്ഞു..." എന്നീ ഗാനങ്ങൾ ആ സമയത്ത് പുറത്തിറങ്ങിയ ഹിറ്റുകളായിരുന്നു. 

ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം...

ഞാൻ പാടിയതിൽ വച്ച് ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇന്നും കേൾക്കപ്പെടുന്നതുമായ ഒരു ഗാനം "ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം...." ആണ്. വല്ലപ്പോഴും ഉണ്ടാകുന്ന ഒരു നന്മ, അല്ലെങ്കിൽ ഒരു മാസ്റ്റർ പീസ് എന്നൊക്കെ പറയുന്നത് പോലെയാകണം ആ ഗാനം ഉണ്ടായത്. അന്നത് പാടുമ്പോൾ ഇത്രയയധികം അത് കേൾക്കപ്പെടുമെന്നു വിചാരിച്ചിരുന്നതല്ല. ബേബി ജോൺ കലയന്താനിയുടെ വരികൾക്ക് പീറ്റർ ചേരാനല്ലൂരാണ് സംഗീതം നൽകിയത്. അന്നുവരെ മാനുവൽ ആയി ഡ്രം ഉപയോഗിച്ച് ചെയ്തിരുന്നത് ഈ ഗാനം മുതൽ റിഥം കമ്പോസറിലാണ് ചെയ്തത്. അന്നൊക്കെ അത് വളരെ വലിയ കൗതുകമാണ്. ഇന്നിപ്പോൾ അതിന്റെ ഏറ്റവും പുതിയ വേർഷൻ വരെ ഇറങ്ങിയിരിക്കുന്നു. അതിന്റെ ഇൻട്രോ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു, ഒരു തരം പ്രത്യേക ബീജിഎമ്മിലാണു അത് ചെയ്തത്. പാട്ടു പുറത്തിറങ്ങി രണ്ടോ മൂന്നോ മാസത്തിനു ശേഷമാണ് അത് ശ്രദ്ധിക്കപ്പെടുന്നത്. ആ ഗാനത്തിൽ യേശുവിന്റെ ജനനം മുതൽ അദ്ദേഹത്തിന്റെ അദ്‌ഭുതങ്ങളും കുരിശാരോഹണവും വരെ പന്ത്രണ്ടു വരികളിലായി കുറിക്കപ്പെട്ടിരിക്കുന്നു. പിന്നീട് അതിന്റെ തമിഴ്, ഒറിയ, തെലുങ്ക് പതിപ്പുകളിറങ്ങി. ഇപ്പോഴും അതിന്റെ സിഡികൾ വിറ്റു പോകുന്നുണ്ട് എന്നതാണ് ആ ഗാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. യൂട്യൂബിലൊക്കെ നല്ല ഹിറ്റായ ഗാനവുമാണത്. ഇപ്പോഴും ഗാനമേളകൾക്കു പോകുമ്പോൾ അത് മുസ്‌ലിം പള്ളികളിലാണെങ്കിലും ക്ഷേത്രങ്ങളിലാണെങ്കിലും ഇസ്രായേലിൻ നാഥനായി എന്ന ഗാനം പാടാൻ ആവശ്യപ്പെടാറുണ്ട്. അത് ഒരുപാടു സന്തോഷം തരുന്നുണ്ട്.

മതമില്ലാത്ത പാട്ടുകൾ

എല്ലാ തരത്തിലുമുള്ള ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്. ഏതാണ്ട് 1995 വരെ എല്ലാ മതങ്ങളുടെയും ഭക്തിഗാനങ്ങൾ പാടിയിരുന്നു. എന്നാൽ പിന്നീട് അഹിന്ദു ആയ ഒരാൾ ഹിന്ദു ഭക്തിഗാനം പാടുന്നുവെന്ന പ്രശ്നം പലയിടങ്ങളിൽ നിന്നായി കേൾക്കേണ്ടി വന്നു. അതോടെ ഹിന്ദു ഭക്തിഗാനങ്ങൾക്കു വിളിക്കാതെയായി, അങ്ങനെ അത് കുറഞ്ഞു. അതുവരെ എല്ലാ വർഷവും മുടങ്ങാതെ ഒരു അയ്യപ്പ ഭക്തിഗാനം പുറത്തിറക്കാറുണ്ടായിരുന്നു. അഞ്ചു വർഷം മുൻപ് രവീന്ദ്രൻ മാഷിന്റെ "ശ്രീഭൂതം" എന്ന ആൽബത്തിന് വേണ്ടിയാണ് അവസാനമായി ഹിന്ദു ഭക്തിഗാനം പാടുന്നത്.  പക്ഷേ മാപ്പിളപ്പാട്ടുകൾ അന്നും ഇപ്പോഴും പാടാറുണ്ട്. അക്ഷരശുദ്ധിയോടെ പാടുന്നതുകൊണ്ടാകും ഒരുപാട് ആശംസകൾ അതിന്റെ പേരിൽ ലഭിച്ചിട്ടുണ്ട്. 38 വർഷമായി സംഗീതത്തിന്റെ ലോകത്തെത്തിയിട്ട്. എല്ലാത്തരം പാട്ടുകളും ഞാൻ പാടിയിട്ടുണ്ട്, ഭക്തിയുണ്ട്, ക്ളാസിക്കലുണ്ട്, തമാശപ്പാട്ടുകളുണ്ട്, ഫാസ്റ്റ് പാട്ടുകളുണ്ട്. എന്തുതരം പാട്ടുകളും പാടാൻ ഒരു ഗായകൻ തയ്യാറായിരിക്കണം.

സിനിമയിൽ നിന്നും അകന്നു...

1986 ലാണ് നിരവധി സിനിമകളിലും കസറ്റുകളിലും നിരന്തരം പാടിക്കൊണ്ടിരിക്കുന്ന സമയമാണ്. ആ വർഷം തന്നെ അഞ്ച് ദുബായ് പ്രോഗ്രാമും ഉണ്ടായിരുന്നു. അതിൽ ഒരു പ്രോഗ്രാമിന്റെ സമയത്ത് അവിടെ വച്ച് എനിക്കുൾപ്പെടെ കുറച്ച് ആർട്ടിസ്റ്റുകൾക്ക് ഒരു കാർ അപകടമുണ്ടായി. ഏതാണ്ട് മൂന്നു മാസത്തോളം ഗൾഫുൽ ആശുപത്രിയിൽ കിടന്നു. പിന്നെ ഏഴെട്ടു മാസം നാട്ടിലും... ആ ഒരു വർഷം പിന്നെ പാട്ടുകൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സ്വാഭാവികമായും ആ ഇടവേളയിൽ വേണുഗോപാല്‍ ഉൾപ്പെടെയുള്ള പുതിയ നിരവധി പാട്ടുകാർ രംഗത്ത് വരുകയും ചെയ്തു. പിന്നീട് കുറെ നാൾ കസറ്റുകളിൽ മാത്രമായി പാട്ടുകൾ ഒതുങ്ങിപ്പോയി. പിന്നീട് 1991 ലാണ് ഗോഡ്ഫാദറിൽ വീണ്ടും പാടുന്നത്... "മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ..." എന്ന ഗാനം. പിന്നെ ഇടയ്ക്കിടയ്ക്ക് ചില സിനിമാ ഗാനങ്ങൾ... മാന്യന്മാർ, നാടോടി, കാബൂളിവാല എന്നീ സിനിമയിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് വീണ്ടും ഇടവേളകൾ ഉണ്ടായി. പുതിയ ആൾക്കാർ നിരവധി വീണ്ടും വരുകയും പാട്ടിന്റെ ഗതി തന്നെ മാറിപ്പോവുകയും ചെയ്തു. പൂർണമായും കസറ്റുകളിലും സ്റ്റേജ് ഷോകളിലും മാത്രമായി പാട്ടുകൾ പരിമിതപ്പെടുകയായിരുന്നു. പക്ഷേ ഒരു കാര്യമുണ്ട്, അന്നത്തെ പാട്ടുകൾക്കൊക്കെ ശേഷം ദാസേട്ടന്റെ പാട്ടുകളോടൊക്കെ കിടപിടിക്കുന്ന ശേഷിയുള്ള പാട്ടുകളൊന്നും പിന്നീട് ഉണ്ടായതേയില്ല. സംഗീതത്തിലും സിനിമകൾക്ക് പോലും മൂല്യച്യുതി വന്നു. 

പുതിയ സിനിമകൾ.. പാട്ടുകൾ...

പണ്ടൊക്കെ ഒരു നിർമാതാവിനു സ്വന്തമായി ഓഫിസ് ഉണ്ടാകും, കമ്പനിയുണ്ടാകും, നവോദയ, ഉദയ എന്നൊക്കെ പോലെ. ഇന്നത്തെ അവസ്ഥ അതല്ല. കുറച്ചു പണം കയ്യിലുണ്ടെങ്കിൽ പ്രൊഡ്യൂസർ എന്നതു പേര് മാത്രമാണ്. അതുകൊണ്ടുതന്നെ ആരാണെന്നറിയാതെ സ്വകാര്യമായി നമുക്ക് പോയി കാണാനുമാകില്ല. ഇന്ന് നല്ല പാട്ടു വേണമെന്നും ആർക്കും ആഗ്രഹമില്ല. ഒരിക്കൽ ഞാൻ നേരിട്ട് കേട്ടതാണ് ഒരു നിർമാതാവ് പറയുന്നത്, യേശുദാസിനെ വിളിക്കണം എന്ന അഭിപ്രായത്തിന്, അതൊന്നും വേണ്ട, പൈസ കൊടുക്കേണ്ടാത്ത ആരെയെങ്കിലും വിളിച്ചാൽ മതിയെന്ന്. സിനിമയിൽ സംഗീതത്തിന്റെ മൂല്യച്യുതി എപ്പോഴേ ഉറപ്പിച്ചു. ഇപ്പോൾ സിനിമ ആഘോഷിക്കുകയാണ്. കണ്ടു-കേട്ടു-മറന്നു...അത്രേയുള്ളു ഇന്ന് പാട്ട്.  

ക്രിസ്മസ് ആഘോഷങ്ങൾ...

ആഘോഷങ്ങൾ ഒന്നിലും ഉണ്ടാകാറില്ല. പണ്ടുമില്ല, ഇപ്പോഴുമില്ല. കുട്ടിക്കാലത്തൊന്നും അത്ര നല്ല സാമ്പത്തിക അവസ്ഥ അല്ലല്ലോ. എല്ലാവർക്കും ഓരോ പ്രശ്നങ്ങൾ, സാമ്പത്തിക അസമത്വങ്ങൾ, സ്വാഭാവികമായും ആഘോഷങ്ങൾ അന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അത്തരം പ്രശ്നങ്ങൾ ഒക്കെ മാറിയപ്പോൾ കുടുംബമായി, കുട്ടികളായി പ്രാരാബ്ധമായി. പിന്നെ കുട്ടികൾക്കു വേണ്ടി അവരുടേതായ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട് അത്രമാത്രം. പിന്നെ മിക്കപ്പോഴും ക്രിസ്മസുമായി ബന്ധപ്പെട്ട, അല്ലെങ്കിൽ ആഘോഷങ്ങളുമായി ബന്ധപ്പെട്ട റെക്കോർഡിങ്ങുകൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ അവിടെയാകും. നാട്ടിലുണ്ടെങ്കിൽ അമ്മയെയും അപ്പനെയും കാണാൻ പോകും. ഇപ്പോഴും ഇന്ത്യയിലെ പല സംസ്ഥാനങ്ങളെയും എടുത്തു നോക്കിയാൽ അറിയാം, എന്തൊക്കെ ബുദ്ധിമുട്ടുകളാണ്... ഐഎസ് പോലെയുള്ള ഭീകരവാദികൾ എത്ര കുഞ്ഞുങ്ങളെയാണ് കൊന്നൊടുക്കുന്നത്. ക്രിസ്മസ് എന്നാൽ നക്ഷത്രങ്ങൾ കെട്ടിത്തൂക്കുന്നതോ സാന്താക്ലോസ് വരുന്നതോ ഒന്നുമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. പകരം നന്മയും ഐശ്വര്യവും സന്തോഷവും ഉണ്ടാക്കാൻ, അതും എല്ലാവർക്കും ഉണ്ടാക്കാൻ പരിശ്രമിക്കണം. അത് എല്ലാവരിലും ഉണ്ടാകുമ്പോഴാണ് ക്രിസ്മസിന്റെ സന്ദേശം ദൈവികമാകൂ.