ഞാൻ നല്ല നടനാണോയെന്ന് നിങ്ങൾക്ക് തീരുമാനിക്കാം’

ഗാനഗന്ധർവ്വൻ യേശുദാസിന്റെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്തെത്തിയ മകനാണ് വിജയ് യേശുദാസ്. യേശുദാസിന്റെ മകൻ എന്ന പേരിനൊപ്പം പ്രതിഭാശാലിയായ ഗായകൻ എന്ന പേരുകൂടി കൂട്ടിച്ചേർത്ത വിജയ് ഇന്ന് തെന്നിന്ത്യൻ സംഗീത ലോകത്തെ തിരക്കുള്ള ഗായകരിലൊരാളാണ്. പ്രേമം എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ മലരേ എന്ന ഗാനം അനശ്വരമാക്കിയ വിജയ് തമിഴ് സിനിമയിൽ നടനായി അരങ്ങേറ്റം കുറിച്ചു, ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന മാരി എന്ന ചിത്രത്തിലൂടെ.

ദേശീയ പുരസ്കാര ജേതാവ് ധനുഷ് നായകനാകുന്ന മാരിയുടെ ട്രെയ്​ലർ പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ ആദ്യം ഞെട്ടിയത് വിജയ് യേശുദാസ് എന്ന നടന്റെ കിടിലൻ– ലുക്ക് കണ്ടായിരുന്നു. മാരിയിലൂടെ തമിഴ് സിനിമാലോകത്ത് നടനായും അരങ്ങേറ്റം കുറിച്ച വിജയ് യേശുദാസിന്റെ വിശേഷങ്ങൾ

ആദ്യം അമ്പരപ്പും പിന്നെ കൺഫ്യൂഷനും

മാരി എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചുകൊണ്ട് നടൻ ധനുഷാണ് എന്നെ വിളിച്ചത്. ആ സമയത്ത് ഞാൻ വിദേശത്തായിരുന്നു. ആദ്യ അമ്പരപ്പായിരുന്നു, മാരിയിൽ അഭിനയിക്കാൻ എന്നെ തന്നെയാണോ ഉദ്ദേശിച്ചത് എന്ന സംശയവും. പോലീസ് ഓഫീസറുടെ വേഷമാണ് ചെയ്യേണ്ടത് എന്ന കേട്ടപ്പോൾ ശരിക്കും പറഞ്ഞാൽ ഞെട്ടിപ്പോയി. രണ്ട് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ബാലാജി മോഹൻ, മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിച്ച ധനുഷ് ഇവർക്കു മുന്നിൽ അഭിനയിക്കണമല്ലോ എന്ന ടെൻഷൻ. പിന്നീട് നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം വളരെ അധികം ആലോചിച്ചാണ് മാരിയിലെ വേഷം ചെയ്യാമെന്നേറ്റത്.

അഭിനയക്കളരിക്കു ശേഷമായിരുന്നു ഷൂട്ടിങ്

അഭിനയിക്കാമെന്ന് പറഞ്ഞെങ്കിലും സബ് ഇൻസ്പെക്റ്റർ അർജുൻ കുമാർ എന്ന വേഷം എങ്ങനെ അവതരിപ്പിക്കണം എന്നതിനെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. എന്നാൽ സംവിധായകൻ ബാലാജിക്ക് എന്നിൽ നല്ല വിശ്വാസമുണ്ടായിരുന്നു. ഒരു ചെറിയ അക്ടിങ് വർക്ക്ഷോപ്പ് നടത്തുന്നത് നന്നായിരിക്കുമെന്ന് ഞാൻ തന്നെയാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത് അത് അദ്ദേഹം സമ്മതിച്ചു. മികച്ചൊരു ട്രെയിനിങ് സെക്ഷനാണ് അദ്ദേഹം എനിക്കുവേണ്ടി ഒരുക്കിയത്. അത് എന്റെ ആത്മവിശ്വാസം വളരെ അധികം വർദ്ധിപ്പിച്ചു.

പിന്നീട് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി ഓരോ ഷോട്ടും കഴിഞ്ഞ് ഞാൻ സംവിധായകനെ നോക്കും ഓക്കെ ആണോ എന്ന് ചോദിക്കുമ്പോഴെല്ലാം അദ്ദേഹം പെർഫക്റ്റ് എന്നാണ് ഉത്തരം പറയാറ്. എന്നാൽ കഴിയുന്ന പൂർണ്ണത ആ കഥാപാത്രത്തിന്് നൽകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ കഥാപാത്രത്തെപ്പറ്റി കൂടുതലൊന്നും വിശദീകരിക്കുന്നില്ല സിനിമ കണ്ട് കഴിഞ്ഞ് നിങ്ങൾക്ക് തീരുമാനിക്കാം വിജയ് യേശുദാസ് ഒരു നല്ല നടനാണോയെന്ന്. എന്തൊക്കെയായാലും നന്നായി ആസ്വദിക്കാൻ പറ്റിയ അനുഭവമായിരുന്നു അഭിനയം.

ധനുഷും മാരിയും

മാരിക്ക് മുമ്പ് ധനുഷുമായി ഒന്നിച്ച് ജോലി ചെയ്തിട്ടില്ലായിരുന്നെങ്കിലും അദ്ദേഹത്തെ അടുത്തറിയാമായിരുന്നു. ഞങ്ങൾ ഒന്നിച്ച് പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ഒരു സൂപ്പർസ്റ്റാർ തന്നെയാണ് ധനുഷ്. ആരേയും ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ നടത്തുന്നത്. അതുപോലെ അദ്ദേഹത്തിന്റെ പെരുമാറ്റവും നമ്മളെ വളരെ അധികം അത്ഭുതപ്പെടുത്തും, ഇത്ര എളിമയുള്ള ആളുകളെ കണുന്നത് തന്നെ അപൂർവ്വമായിരിക്കും. ധനുഷ് എനിക്ക് നൽകിയ പോസീറ്റീവ് എനർജി വളരെ വലുതാണ്, എപ്പോഴും നമ്മളോട് സംസാരിച്ച് നമ്മുടെ ആത്മവിശ്വാസം അദ്ദേഹം വർദ്ധിപ്പിക്കും.

എന്റെ തീരുമാനം

മാരിയിൽ അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ടെന്ന് അച്ഛനോട് പറഞ്ഞപ്പോൾ, സ്വയം തീരുമാനമെടുക്കാനാണ് അദ്ദേഹം പറഞ്ഞത്. സ്വന്തം തീരുമാനത്തിന് നാം എങ്ങനെ പൂർണ്ണത നൽകുന്നു് എന്നതിന് അനുസരിച്ചായിരിക്കും ആ തീരുമാനത്തിന്റ വിജയം എന്നും അദ്ദേഹം ഉപദേശിച്ചു. വീട്ടിലെ എല്ലാവരും വളരെ സന്തോഷത്തോടെയാണ് മാരിയിൽ അഭിനയിക്കാനുള്ള എന്റെ തീരുമാനത്തെ വരവേറ്റത്.

ധാരാളം ഓഫറുകൾ

മാരിയുടെ ട്രെയ്​ലർ പുറത്തിറങ്ങിയതിനെത്തുടർന്ന് കോളീവുഡിൽ നിന്ന് ധാരാളം ഓഫറുകൾ വരുന്നുണ്ട്. ചില തിരക്കഥകൾ വായിക്കുകയും ചെയ്തു. മാരി പുറത്തിറങ്ങയതിന് ശേഷം മാത്രമേ പുതിയ പ്രൊജക്റ്റുകളെക്കുറിച്ച് ചിന്തിക്കുകയുള്ളു.

മാരി, ഒരു സ്വപ്നം യാഥാർത്ഥ്യമായത്

മാരിയിൽ അഭിനയിക്കാൻ കഴിഞ്ഞതിന് സംവിധായകൻ ബാലാജിയോടാണ് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത്, കാരണം എന്റെ സംഗീത പരിപാടികളും ഷൂട്ടിങ് ഡേറ്റും ഒരുമിച്ചു വരാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്റെ സംഗീത പരിപാടികളുടെ തീയതി ഞാൻ ഒരു മാസം മുമ്പേ അദ്ദേഹത്തിന് കൈമാറും അതിനനുസരിച്ചായിരുന്നു എന്റെ ഷൂട്ടിങ് തീയതികൾ തീരുമാനിച്ചിരുന്നത്. ഭാവിയിൽ സംഗീതവും അഭിനയവും ഇതുപോലെ ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലാ. സത്യത്തിൽ മാരി ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.