രഞ്ജിനിയ്ക്ക് സംഭാവനയായി തെരുവുനായ്ക്കള്‍

മനുഷ്യ ജീവന് ഭീഷണി ഉണർത്തുന്ന തെരുവുപട്ടികളെ പിന്തുയ്ക്കുന്ന രഞ്ജിനി ഹരിദാസിന്റെയും കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെയും വീട്ടിലെത്തി പട്ടിപ്പാട്ട് നടത്തുമെന്ന് പ്രഖ്യാപിച്ച കലാകാരനാണ് തൃശൂർ നസീർ. തുടർച്ചയായി 40 മണിക്കൂർ മിമിക്രിയും 101 മണിക്കൂർ മൗത്ത് ഓർഗനും വായിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ കലാകാരൻ ഈ വിഷയത്തെ വളരെ വൈകാരികമായി തന്നെയാണ് സമീപിച്ചിരിക്കുന്നത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പിഞ്ചുകുട്ടികൾക്കടക്കം പരിക്കേറ്റത് കണ്ടു മനംനൊന്താണ് ഇത്തരത്തിൽ ഒരു പ്രതിഷേധത്തിന് ഗായകൻ തയ്യാറെടുക്കുന്നത്. കോഴിക്കോട് നിയോജക മണ്ഡലത്തിൽ തേങ്ങാ ചിഹ്നത്തിൽ പാർലമെന്റിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. തെരുവുനായ വിഷയത്തിൽ ഇത്രയും പ്രകോപനകരമായ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് മനോരമ ഓൺലൈനിനോട് പ്രതികരിക്കുന്നു.

രഞ്ജിനിയോട് വ്യക്തിവിരോധമില്ല

രഞ്ജിനി ഹരിദാസിനോട് എനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. രഞ്ജിനി നല്ലൊരു കലാകാരിയാണ്. മികച്ചൊരു അവതാരകയാണെന്ന് തെളിയിച്ച വ്യക്തിയാണ്. സാമൂഹികകാര്യങ്ങൾ അവർ ഇടപെടുന്നത് കൊണ്ട് എനിക്ക് യാതൊരു വിരോധവുമില്ല. എന്നാൽ എന്തിനാണ് ഭൂരിപക്ഷം ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നഒരു വിഷയത്തിൽ എതിർ നിലപാട് സ്വീകരിക്കുന്നതെന്നാണ് എന്റെ വിഷമം. എത്രകുട്ടികളെയാണ് തെരുവ് നായ്ക്കൽ ആക്രമിച്ച് പരുക്കേൽപ്പിക്കുന്നത്. ഈ തെരുവുനായ വിഷയത്തിൽ സർക്കാറിന് ശക്തമായ നടപടിയെടുക്കാൻ കഴിയാത്തത് രഞ്ജിനി ഹരിദാസ് അടക്കമുള്ള ചിലരുടെ പ്രതിഷേധം കാരണമാണ്. ഈ കുട്ടി എന്തിനാണ് നാട്ടുകാരുടെ മുഴുവൻ ശാപം ഏറ്റുവാങ്ങുന്നതെന്ന് എനിക്ക് അറിയില്ല.

രഞ്ജിനിയുടെ വീട്ടിൽ തെരുവുനായ്ക്കളെ കൊണ്ടുവിടും

രഞ്ജിനിയുടെ വീട്ടിൽ തെരുവുനായ്ക്കളുമായി ചെന്ന് പാട്ടുപാടി പ്രതിഷേധിക്കുമെന്ന് മാത്രമല്ല. നായ്ക്കളെ സ്നേഹിക്കുന്ന രഞ്ജിനിയ്ക്ക് എന്റെ വക കുറച്ച് തെരുവുനായ്ക്കളെ സംഭവാനയായി നൽകുകയും ചെയ്യും. ഇതിനായി 50 തെരുവുനായ്ക്കളെ ഞാൻ ഭക്ഷണം നൽകി തയ്യാറാക്കുകയാണ്. ഈ 50 എണ്ണവും എന്നോടൊപ്പം പ്രതിഷേധത്തിനൊപ്പമുണ്ടാകും. ഇതിൽ 25 നായ്ക്കളെ രഞ്ജിനിയ്ക്ക് കൊടുക്കും. രഞ്ജിനി അതിനെ വളർത്തട്ടെ ബാക്കി 25 എണ്ണത്തിനെ ഞാനും വളർത്തി കൊള്ളാം. അതിന്റേ പേരിൽ എന്ത് പ്രശ്നമുണ്ടായാലും നേരിടാൻ ഞാൻ തയ്യാറാണ്. പോലിസ് അറസ്റ്റുചെയ്യുന്നുണ്ടെങ്കിൽ ചെയ്യട്ടെ. ഞാൻ പാർലമെന്റിലേക്ക് മത്സരിച്ച ഒരു വ്യക്തിയാണ് എനിക്ക് ഈ സമൂഹത്തോട് ഒരു പ്രതിബദ്ധതയുണ്ട്. അതിനാലാണ് ഇപ്പോഴത്തെ ഈ പ്രശ്നത്തിൽ ഇങ്ങനെ ഇടപെടുന്നത്.

പ്രതിഷേധം ഡൽഹിയിലുമുണ്ട്

ഇവിടെ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ വ്യക്തമായ ഒരു നിയമമുണ്ട്. എന്നാൽ അതിനെ ഇല്ലാതാക്കുന്നത് മനേകാ ഗാന്ധിയാണ്. അവർ കേരളത്തിൽ വന്ന് ജനങ്ങളെ നേരിൽ കണ്ട് ഇവിടുത്തെ അവസ്ഥ മനസ്സിലാക്കി പരിഹാരം കാണട്ടെ. എന്തായാലും തെരുവുനായ പ്രതിഷേധം ഞാൻ അങ്ങ് ഡൽഹിയിലേക്കും നടത്തുന്നുണ്ട്. 50 കോടി രൂപയാണ് കേരളത്തിലെ നായ്ക്കളുടെ വന്ധീകരണത്തിനായി സർക്കാർ അനുവദിച്ചത്. ഇതിൽ 1 കോടി രൂപമാത്രമാണ് കേരളത്തിലേക്ക് കിട്ടിയിരിക്കുന്നത്. മരുന്നുമാഫിയയുമായി ചേർന്ന് ഈ മനേകാ ഗാന്ധി തന്നെ നടത്തുന്ന അഴിമതിയാണ് ഇതിനുപിന്നിൽ അതല്ലെങ്കിൽ ബാക്കി കാശ് എവിടെയെന്ന് അവർ തന്നെ പറയട്ടെ.

കൊച്ചിയിൽ സൂചനാ പ്രതിഷേധം

സെപ്റ്റംബർ 13ന് കൊച്ചിയിൽ രാവിലെ 9 മണിമുതൽ രാത്രി പത്ത് മണിവരെ സൂചനാ പ്രതിഷേധം നടത്തുന്നുണ്ട്. 300 പാട്ടുകൾ പാടാനാണ് തീരുമാനം. കൊച്ചിയിൽ അടുത്തിടെ നായ്ക്കളുടെ ആക്രമണത്തിനിരയായവരെയും ഈ പ്രതിഷേധ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പത്ത് ദിവസം കഴിഞ്ഞ് രഞ്ജിനിയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തും.

പരിഹാരമുണ്ട്, അത് നടപ്പാക്കണം

തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലുള്ള കഴിവുക്കെട്ടവരല്ല നമ്മുടെ സർക്കാർ. പക്ഷെ അവർ ഇതൊരു ഗൌരവമുള്ള പ്രശ്നമായി എടുക്കുന്നില്ല. ഓരോ ജില്ലയിലും ഒഴിഞ്ഞ പ്രദേശത്ത് വലിയൊരു മതിൽക്കെട്ടുണ്ടാക്കി അതിനുള്ളിൽ ഈ തെരുവുനായ്ക്കളെ അഴിച്ചു വിട്ടട്ടെ. നഗരസഭ ഹോട്ടലുകളിലും മറ്റും നിന്നും ശേഖരിക്കുന്ന ഭക്ഷണങ്ങളുടെ വേഴ്സ്റ്റ് മാത്രം മതിയാകും ഇവയ്ക്ക് കൊടുക്കാൻ. അതുപോലെ സ്കൂൾ പരിസരത്ത് ഭക്ഷണ പദാർത്ഥങ്ങൾ വലിച്ചെറിയാതെ ഒരു വേസ്റ്റ് ബാസ്ക്കറ്റിൽ സ്ഥാപിച്ച് അത് എടുത്തുകൊണ്ടു പോകാനുള്ള നടപടി നഗരസഭ സ്വീകരിക്കണം. വലിച്ചെറിഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ വരുമ്പോഴാണ് നായ്ക്കൾ കുട്ടികളെ ആക്രമിക്കുന്നത്.