അയ്യപ്പനെ കാണാനല്ലേ തടസമുള്ളൂ, പാടാനില്ലല്ലോ?

ഒരു സ്ത്രീ ശബരിമലയിൽ പോവണമെന്നാഗ്രഹിച്ചിട്ട് കാര്യമുണ്ടോ? ബാല്യത്തിലോ വാർധക്യത്തിലോ അല്ലാതെ അവൾക്ക് അയ്യപ്പദർശനം സാധ്യമാകില്ല. എന്നാൽ അവൾ അയ്യനെ ഭജിക്കരുതെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? ഇൗ ഒരു സങ്കൽപത്തിൽ നിന്നാണ് 'അയ്യനായി'എന്ന അയ്യപ്പഭക്തി ഗാനങ്ങൾ പിറന്നത്. ഇതുവരെ പുരുഷന്മാരുടെ മാത്രം അവകാശമായിരുന്ന അയപ്പഭക്തി ഗാനങ്ങളിലേക്ക് ഒരു സ്ത്രീ ശബ്ദം എത്തുകയാണ്.

സ്ത്രീകൾക്ക് പ്രവേശനമില്ലാത്തിടത്തോളം കാലം സ്ത്രീക്ക് അയ്യപ്പഭക്തി ഗാനം പാടാനാവില്ലെന്നു കരുതിയ സ്ഥലത്ത് റേഡിയോ ജോക്കിയായ സുമേഷ് ചുങ്കപ്പാറ എന്ന ചെറുപ്പക്കാരനും കൂട്ടുകാരും ചേർന്ന് മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. ഗായിക ചന്ദ്രലേഖയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'അയ്യനായി' എന്ന കാസ്റ്റിലാണ് ഇൗ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് സുമേഷ് മനോരമ ഒാൺലൈനോട് പറയുന്നു.

എന്തുകൊണ്ടാണ് ഇത്തരമൊരു ഗാനം?

ഇതുവരെ അയ്യപ്പഭക്തി ഗാനങ്ങൾ പുരുഷ ശബ്ദത്തിലും പെൺകുട്ടികളുടെ ശബ്ദത്തിലും മാത്രമേ വന്നിട്ടുള്ളൂ. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമില്ലാത്തതുകൊണ്ടു തന്നെ സ്ത്രീ ശബ്ദത്തിൽ പാടിക്കാനും ആളുകൾ ഭയന്നിരുന്നു. അതിൽ നിന്നൊരു മാറ്റമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ആദ്യം കാസറ്റിൽ സ്ത്രീ ശബ്ദത്തിൽ സരസ്വതി സ്തുതിയാണ് പാടിക്കാൻ ആണ് ഉദ്ദേശിച്ചത്. പിന്നീടാണ് അയ്യപ്പഭക്തഗാനത്തിൽ സരസ്വതി സ്തുതിയുടെ ആവശ്യമില്ലല്ലോ എന്ന് ഞങ്ങൾക്ക് തോന്നിയത്. അങ്ങനെയാണ് എന്തുകൊണ്ട് ഒരു സ്ത്രീക്ക് അയ്യപ്പഭക്തിഗാനം പാടിക്കൂട എന്ന് ചിന്തിച്ചു തുടങ്ങിയത്.

ഇങ്ങനെയൊരു സംരഭത്തിന് എതിർപ്പുണ്ടായിരുന്നില്ലേ?

ഞങ്ങൾ വിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്നില്ല. സ്ത്രീ അയ്യപ്പനെ പ്രാർഥിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. ആ അവകാശമാണ് ഉപയോഗിക്കുന്നത്. ശബരിമലയിൽ പോകാനുള്ള ഒരു സ്ത്രീയുടെ അടങ്ങാത്ത ആഗ്രഹമാണ് ഇൗ ഗാനത്തിലൂടെ കാണിക്കുന്നത്. ഭർത്താവും മക്കളും അച്ഛനും അമ്മയുമെല്ലാവരും കൂടി മലയിലേക്ക് പോകുമ്പോൾ വീട്ടിൽ തനിച്ചാവുന്ന ഒരു അമ്മയുടെ അവസ്ഥ. ഒരുപാട് ആഗ്രഹമുണ്ടെങ്കിലും അയ്യനെ ഒരു നോക്ക് കാണാൻ കഴിയാതെ വരുന്ന ഒരു അയപ്പ ഭക്തയുടെ ആഗ്രഹമാണ് ഗാനത്തിൽ കാണിക്കുന്നത്. ചന്ദ്രലേഖ ചേച്ചിയാണ് ഗാനം ആലപിക്കുന്നത്.

എന്തുകൊണ്ടാണ് പാടാൻ ചന്ദ്രലേഖയെ തിരഞ്ഞെടുത്തത്?

ഒരു സാധാരണക്കാരിയെക്കൊണ്ട് പാടിക്കണമെന്നായിരുന്നു ആഗ്രഹം. ചേച്ചിയെ നേരത്തെ അറിയാം. പാട്ടിനെക്കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം വന്നത് ചന്ദ്രലേഖ ചേച്ചിയുടെ മുഖമാണ്. ഇൗ പാട്ട് ചിത്രീകരിക്കുന്നുമുണ്ട്. ഒാഡിയോ കാസറ്റിറങ്ങി. ചേച്ചി തന്നെയാണ് ഗാനത്തിൽ പാടി അഭിനയിക്കുന്നതും. ചേച്ചി പറഞ്ഞിട്ടുണ്ട് കുടുംബത്തിൽ എല്ലാവരും മലയ്ക്കു പോകുമ്പോൾ ഇത്തരമൊരവസ്ഥ ചേച്ചിയും അനുഭവിച്ചിട്ടുണ്ടെന്ന്.

സംഗീത സംവിധാനം ആരാണ്?

സ്റ്റാർ സിംങർ വിജയി അരുൺരാജ് കണ്ണൂരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അയ്യനായി എന്നാണ് കാസറ്റിന്റെ പേര്. ഇതിൽ ഒരുപാട് ഗാനങ്ങളുണ്ട്. ഉണ്ണിമേനോനും അരുൺരാജും വിഷ്ണുരാജുമെല്ലാം ഗാനം ആലപിച്ചിട്ടുണ്ട്. പക്ഷേ, ചിത്രീകരിക്കുന്നത് ഇൗ ഒരു ഗാനം മാത്രമാണ്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഞാനാണ്. ട്രാവൻകൂർ ആർട്സ് ആന്റ് കൾച്ചറൽ സൊസൈറ്റിയാണ് ഇൗ കാസറ്റിനു പിന്നിൽ പ്രവർത്തിച്ചത്.

**ഒരു നോക്കു കണ്ടെൊരു ഒാർമയെൻ ഉള്ളിലായി ഒരുനാളും മായതെ മിന്നിനിൽപൂ..

ഒരു നാളുമിനിയാ സവിധത്തിലണയുവാൻ ഒരുപാടു നാളായി കാത്തുനിൽപൂ... ഇതാണ് ഗാനത്തിന്റെ പല്ലവി.

സ്ത്രീ പാടി അഭിനയിക്കുന്നതു കൊണ്ടു തന്നെ ഇൗ ഗാനത്തിന്റെ സാധ്യത മാർക്കറ്റു ചെയ്യാനായി ഒരു പാട് ആളുകൾ സമീപിച്ചിരുന്നു. എന്നാൽ അത് വേണ്ട നമ്മൾ തന്നെ ചിത്രീകരണവും നടത്തിയേക്കാം എന്നു തീരുമാനിക്കുകയായിരുന്നു. അതിനുശേഷമേ ഗാനംയൂട്യൂബിൽ അപ് ലോഡ് ചെയ്യുകയുള്ളൂ.