Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ സംഗീതത്തിനപ്പുറം സഞ്ചരിച്ച പാട്ടുപറവ

സിനിമാ സംഗീതത്തിനപ്പുറമുള്ള സംഗീത ലോകത്തേക്ക് ചേക്കേറിയവർ. സ്വന്തം മനസിനുള്ളിൽ വിരിഞ്ഞ സംഗീതവുമായി ബാൻഡുകളുമായി ലോകം ചുറ്റുന്ന സംഗീതജ്ഞർ. ഫ്രെയിമുകൾക്കും കഥയുടെ ഭാവത്തിനും അനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന സിനിമാ സംഗീത ലോകത്തേക്കാൾ വിശാലമാണിവരുടേത്. നൂൽക്കെട്ടുകളുടെ ബന്ധനമില്ലാത്ത പാട്ടുപറവകൾ;ദേശാടനക്കിളികൾ. അക്കൂട്ടത്തിലൊരാളാണ് മനോജ് ജോർജ്. വയലിൻ മീട്ടി ഗ്രാമി വരെയെത്തിയ ഈ തൃശൂരുകാരനെ കുറിച്ച് നമ്മളിലെത്ര പേർക്കറിയാം. പോപ്പ് താരം ബ്രയൻ ആഡംസിന്റെ 2001 ലെ ഇന്ത്യൻ പര്യടനത്തിനിടെ ആഡംസിനെ ഞെട്ടിച്ചൊരു പ്രകടനമുണ്ടായിരുന്നു, അത് മനോജിന്റേതായിരുന്നു. ബാംഗ്ലൂരിലെ ആഡംസ് ഷോ തുടങ്ങുന്നതിന് മുമ്പ് അക്ഷരാർഥത്തിൽ മനോജ് ജോർജും രഘു ദീക്ഷിതും കൂടി വേദിയെ ഇളക്കിമറിക്കുകയായിരുന്നു. ഫോർ സ്ട്രിങ്സ് എന്ന മ്യൂസിക് ബാൻഡുമായി സംഗീത ലോകത്ത് സജീവമായ മനോജ് ജോർ‌ജ് സംസാരിക്കുന്നു..

പള്ളി ക്വയറിൽ വയലിൻ വായന

തൃശൂരിലെ പള്ളി ക്വയറിൽ വയലിൻ വായിക്കുന്നത് കേട്ടപ്പോഴാണ് അതിന്റെ ശബ്ദത്തോട് പ്രണയം തുടങ്ങിയത്. എന്തുകൊണ്ടാണ് അങ്ങനെയെന്നറിയില്ല. വിടാതെ പിന്തുടർന്ന ആ ശബ്ദം ജീവിതത്തിൽ കൂട്ടാകുമെന്ന് കരുതിയില്ല. അപ്പച്ചനോട് പറഞ്ഞപ്പോൾ പൂർണ സമ്മതം. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പഠനം തുടങ്ങിയത്. ലെസ്ലി പീറ്റർ ആയിരുന്നു ആദ്യ ഗുരു. എങ്കിലും അന്നൊന്നും സ്വന്തമായി ഗഹനമായൊരു പഠനം നടത്തിയിരുന്നില്ല.

ആരാണ് ചെക്കോവ്സ്കി?

വെസ്റ്റേണ്‍ ക്ലാസിക്കുകൾ ടിവിയിൽ കേട്ടാണ് പഠിച്ചിരുന്നത്. ടിവിയിൽ കേൾക്കുന്നതിനപ്പുറം മറ്റൊന്നും ചിന്തിച്ചിരുന്നില്ല. കോളെജ് യൂത്ത്ഫെസ്റ്റിവലിൽ ചെക്കോവ്സ്കിയുടെ മ്യൂസിക് വായിച്ച് സമ്മാനം വാങ്ങി നിന്നപ്പോഴാണ് ജഡ്ജമാരിലൊരാൾ ചോദിച്ചത് ചെക്കോവ്സ്കിയുടെ മ്യൂസിക് ആണല്ലോ ഇയാൾ വായിച്ചതെന്ന്. ഞെട്ടിപ്പോയി ഞാൻ. ആരാണ് ചെക്കോവ്സ്കിയെന്നു പോലും എനിക്കറിയില്ലായിരുന്നു.

അപ്പച്ചന്റെ സമ്മതാണ് ഇവിടെ വരെയെത്തിച്ചത്

manoj-george-violin

സംഗീതം ജീവിതമാര്‍ഗമായി തിരഞ്ഞെടുക്കുന്നത് അപരാധമായി കണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഞാൻ ജീവിച്ചത്. ഡിഗ്രി കഴിഞ്ഞ് ഇനിയെന്ത് എന്ന അവസ്ഥയിൽ സംഗീതമാണ് എനിക്കിഷ്ടം എന്നു പറഞ്ഞപ്പോൾ കുടുംബം ഒപ്പം നിന്നു. അപ്പച്ചൻ സമ്മതിച്ചു. ആ പിന്തുണയാണ് ഇവിടെ വരെയെത്തിച്ചത്.

ജാക്സണും..അബ്ബയും

മൈക്കേൽ ജാക്സണെപ്പോലുള്ള ലോക പ്രശസ്ത സംഗീതജ്ഞർ സിനിമാ സംഗീതമല്ല ചെയ്തത്. സ്വന്തമായി സൃഷ്ടിച്ച സംഗീത സൃഷ്ടികളിലൂടെയാണ് ലോകം അവരെ അറിഞ്ഞത്. ഇവിടെയുമുണ്ട് അതുപോലെ ഒരുപാട് ഗായകർ. നമുക്കറിയില്ലെന്നു മാത്രം. സംഗീതത്തിനു പുറകേ പോകുന്നവരിൽ വെറും 20-25 ശതമാനം മാത്രമാണ് സിനിമയിലിടം നേടുന്നത്. ബാക്കിയുള്ളവർ സ്വന്തം ബാൻഡുമായി സ്വന്തം സംഗീതവുമായി പോവുകയാണ് പതിവ്. അങ്ങനെയുള്ളവരിലെത്ര പേരെ പൊതു സമൂഹത്തിനറിയാം. അവരുടെ കഴിവനനുസരിച്ചുള്ള അംഗീകരാവും വേദികളും ഒരിക്കലും അവർക്ക് കിട്ടുന്നില്ലെന്നതാണ് വാസ്തവം.

അന്ധരാഗ്നി വഴി ഗ്രാമിയിലേക്ക്

അന്ധരാഗ്നി എന്ന ബാൻഡിലാണ് ഞാൻ ആദ്യം പ്രവർത്തിച്ചത്. ‍അന്ധരാഗ്നിയുമായി ഞങ്ങൾ പരിപാടികൾ നടത്തിയിരുന്നത് സ്വന്തം സംഗീതവുമായിട്ടായിരുന്നു. പരസ്യങ്ങൾ, ഡോക്യുമെന്ററികൾ, ആൽബങ്ങൾ, കുഞ്ഞു കുഞ്ഞു വിഷ്വലുകൾ എന്നു വേണ്ട സംഗീതത്തിന്റെ സാന്നിധ്യം വേണ്ട എത്രയോ കാര്യങ്ങൾക്കാണ് ഈണമിട്ടത്. സ്വന്തം മനസിൽ ജനിച്ച സംഗീതമായിരുന്നു അത്. രഘു ദീക്ഷിതിനൊപ്പമുള്ള അന്ധരാഗ്നി ദിനങ്ങൾ ജീവിത്തിതലെ ഏറ്റവും നല്ല കാര്യമായിരുന്നു. ഗ്രാമി വേദി വരെയെത്തിച്ചും ഇതു തന്നെയാണ്.

ഗ്രാമിയോ അതെന്ത്?

മ്യൂസിക് ആൽബങ്ങൾക്കാണ് ഗ്രാമി കിട്ടുന്നത്. ഓസ്കറെന്തെന്നും റഹ്മാനും റസൂൽ പൂക്കുട്ടിയും ആരെന്നും ലോകമൊട്ടുക്കറിയാം. പക്ഷേ ഗ്രാമിയെ കുറിച്ചറിയുന്നവർ ചുരുക്കം. ഗ്രാമത്തിൽ നിന്ന് കിട്ടുന്ന അവാർഡാണോ എന്നു പോലും ചോദിച്ചിട്ടുണ്ട് ചിലർ. അവർക്കറിയില്ല ഇതെന്താണെന്ന്. ആരും അറിയാത്തതിൽ പരാതിയില്ല. പക്ഷേ അതിന്റെ പ്രധാന്യം അറിയാതെ പോകുന്നതിൽ വിഷമമുണ്ട്.

മറവത്തൂർ കനവിന്റെ സംഗീതം

മീശമാധവന്റെ നിർമ്മാതാവ് സുധീഷ് സുഹൃത്തായിരുന്നു. സുധീഷായിരുന്നു ഒരു മറവത്തൂർ കനവ് പ്രൊഡ്യൂസ് ചെയ്യാനിരുന്നത്. സംഗീത സംവിധായകനായി എന്നെയും ക്ഷണിച്ചു. കുറേ ട്യൂണൊക്കെ ചെയ്ത് അന്ന് സംവിധായകൻ ലാൽ ജോസിന് അയച്ചുകൊടുത്തിരുന്നു. പിന്നീടെന്തുകൊണ്ടോ സുധീഷിന് ആ ചിത്രം ചെയ്യാനായി‌ല്ല. പ്രൊഡ്യൂസർ മാറിയപ്പോൾ സംഗീത സംവിധായകനും പുറത്തായി. അന്ന് കുറച്ച് വിഷമമുണ്ടായിരുന്നുവെങ്കിലും പിന്നീട് ബാൻഡിന്റെ ലോകത്തായപ്പോൾ അതൊക്കെ മാറി. ഒത്തിരി ആൽബങ്ങൾ ചെയ്തിരുന്നു അക്കാലത്ത്. എന്നെന്നും, ചിങ്ങപ്പെണ്ണിനു കണ്ണെഴുതാൻ അതൊക്കെ ആ സമയത്ത് ചെയ്തതാണ്. സിനിമാ സംഗീതം ചെയ്യാനാകാത്തതിൽ വിഷമമൊന്നുമില്ല.,വളരെ കുറച്ച് സിനിമയേ ചെയ്തിട്ടുള്ളൂ.

സിനിമേതര സംഗീതത്തിന് അവാർഡ് വേണം

എല്ലാവരുടെയും ആഗ്രഹം സിനിമയിൽ സംഗീതം ചെയ്യണം പാടണം എന്നു തന്നെയാണ്. സിനിമ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിനോദവും. പക്ഷേ സിനിമയിലെത്തിച്ചേരുന്നത് വളരെ കുറച്ച് പേർ മാത്രമാണ്. ബാക്കിയുള്ളവർ സ്വന്തം സംഗീതവുമായി പോവുകയാണ് ചെയ്യുന്നത്. നമ്മൾടെ നാട്ടിൽ അവിയൽ പോലുള്ള എത്രയോ ബാൻഡുകൾ ഉണ്ടാകുന്നു. പക്ഷേ ആർക്കും തന്നെ വേണ്ടത്ര അംഗീകാരമോ വേദികളോ കിട്ടുന്നില്ല എന്നതാണ് വാസ്തവം. അവാർഡ് വേണമെന്ന് വാദിക്കുന്നത് വേറൊന്നിനുമല്ല. അങ്ങനൊരു അവാർഡ് കിട്ടുമ്പോഴെങ്കിലും ഇവരെ കുറിച്ച് ആളുകൾ അറിയുമല്ലോ. ശ്രദ്ധിക്കപ്പെടുമല്ലോ എന്നു കരുതിയാണ്.

ഗ്രാമി അവാർഡ് കിട്ടിയപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിനന്ദിക്കാൻ വിളിച്ചിരുന്നു. അന്ന് അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞിരുന്നു. വളരെ പോസിറ്റിവ് ആയാണ് അദ്ദേഹം പ്രതികരിച്ചത്. പിന്നീട് നടന്ന ആദരിക്കൽ ചടങ്ങിൽ സദസിനോടും ഇക്കാര്യം പറഞ്ഞിരുന്നു. കരഘോഷത്തോടെയാണ് അവർ പ്രതികരിച്ചത്. പ്രതീക്ഷയുണ്ട് അങ്ങനെയൊരു അവാർഡ് എത്തുമെന്ന്. അവാർഡ് കൊടുക്കുമെന്ന് മുഖ്യമന്ത്രി അന്ന് പ്രഖ്യാപിച്ചിരുന്നു.

നമുക്കും വേണം നാഷണൽ ലെവൽ ബാൻഡ്

ഇന്ത്യൻ സംഗീതത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുവാൻ നാഷണൽ ബാൻഡെന്ന സംവിധാനത്തിന് കഴിയും. നമുക്ക് അത്തരമൊരെണ്ണമാണ് ആവശ്യം. ബ്രിട്ടണും അമേരിക്കയ്ക്കും ഇസ്രയേലിനുമുള്ളതു പോലെ. അവർ വെസ്റ്റേൺ ക്ലാസിക്കലാണ് ചെയ്യുന്നത്. നമുക്ക് രാഗം അടിസ്ഥാനമാക്കിയ, ഇന്ത്യയുടെ വൈവിധ്യമാർന്ന സംഗീത പാരമ്പര്യത്തെ ഉൾക്കൊള്ളുന്ന ബാൻഡ് ആണ് വേണ്ടത്. അത് നമ്മൾടെ സംഗീതത്തെ കുറിച്ച് ലോകത്തോടു സംവദിക്കും. അതാണ് വേണ്ടത്.

റിയാലിറ്റി ഷോ നല്ലതു തന്നെ പക്ഷേ

ചാനലുകൾ നടത്തുന്ന മ്യൂസിക് റിയാലിറ്റി ഷോകൾ നല്ലതു തന്നെ. അത് ഒട്ടേറെ ഗായകർക്ക് നല്ല വേദിയാണ്. പക്ഷേ ഒരു രാത്രികൊണ്ട് ഒരു വർഷം കൊണ്ട് താരമാക്കിയിട്ട് പിന്നീട് അവർക്കെന്താണ് സംഭവിക്കുന്നതെന്ന് ആരും അറിയുന്നില്ല. ഈ താരങ്ങൾക്കും സിനിമയിൽ പാടണമെന്നാണ് ആഗ്രഹം. പക്ഷേ വളരെ കുറച്ച് പേർക്കു മാത്രമാണ് അത് സാധിക്കുന്നത്. ബാക്കിയുള്ളവർ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണ്. അപ്പോഴും മാധ്യമങ്ങൾ അവർക്കൊപ്പം നിൽക്കണം. നല്ല പ്രോത്സാഹനം നൽകണം. സ്വന്തം സൃഷ്ടികളുമായി സംഗീത ലോകത്ത് തുടരുന്നവർക്കായും വേദികളൊരുക്കണം.

കൈ കാക്കുന്നത് പൊന്നു പോലെ

manoj-grammy.jpg.image.784.410

വയലിനിസ്റ്റിനെ സംബന്ധിച്ച് കൈകളാണല്ലോ ജീവിതം. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചാണ് ഓരോന്നും ചെയ്യുന്നത്.കുക്കിങ് വളരെ ഇഷ്ടമാണ്. പക്ഷേ അതുപോലും ഒഴിവാക്കിയിരിക്കയാണ് ഇപ്പോൾ. ഒരിക്കൽ കറിക്കരിയുന്നതിനിടയിൽ സംഭവിച്ച ചെറിയ മുറിവു പോലും പി‌റ്റേന്ന് ചെയ്ത പരിപാടിയെ ബാധിച്ചു.

ഭാര്യയാണ് വിജയത്തിനു പിന്നിൽ

ഭാര്യ ഉഷയും കുട്ടികളും അടങ്ങുന്ന കുടുംബം ബാംഗ്ലൂരിലാണ്. അപ്പച്ചനും അമ്മച്ചിയും ചേട്ടനും കുടുംബവും തൃശൂരിലുണ്ട്. എന്നെ എങ്ങനെയൊക്കെ ഫ്രീ ആക്കാമോ അതിനുള്ള സാഹചര്യമെല്ലാം ഉഷ ഒരുക്കും. അവളുടെ ആ മനസാണ് വിജയത്തിനു പിന്നിൽ. ഇനിയും അങ്ങനെ തന്നെയാകണമെന്നും ഒത്തിരി നല്ല സംഗീതം ചെയ്യാൻ ഈശ്വരൻ സഹായിക്കട്ടേ എന്നും മാത്രമേ പ്രാർഥിക്കുന്നുള്ളൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.