ഉട്ടോപ്യൻ ഗാനവുമായി ഔസേപ്പച്ചൻ

ഔസേപ്പച്ചൻ

ഈണം എന്ന ചിത്രത്തിലൂടെ പശ്ചാത്തല സംഗീതമൊരുക്കി മലയാള സിനിമാ സംഗീത ലോകത്തേക്ക് കടന്നുവന്ന ഔസേപ്പച്ചൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലധികമായി മലയാള സംഗീതത്തിന്റെ നിറസാന്നിധ്യമാണ്. ഇന്നും കാതിന് കേൾക്കാൻ ഇമ്പമുള്ളതും ശ്രോതാവിന് ആനന്ദം നൽകുന്നതുമായി നിരവധി ഗാനങ്ങളാണ് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങുന്നത്. കമൽ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലെ തീം സോങാണ് ഇപ്പോൾ മലയാള സിനിമാഗാനങ്ങളിൽ താരം. മലയാളികൾക്ക് പരിചിതമായ വാക്കുകൾ വളരെ നാചുറലായി ഉപയോഗിച്ചിരിക്കുന്ന പാട്ടിന്റെ വിശേഷങ്ങൾ ഔസേപ്പച്ചൻ പങ്കിടുന്നു.

ചിത്രം കണ്ട് കമ്പോസ് ചെയ്ത ഗാനം

ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിൽ രണ്ട് ഗാനങ്ങളാണ് മുഖ്യമായും ഉള്ളത്. ഒന്ന് ഗൃഹാതുരത്വമുണർത്തുന്ന ഗാനവും മറ്റൊന്ന് വിജയലക്ഷ്മി പാടിയ ട്രൈബൽ ഗാനവുമാണ്. ഒരു ഗാനം കൂടി വേണമെന്നും അത് സിനിമയുടെ മുഴുവൻ പൾസ് വെളിവാക്കുന്ന തീ സോങായിരിക്കണമെന്നും ചിത്രത്തിന്റെ സംവിധായകൻ കമൽ തന്നെ എന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചിത്രത്തിന്റെ ജോലികളെല്ലാം അവസാനിച്ചിട്ടാകാം ഇതെന്ന് ഞങ്ങൾ തീരുമാനിച്ചു. ഈ ഗാനം ചെയ്യാനായി സിനിമ കാണണമെന്ന് ഞാൻ ആവശ്യപ്പെടുകയും അതനുസരിച്ച് സിനിമാ കാണാൻ കമൽ അവസരമൊരുക്കുകയും ചെയ്യുകയായിരുന്നു. സിനിമ കണ്ടതിന്റെ പ്രചോദനത്തിൽ നിന്നുമുണ്ടായതാണ് ഈ തീം സോങ്.

എവിടെയാ ഈ ഉട്ടോപ്യ

ഉട്ടോപ്യ എന്ന് നമ്മൾ എപ്പോഴും പറയുമെങ്കിലും അങ്ങനെയൊരു സ്ഥലമുള്ളതായി കേട്ടിട്ടില്ല. അത്തരത്തിൽ ഉട്ടോപ്യ എന്ന ഇല്ലാത്ത സ്ഥലത്തെക്കുറിച്ചുള്ള ഇല്ലാത്ത പാട്ടാണ് ഈ ഉട്ടോപ്യൻ ഗാനം. ഇതുവരെ ചെയ്തിട്ടുള്ള ഗാനങ്ങളിൽ നിന്നുമെല്ലാം ഒരു വ്യത്യസ്തത ഉണ്ടാകണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഉട്ടോപ്യ എവിടെയാണെന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും. മുഴുവൻ പടത്തിന്റെ മൂഡ് ഈ പാട്ടിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അതുതന്നെയായിരുന്നു കമലിന്റെയും ആവശ്യം.

പാട്ടിലെ ജിബ്രീഷ് ഭാഷ

ഈ പാട്ടിൽ ജിബ്രീഷ് ഭാഷ ചേരുംപടി ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. ജിബ്രിഷ് എന്നുപറഞ്ഞാൽ ചിലപ്പോൾ എല്ലാവർക്കും മനസ്സിലാകില്ല. അർഥമില്ലാത്ത വാക്കുകൾക്കാണ് ജിബ്രിഷ് എന്നുപറയുന്നത്. പണ്ട് ജഗതി കിന്നാരത്തിൽ ഉപയോഗിച്ചതും പിന്നീട് നേരം എന്ന ചിത്രത്തിൽ പിസ്താ ഗാനത്തിന്റെ രൂപത്തിൽ വന്നതും ജിബ്രിഷ് ആയിരുന്നു. അത്തരത്തിൽ ഒരു പരീക്ഷണം പാട്ടിൽ കൊണ്ടുവന്നതും വിജയിച്ചു.

വിജയലക്ഷ്മിയും ജാസിയും

രണ്ടുപേരും വ്യത്യസ്തമായ ശബ്ദങ്ങൾക്ക് ഉടമകളാണ്. ഒരു ഉട്ടോപ്യൻ ഗാനം ചെയ്യുമ്പോൾ ആത്മാർഥമായി തുറന്നുപാടുന്ന ഒപ്പം നാചുറലായി പാടിയ ആളുകളെ വേണമെന്ന തീരുമാനമുണ്ടായിരുന്നു. ഇതിനുപറ്റിയ രണ്ടുപേരാണ് വിജയലക്ഷ്മിയും ജാസി ഗിഫ്റ്റും. വളരെ ടാലന്റഡ് ആയ ഗായികയാണ് വിജയലക്ഷ്മി. അത് ഈ പാട്ടുകേൾക്കുമ്പോൾ തന്നെ മനസ്സിലാകും. ഇതിൽ വിജയലക്ഷ്മി മികച്ച രീതിയിൽ പലതും ഇംപ്രവൈസ് ചെയ്തിട്ടുണ്ട്. അത് ആ പാട്ടിനെ കൂടുതൽ ഭംഗിയാക്കി. ശാസ്ത്രീയ ടച്ചുള്ള ഭാഗം പാടിയിരിക്കുന്നത് രാഹുലാണ്.

രചയിതാവ് പി എസ് റഫീഖ്

ഈ ഗാനത്തിന്റെ വരികൾ വളരെ പ്രധാനമാണ്. മലയാളികൾക്ക് സുപരിചിതമായ വാക്കുകൾ അതിന്റെ തനിമയോടെ വരികളിൽ നിറഞ്ഞതോടെയാണ് ഗാനം കൂടുതൽ ശ്രദ്ധേയമായത്. ചെന്നിത്തലയും അരുവിക്കരയും പുതുപ്പള്ളിയുമെല്ലാം ഗാനത്തിൽ വന്നുപോകുന്നുണ്ട്. ഒപ്പം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഹിന്ദുസ്ഥാനുമെല്ലാം. പി എസ് റഫീഖ് ആമേൻ എന്ന ചിത്രത്തിന്റെ തിരകഥാകൃത്ത് കൂടിയാണ്. മികച്ച രചനയുടെ കൂട്ട് ഈ തീം സോങിന് കൂടുതൽ ചാരുത നൽകി.

മമ്മൂട്ടിക്കും പാട്ട് രസിച്ചു

ഇതിന്റെ വിഡിയോ ഷൂട്ടുചെയ്യുമ്പോൾ മമ്മൂട്ടിയെയും സ്റ്റുഡിയോയിൽ ക്ഷണിച്ചിരുന്നു. അദ്ദേഹവും പാട്ട് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. നല്ല അഭിപ്രായമാണ് പറഞ്ഞത്. പാട്ടുകേട്ട് താളം പിടിക്കുകയും കൂടെ പാടി അതിന്റെ ഭാഗമാകാനുമൊക്കെ അദ്ദേഹം ശ്രമിച്ചിരുന്നു. എന്തായാലും ഈ പാട്ട് നൽകുന്ന ഒരു വികാരം തന്നെയാകും സിനിമയ്ക്കും ഉണ്ടാകുക. തനിമയുള്ള തമാശ നിറഞ്ഞ ഒരു സിനിമയായി പ്രേക്ഷകർ ഇത് ഏറ്റെടുക്കുമെന്നതിൽ സംശയമില്ല.