Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിബിസി വരെയെത്തിയ വയലിൻ വായന

sabareesh-prabhakar

ഓരോ ഏറ്റുപാടലിനും ആദ്യ ഈണത്തിന്‌റെ അതേ കേള്‍വിസുഖം അല്ലെങ്കില്‍ അതിനേക്കാള്‍ മനോഹരമായതു പകരനായാൽ പിന്നെയും പിന്നെയും അതുകേട്ടിരിക്കുന്നതിലും വലിയ രസമെന്താണ്. റഹ്മാന്‍ ഈണങ്ങള്‍ വിഭിന്നമാകുന്നതും കേൾവിക്കാർക്കു അത്രയേറെ അതു പ്രിയപ്പെട്ടതാകുന്നതും ഇതുകൊണ്ടാണ്. ശബരീഷ് പ്രഭാകര്‍ ആ ഈണങ്ങള്‍ക്കൊപ്പം പറന്നുകയറിയത് ബിബിസിയുടെ റേഡിയോ കൂടാരത്തിനുള്ളിലേക്കാണ്. സിനിമയ്ക്കപ്പുറമുള്ള, സമാന്തര സംഗീതം ഏറെ വളരണമെന്നും പാട്ടുകളുടെ ലോകം ശ്രോതാവിലേക്കു കൂടുതല്‍ വ്യത്യസ്തതയോടെ അവതരിപ്പിക്കപ്പെടണമെന്നും ആഗ്രഹിക്കുന്ന ശബരീഷ്.

മലര്‍ പോലെ വശ്യമായ ഗാനം, മലര്‍ഗളേ എന്ന ഗാനത്തിനൊപ്പം വയലിന്‍ വായിച്ചയാള്‍ എന്നു പരിചയപ്പെടുത്തുന്നതാകും ഉചിതം. കാരണം ശബരീഷിനെ ഇന്ന് അടയാളപ്പെടുത്തുന്നത് ആ പാട്ടാണ്. ഏഷ്യയില്‍ നിന്നുള്ള ഏറ്റവും മികച്ച കവര്‍ വേര്‍ഷനുള്ള ബിബിസി അംഗീകാരം നേടിയ പ്രതിഭയാണു ശബരീഷ്. അവിടം കൊണ്ടു തീർന്നില്ല. കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ഗാനമായിരുന്നു ഏറ്റവുമൊടുവിൽ ശബരീഷ് വയലിനിൽ വായിച്ചു വിഡിയോ തയ്യാറാക്കിയത്. ആ വായനയും ഹൃദയംതൊട്ടു.

ചേര്‍ത്തല സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന സംഗീതജ്ഞരുടെ കൊച്ചുമകന്‍ ജനിച്ചു വീണതേ ഈണങ്ങളുടെ ലോകത്തായിരുന്നു. അഞ്ചാം വയസിലേ വയലിന്‍ പഠിച്ചു തുടങ്ങി. ഏഴാം വയസില്‍ പാട്ടും. ടി.എം.അബ്ദുല്‍ ഹസീസിനു കീഴിലായിരുന്നു വയലിന്‍ പഠനം. ഇന്നുമതു തുടരുന്നു. മഹാരാജാസ് കോളെജില്‍ സംഗീതത്തില്‍ ബിരുദവും ആര്‍എല്‍വിയില്‍ നിന്നു വയിലിനില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയാണു സംഗീതരംഗത്തേക്കു പൂര്‍ണമായുമെത്തിയത്. കലോത്സവ വേദികളിലും താരമായിരുന്നു ശബരീഷ്. മൂന്നു പ്രാവശ്യം എംജി സര്‍വ്വകലാശാല കലോത്സവത്തില്‍ വിജയം നേടി. ഇന്റര്‍യൂണിവേ്‌ഴ്‌സിറ്റി കലോത്സവത്തിലും അതാവര്‍ത്തിച്ചു. വയലിനിലെ പ്രത്യേക പ്രാഗത്ഭ്യം കണക്കിലെടുത്ത് വയലിനില്‍ ബിരുദാനന്തര ബിരുദം നേടുവാന്‍ പ്രത്യേകം അനുമതിയും നല്‍കി. മിനിസ്ട്രി ഓഫ്് കള്‍ച്ചറിന്‌റെ വക സ്‌കോളര്‍ഷിപ്പും നേടി. സുമേഷ് ആനന്ദ് ജാഫര്‍ ഹനീഫ ജാക്‌സന്‍ സെബാസ്റ്റ്യന്‍ ജസ്റ്റിന്‍ കൈനിക്കാട് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നു തുടങ്ങിയ ഇമ്മോര്‍ട്ടല്‍ രാഗ എന്ന ബാന്‍ഡിനൊപ്പം ഇതുവരെ ആയിരത്തോളം വേദികള്‍ പിന്നിട്ടു കഴിഞ്ഞു. 

സിനിമാ സംഗീത ലോകം എല്ലാവരേയും പോലെ ഇഷ്ടമാണ്. പക്ഷേ സമാന്തരമായുള്ള സംഗീത ശാഖയും വളരണം. പ്രശസ്തരുടെ ശ്രദ്ധേയ ഗാനങ്ങൾ കവർ വേർഷൻ തയ്യാറാക്കുന്ന രീതികളാണു ഇത്രയേറെ വ്യത്യസ്തമായി വിഡിയോ തയ്യാറാക്കുവാൻ പ്രേരിപ്പിച്ചത്. റഹ്മാൻ ഗാനങ്ങളിൽ ഇംപ്രവൈസ് ചെയ്യാനുള്ള സാധ്യതയേറെയാണ്. ഇനിയും ഏറെ കവർ വേര്‍ഷനുകൾ ചെയ്യുന്നുണ്ട്. മറ്റു സംഗീതജ്ഞരുടെ പാട്ടുകളും അതിനൊപ്പമുണ്ടാകും.  ശബരീഷ് പറയുന്നു. 

ഈണങ്ങൾ പോലെ പുതിയ ആകാശങ്ങൾ തേടുന്ന പാട്ടു സ്വപ്നങ്ങളാണു ശബരീഷിനുമുള്ളത്...ഒരു പുസ്തക പ്രകാശന വേദിയിൽ വച്ചു കെ.എസ്.ചിത്രയ്ക്കു മുന്നിൽ വയലിൻ മീട്ടാനായതും ഗായിക ഒപ്പം വന്നു പാടിയതും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളായി കരുതുകയാണു ശബരീഷ്. റഹ്മാനു മുന്നിൽ വയലിൻ വായിക്കണം,  ഈ ഏറ്റുപാടലുകൾക്കിടയിൽ തന്റെ സ്വന്തം സൃഷ്ടിയേയും ഒരിക്കൽ ചേർത്തുവച്ചു കാതോരങ്ങളിൽ ഇടംനേടണം. ശബരീഷിനു സ്വപ്നങ്ങൾ ഏറെയാണ്. അച്ഛന്റെയും അമ്മയുടെയും സ്നേഹം കൊണ്ടു പൊതിഞ്ഞ പിന്തുണയിലൂടെ ഈണങ്ങളെ കുറിച്ചു സല്ലപിക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടുകാരിലൂടെ മനസിനുള്ളിൽ നിറയെയുള്ള രാഗങ്ങളിലൂടെ അതെല്ലാം ഒരിക്കൽ സാധ്യമാകുമെന്ന് ശബരീഷിനുമറിയാം...

Your Rating: