മലയാളത്തിലുള്ളത് പ്രതിഭയുളള ഗായകർ

ടഗോർ സംഗീതത്തിലൂടെ സത്യജിത് റായ് ചലച്ചിത്രങ്ങളിലൂടെ ബംഗാളിന്റെ കലാലോകത്തെ നമ്മളേറെ അറിഞ്ഞതാണ്. ആ ക്ലാസിക് ശേഖരങ്ങളുടെ സ്വാധീനം മലയാളിയുടെ കലാസംസ്കാരത്തെ ഏറെ സ്വാധീനിക്കുന്നുമുണ്ട്. ആ ബംഗാൾ ഏറ്റവും ഒടുവിലായി മലയാളത്തിന് തന്ന സമ്മാനമാണ് ശ്രേയാ ഘോഷാൽ. ബംഗാളിനോടുള്ള ഇഷ്ടം പോലെ ശ്രേയയേയും നമ്മളങ്ങനെ ചേർത്തുനിർത്തുകയാണ്. ആ ഒരിഷ്ടത്തിന്റെ തീവ്രതയെത്രറിഞ്ഞ വേദികളിലൊന്നായിരുന്നു മനോരമ ഓണ്‍ലൈൻ സംഘടിപ്പിച്ച ജയരാഗങ്ങളുടേത്. എം ജയചന്ദ്രനെ ആദരിക്കുവാൻ മനോരമ ഓൺലൈൻ സംഘടിപ്പിച്ച ജയരാഗങ്ങളിലെ മുഖ്യ ആകർകങ്ങളിലൊന്നും ഈ ബംഗാളി ശബ്ദ വിസ്മയമായിരുന്നു.

ശ്രേയയ്ക്കും ഒരുപാട് കൗതുകമുണ്ടായിരുന്നു ജയരാഗങ്ങളെന്ന വേദിയെ കുറിച്ച്. ഞാനെന്റെ ഹൃദയത്തോടു ചേർത്ത് നിർത്തിയിരിക്കുന്നവരിലൊരാളാണ് ജയചന്ദ്രൻജി. ഒരു ഗായികയെന്ന നിലയിൽ അദ്ദേഹത്തിന്റെ കുറച്ച് പാട്ടുകളെങ്കിലും പാടുവാൻ കഴിഞ്ഞത് എനിക്കു കിട്ടിയ ഏറ്റവും നല്ല അവസരങ്ങളുമാണ്. പാട്ടിനെ കുറിച്ച് അപാര പാണ്ഡിത്യമുള്ള സംവിധായകനാണ് അദ്ദേഹം. ഒരു പാട്ടിനു വേണ്ടതെല്ലാം വേണ്ടിടത്ത് കൃത്യമായി കൂട്ടിച്ചേർക്കുവാൻ അദ്ദേഹത്തിന് അസാധ്യ കഴിവാണ്. ശ്രേയ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.

എം ജയചന്ദ്രന്റെ പാട്ടുകളിലൂടെയാണ് ശ്രേയാ ഘോഷാലിന്റെ ശബ്ദം നമ്മളേറെ കേൾക്കുന്നത്. മലയാള സംഗീതത്തെ കുറിച്ചും പാട്ടുകാരെ കുറിച്ചും ശ്രേയയ്ക്ക് പറയാനുള്ളത് നല്ലതു മാത്രം. ഒരുപാട് നല്ല ശബ്ദമുള്ള പ്രതിഭയുളള ഗായകർ മലയാളത്തിന് സ്വന്തമായുണ്ട്. എല്ലാത്തിനും ഉപരിയായി സംഗീത സംവിധാന രംഗവും ഏറെ പുതുമയുള്ളത്. ശ്രേയാ ഘോഷാൽ മനസു തുറന്നു. ജയചന്ദ്രന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടേതെന്ന് ചോദിച്ചപ്പോൾ പെട്ടെന്നു തന്നെ ഉത്തരം വന്നു. അത് കുഴപ്പിക്കുന്ന ചോദ്യമാണ്. അങ്ങനെ പറയാനാകില്ല. അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും ഞാനെന്റെ മനസിനോട് അത്രയും ചേർത്തുവച്ചിരിക്കുകയാണ്. ശ്രേയ പറഞ്ഞു.

അന്യഭാഷകളിൽ നിന്ന് മലയാളത്തിന്റെ പാട്ടുകൾ പാടാനെത്തി നമ്മുടെ മനസുകളിലേക്ക് ചേക്കേറിയ ഒരുപാട് ഗായികമാരുണ്ട്, പക്ഷേ ശ്രേയാ ഘോഷാലിനെ വ്യത്യസ്തമാക്കുന്നതെന്തെന്ന് ചോദിച്ചാൽ മലയാളം വാക്കുകളോടുള്ള ശ്രേയയുടെ അടുപ്പമാണ് അതിനു കാരണമെന്നു പറയാം. നമ്മെ പോലും അതിശയിപ്പിക്കുന്ന അക്ഷര സ്ഫുടതയോടെയാണ് അവർ പാടുന്നത്. പാട്ടിലെ ഓരോ വാക്കിന്റെയും ഉള്ളു വയിച്ചറിഞ്ഞാണ് ശ്രേയ അതിനു ശബ്ദമാകുന്നത്. പതിനാറാം വയസിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയതും മെലഡികളുടെ രാജകുമാരിയെന്ന പേരു ചാർത്തിക്കിട്ടിയതും അതുകൊണ്ടു തന്നെ. സഞ്ജയ് ലീലാ ബൻസാലി ചിത്രത്തിലൂടെയാണ് ശ്രേയയുടെ ശബ്ദം ആദ്യമായി രാജ്യം കേൾക്കുന്നത്. ദേവദാസിലെ ഡോലാ രേ എന്ന പ്രശസ്തമായ ഗാനത്തിലൂടെ ശ്രേയ ജനമനസുകളിലേക്ക് ചുവടുവച്ചു. ഇപ്പോഴും ആ ചുവടുവയ്പ്പുകൾക്കായി നമ്മളങ്ങനെ കാതോർത്തിരിക്കുന്നു.