വൈകി വന്നെങ്കിലും ഉദയ്ക്കു കിട്ടി അപൂർവ്വ അവസരം

രാഗങ്ങൾ‌ക്കൊപ്പം സഞ്ചരിക്കാൻ, മനസു പറയുന്ന പോലെ നൃത്തമാടാൻ എല്ലാവർക്കും കഴിയില്ല. ചില പിറവികൾക്ക് ദൈവം തരുന്ന സമ്മാനമാണ് അതൊക്കെ.  പാട്ടിന്റെയും നൃത്തത്തിന്റെയും ലോകത്ത് സഞ്ചരിക്കുന്നതിനിടയിൽ അക്കൂട്ടരില്‍ ചിലർ ഇടയ്ക്കു വഴിമാറിപ്പോകും. വൈകിയേ പൂർണമായും കലയുടെ ലോകത്ത് എത്താനാകൂ. പക്ഷേ എവിടേയ്ക്കു പോയാലും എത്ര വൈകിയാലും അർഹമായത് ഏറ്റവും മനോഹരമായി അവർക്കരികിലേക്കെത്തും. ഉദയ് രാമചന്ദ്രനെന്ന ഗായകൻ അതുപോലൊരാളാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായിക ശ്രേയാ ഘോഷാലിനൊപ്പം ഒരു പാട്ടു പാടാനായതിന്റെ സന്തോഷത്തിലാണ് ഉദയ് ഇപ്പോൾ. സംഗീത രംഗത്തേക്കു വൈകി മാത്രം എത്തിയൊരാൾക്കു കിട്ടിയ മനോഹരമായ സമ്മാനമാണിത്. 

പാട്ടിന്റെ ലോകത്തേക്കാണ് ഉദയ് ജനിച്ചതു തന്നെ. അച്ഛന്റെ വീട്ടുകാരിൽ എല്ലാവരും പാട്ടുകാർ. തലമുറ കൈമാറിക്കിട്ടിയ സമ്മാനമാണു ഉദയ്ക്കു സംഗീതം എന്നു തന്നെ പറയാം. ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചതും അതുതന്നെ. പിന്നെ ദാസേട്ടന്റെയും പി ജയചന്ദ്രന്റെയും പാട്ടുകൾ. പാട്ടിന്റെ വീട്ടിൽ ജനിച്ചതു കൊണ്ടു തന്നെ കുഞ്ഞിലേ മുതൽക്കേ അതിനൊപ്പമായിരുന്നു. മൂന്നാം ക്ലാസിൽ തുടങ്ങി വേദികളിലേക്കുള്ള യാത്ര. പ്രീഡിഗ്രി പഠനത്തിനു മുൻപേ ഗാനഭൂഷണം വിജയിച്ചു. പക്ഷേ ശാസ്ത്രീയ സംഗീതത്തേക്കാൾ സ്വരം കൂടുതൽ ചേർന്നു നില്‍ക്കുന്നത് ലളിത സംഗീതത്തോടാണെന്ന് അഭിപ്രായം വന്നപ്പോൾ അതിലേക്കായി ശ്രദ്ധ. ആ പറച്ചിൽ ശരിയായിരുന്നു. 1998 മുതൽ തുടർച്ചയായ മൂന്നു വര്‍ഷം സർവ്വകലാശാല കലോത്സവത്തിൽ ലളിത ഗാനത്തിനുള്ള സമ്മാനം വാങ്ങിയെടുത്തു ഉദയ്. അതൊരു വഴിത്തിരിവായിരുന്നു. 

ജന്മനാടായ വൈക്കത്തെ, വൈക്കത്തപ്പൻ അന്നദാന ട്രസ്റ്റിന്റെ കലാ ട്രൂപ്പിൽ പാടാൻ അങ്ങനെയാണു ക്ഷണം കിട്ടിയത്. എറണാകുളത്തെ സ്റ്റുഡിയോകളിലേക്കുള്ള വാതിൽ തുറന്നു ആ അവസരം. ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും ട്രാക്കുകളും അടക്കം നിരവധി അവസരങ്ങൾ അങ്ങനെ തേടിയെത്തി. പക്ഷേ എന്തോ പാട്ട് ഒരു പ്രൊഫഷനാക്കാൻ, മുഴുവൻ സമയവും അതിനൊപ്പം പോകാനായില്ല. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്കു ജോലി കിട്ടി പോയതോടെ പാട്ടിന്റെ ലോകത്തേക്കുളള വാതിൽ പാതി അടഞ്ഞതു പോലെയായി. അഞ്ഞൂറോളം ഓഡിയോ കാസറ്റുകളിലും നിരവധി ഭക്തിഗാന ആൽബങ്ങളിലും പിന്നെ മൊഴിമാറ്റം ചെയ്യപ്പെട്ട് എത്തിയ ചിത്രങ്ങളിലെ പാട്ടുകൾക്കുമെല്ലാം സ്വരമായി ഈ തിരക്കിനിയിൽ. ചിങ്ങനിലാവ് എന്നു പേരുള്ളൊരു ഓണപ്പാട്ട് സംഗീതമിട്ട് പാടുകയും ചെയ്തിട്ടുണ്ട്. ആശുപത്രി മേഖലയില്‍ അഡ്മിനിസ്ട്രേറ്ററായി ജോലിയിൽ മികവാർന്നു നിൽക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ എന്നും സ്ഥാനും പാട്ടിനു തന്നെയായിരുന്നുെവന്ന് ഉദയ് പറയുന്നു. ജോലി ചെയ്തിരുന്ന കമ്പനിയ്ക്കും അറിയാമായിരുന്നു. അങ്ങനെയാണ് അവർ കുവൈറ്റിൽ തുടങ്ങിയ എഫ്എം ചാനലിന്റെ പ്രോഗ്രാം ഡയറക്ടറായി പോകുവാൻ അവസരം കൊടുത്തതു പോലും. കുവൈറ്റിലെ ആദ്യ മലയാളം എഫ്എം ചാനൽ കൂടിയായിരുന്നു അത്.  കുവൈറ്റിൽ ജോലി നോക്കവേയാണ് ആദ്യ സിനിമാ ഗാനം പാടാൻ അവസരം കിട്ടിയതും. ഡോക്ടർ ഇന്നസെന്റ് എന്ന ചിത്രത്തിലെ സ്നേഹം പൂക്കും എന്ന പാട്ടായിരുന്നു അത്. ഹാർട്ട്-ത്രോബ്സ് എന്നു പേരിട്ട് ഉദ‌യ് അവതരിപ്പിച്ചിരുന്ന പരിപാടി ശ്രോതാക്കളുടെ പ്രിയപ്പെട്ടവയിൽ ഒന്നായിരുന്നു. പക്ഷേ പിന്നീട് എഫ് എം ചാനലിലെ തിരക്കുകൾ കാരണം നാട്ടില്‍ കിട്ടിയിരുന്ന അവസരം പലതും ഇല്ലാതെയായി.  അങ്ങനെയാണ് ജോലിയെല്ലാം ഉപേക്ഷിച്ച് പൂർണ സമയം സംഗീതത്തിനൊപ്പം കൂടാം എന്നു തീരുമാനിച്ചത്. ഈ വൈകി എടുത്ത തീരുമാനമാണ് ശ്രേയാ ഘോഷാലിനൊപ്പം ഒരു പാട്ടു പാടാനുള്ള അപൂർവ്വ അവസരം നൽകിയതും. 

അപൂർവ്വ ഭാഗ്യം എന്നാണ് അതിനെ ഉദയ് വിശേഷിപ്പിക്കുന്നത്. എത്രയോ ആളുകൾ കേൾക്കാൻ കൊതിക്കുന്ന സ്വരമാണിത്. അവരുടെ പാട്ട് നേരിട്ടു കേൾക്കുക എന്നത് സ്വപ്നമാണ് അവർക്ക്. സംഗീത രംഗത്ത് സജീവമായവർക്കു പോലും വർഷങ്ങൾ പിന്നിട്ടിട്ടാകും ഇങ്ങനെയൊരു അവസരം കിട്ടുക. ദൈവത്തിന്റെ സമ്മാനമായിട്ടാണ് ഞാൻ ഈ പാട്ടിനെ കാണുന്നത്. ശ്രേയയെ കണ്ടിട്ടില്ല. എന്നെങ്കിലും കാണണം. അതൊരു വലിയ ആഗ്രഹമാണ്...ഉദയ് പറയുന്നു...

പത്തു കൽപനകൾ എന്ന ചിത്രത്തിലേക്കായി ഋതു ശലഭമേ എന്ന പാട്ട് സോളോ ആയിട്ടായിരുന്നു റെക്കോർഡ് ചെയ്തത്. ശ്രേയ ബോംബെയിലും ഉദയ് കേരളത്തിലും നിന്നു പാടി. പക്ഷേ പിന്നീട് സിനിമയുടെ സാഹചര്യത്തിനനുസരിച്ച് പാട്ട് ഡ്യുയറ്റ് ആക്കേണ്ടി വന്നു. ശ്രേയയുടെ സ്വരത്തിനൊപ്പം ഉദയ്‍യുടേത് തന്നെ തിരഞ്ഞെടുക്കുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു. എന്തായാലും റിതു ശലഭമേ എന്ന പാട്ട് ശ്രേയാ ഘോഷാല്‍-ഉദയ് രാമചന്ദ്രൻ ഡ്യുയറ്റ് ആയി മാറി അവസാനം. 

വർഷങ്ങൾക്കു മുൻപേ സംഗീത രംഗത്തെത്തിയ ഉദയ് ഈ അടുത്ത വർഷങ്ങളിലാണ് പൂർണമായും പാട്ടുകൾക്കൊപ്പം കൂടുന്നത്. വൈകി വന്നെങ്കിലും ആ സ്വരഭംഗി പ്രേക്ഷക പക്ഷത്തിലും സിനിമാ രംഗത്തുള്ളവർക്കിടയിലും ശ്രദ്ധിക്കപ്പെട്ടു. മലരേ മൗനമാ എന്ന ക്ലാസിക് ഗാനത്തിന് ഉദയ് ഇറക്കിയ കവർ സോങ് സോഷ്യൽ മീഡിയയിലും യുട്യൂബിലും പ്രിയപ്പെട്ടതുമായി. ഒരു മലയാളം കളർ പടം എന്ന ചിത്രത്തിലേക്കാണ് ഉദയ് ഏറ്റവുമൊടുവിൽ പാടിയത്. നേർത്ത മധുരമായ സ്വരവുമായി പുതിയ പാട്ടുകളേയും പാട്ടിനെ നെഞ്ചോടു ചേർക്കുന്ന ശ്രോതാക്കളേയും കാത്തിരിക്കുകയാണ് ഇദ്ദേഹം.