Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടാണ് ഉത്തരം

uthara ഉത്തര ഉണ്ണിക്കൃഷ്ണൻ

ഗായകൻ പി. ഉണ്ണിക്കൃഷ്ണന്റെയും നർത്തകിയായ ഭാര്യ പ്രിയയുടെയും മൊബൈൽ ഫോണിലേക്കു വിളിക്കുന്ന ആരും ആദ്യം കേൾക്കുക മകൾ ഉത്തരയുടെ ശബ്ദമാണ്. ‘അഴകേ... എന്നു തുടങ്ങുന്ന മനോഹരഗാനം. ഇരുവരുടെയും മാത്രമല്ല, കഴിഞ്ഞ ഒരുവർഷമായി കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോണിലെ കോളർ ട്യൂൺ ‘ശൈവം എന്ന ചിത്രത്തിൽ ഉത്തര പാടിയ ‘അഴകേ... എന്ന ഗാനം തന്നെ.

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തോടെ ആ ഗാനവും ഉത്തരയും അദ്ഭുതമായി. പത്താംവയസ്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഉത്തരയ്ക്കു ലഭിച്ചപ്പോൾ എല്ലാവരുമൊന്നു ഞെട്ടി. അദ്ഭുതം വിടർന്ന കണ്ണുകളോടെ ചിരിച്ചുകൊണ്ട് ഉത്തര ചോദിച്ചു: ‘അവാർഡോ? എനിക്കോ?

ദേശീയ അവാർഡ് വാർത്തയറിയുമ്പോൾ തിരുവാരൂരിൽ കച്ചേരിക്കുള്ള ഒരുക്കത്തിലായിരുന്നു ഉണ്ണിക്കൃഷ്ണൻ. അച്ഛനു പിന്നാലെ മകൾക്കും ആദ്യ ഗാനത്തിനു ദേശീയ പുരസ്കാരം. എന്തു തോന്നുന്നുവെന്ന ചോദ്യത്തിനു മുന്നിൽ ഉണ്ണിക്കൃഷ്ണൻ വിനയാന്വീതനായി.

‘എല്ലാം ദൈവനിശ്ചയമാണ്. കുറെ നല്ല പാട്ടുകൾ ഇത്തവണയുണ്ടായിരുന്നു. നല്ല ഗായികമാരുമുണ്ടായിരുന്നു. പക്ഷേ, ഈ പാട്ടിന് അവൾക്ക് അവാർഡ് കിട്ടി. എല്ലാവരോടും നന്ദിയുണ്ട്. സംഗീത സംവിധായകൻ ജി.വി. പ്രകാശ്, ഗാനരചയിതാവ് മുത്തുകുമാർ, സംവിധായകൻ വിജയ്, ജൂറി അംഗങ്ങൾ..., റോയപ്പേട്ട കേസരി കൂടീരത്തിലെ വീട്ടിൽ ഉത്തരയെ ചേർത്തുപിടിച്ചു ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

1994ൽ കാതലനിലെ ‘എന്നവളേ അടി എന്നവളേ എന്ന ഗാനത്തിനാണ് ഉണ്ണിക്കൃഷ്ണന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ സിനിമാ ഗാനമായിരുന്നു ഇത്. ഇരുപതു വർഷത്തിനുശേഷം 2014ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മകൾക്ക്. അതും ആദ്യഗാനം. ഇങ്ങനെയൊരു അച്ഛനും മകളും ഇന്ത്യൻ സിനിമയിൽ ആദ്യം.

'അതേ, ഞാൻ തന്നെ!'

അവാർഡ് വാർത്തയറിഞ്ഞതു മുതൽ ഉത്തരയുടെ വീട്ടിലേക്ക് അയൽവാസികളുടെയും സുഹൃത്തുക്കളുടെയും പ്രവാഹമാണ്. വീടിന്റെ വാതിൽ എല്ലാവർക്കും തുറന്നു കൊടുക്കുന്നത് ഉത്തര തന്നെ. ഉത്തര... സന്ദർശകർ ചോദ്യം പാതിവഴിയിൽ നിർത്തുമ്പോൾ ഉത്തരമെത്തും. ‘അതേ, ഞാൻ തന്നെ!. കൂടെ കൗതുകം ബാക്കിവച്ച ഒരു ചിരിയും. അവാർഡ് ലഭിച്ചതിന്റെ പിറ്റേന്നും ഉത്തര പതിവുപോലെ സ്കൂളിൽ പോയി. ചെത്പേട്ട് ലേഡി ആണ്ടാൾ വെങ്കട്ടസുബ്ബറാവു ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് ഉത്തര. അപ്പോഴേക്കും വിവരം സ്കൂളിൽ മൊത്തം പാട്ടായിരുന്നു. എല്ലാവരും വന്ന് ഉത്തരയെ കെട്ടിപ്പിടിക്കുന്നു. കൺഗ്രാജുലേഷൻസ് പറയുന്നു. ഉമ്മ വയ്ക്കുന്നു.

പരീക്ഷയായതുകൊണ്ട് അസംബ്ലിയില്ലായിരുന്നു. അല്ലെങ്കിൽ അസംബ്ലിയിൽ എല്ലാവരുടെയും മുന്നിൽവച്ചു സ്കൂൾ വക അഭിനന്ദനവും ഉണ്ടായേനേ. ക്ലാസിൽ ഉത്തരയുടെ അടുത്തിരിക്കുന്ന ഹെയ്സാൽ ഒരു സമ്മാനവുമായാണ് അന്ന് സ്കൂളിൽ വന്നത്. ഉത്തരയ്ക്ക് ഒരുഗ്രൻ വാച്ച്.

സ്കൂളിൽ, കൂട്ടുകാരുടെ മുന്നിൽ ഉത്തര വലിയ ഗായികയൊന്നുമല്ല. സ്കൂളിൽ അസംബ്ലിയിൽപോലും മടിച്ചുമടിച്ചാണ് ഉത്തര പ്രാർഥനാഗാനം പാടാനെത്താറ്. അടുത്തിടെ സ്കൂളിലെ നാടകത്തിലെ ഒരു പാശ്ചാത്യഗാനം പാടി അഭിനയിച്ചു. അതാണ് സ്കൂളിലെ ഏക വേദി.

പാട്ടു വന്ന വഴി

ചെറിയ സുഹൃദ് സദസുകളിൽ രണ്ടുവരി മൂളാൻ പറഞ്ഞാൽ ഉത്തരയ്ക്ക് അൽപ്പം മടിയാണ്. എങ്കിലും ഗായിക സൈന്ധവിയുടെ വീട്ടിൽവച്ച് ഒരു ചെറിയ പാട്ടു പാടി. സൈന്ധവിയുടെ ഭർത്താവും സംഗീത സംവിധായകനുമായ ജി.വി. പ്രകാശ് ശൈവത്തിലെ പാട്ടു പാടാൻ കൊച്ചുശബ്ദം തേടി നടക്കുന്ന സമയം. ഉത്തരയുടെ ശബ്ദം ആ പാട്ടിനു പറ്റിയതാണെന്നു ജിവിയോടു സൈന്ധവിയാണു പറഞ്ഞത്. അങ്ങനെ ഉത്തരയെ പരീക്ഷിക്കാൻ തീരുമാനിച്ചു.

അഞ്ചുവർഷമായി ശാസ്്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ടെങ്കിലും ഉത്തരയുടെ അരങ്ങേറ്റം കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ സംഗീത വേദിയിലെ അരങ്ങേറ്റത്തിനു മുൻപു സിനിമാഗാന രംഗത്ത് ഉത്തരയുടെ അരങ്ങേറ്റത്തിന് അതോടെ വഴിതുറന്നു. 2013 നവംബർ അഞ്ചിനു സൈന്ധവി ഉണ്ണിക്കൃഷ്ണനെ വിളിക്കുന്നു. ഉണ്ണിക്കൃഷ്ണൻ അപ്പോൾ ലണ്ടനിൽ കച്ചേരി അവതരിപ്പിക്കുന്ന തിരക്കിലാണ്. അമ്മ പ്രിയയോടൊപ്പമാണ് ഉത്തര ജി.വി. പ്രകാശിന്റെ സ്റ്റുഡിയോയിലെത്തിയത്.

ബാക്കി ഉത്തര തന്നെ പറയട്ടെ, ‘ജിവിയങ്കിൾ വരികളെഴുതിയ കടലാസ് തന്നു. തമിഴിലാണ് എഴുതിയിട്ടുള്ളത്. എനിക്കു തമിഴ് എഴുതാനും വായിക്കാനുമൊക്കെ അറിയാം. പക്ഷേ, അത്ര ഫാസ്റ്റല്ല. അതുകൊണ്ട് വരികൾ ഇംഗ്ലിഷിലേക്കു മാറ്റിയെഴുതി. ഞാൻ പറഞ്ഞുകൊടുത്തു അമ്മ എഴുതിത്തന്നു. പിന്നെ, ഒരു 15 മിനിറ്റ് പ്രാക്ടീസ് ചെയ്തു ഞാൻ സ്റ്റുഡിയോയിലെ ബൂത്തിലേക്കു പോയി. ശ്രുതി പരിശോധിച്ചു. ഒരു രണ്ടു മണിക്കൂറിനുള്ളിൽ പാടിത്തീർത്തു.

പക്ഷേ, പിന്നീട് വരികളിൽ ചെറിയ മാറ്റം വരുത്തി. അങ്ങനെ വീണ്ടും പാടേണ്ടിവന്നു. നവംബർ 18നു പാടാൻ വിളിക്കുമ്പോൾ ഒരു കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷത്തിലായിരുന്നു ഉത്തര. അച്ഛൻ ഉണ്ണിക്കൃഷ്ണനൊപ്പം സ്റ്റുഡിയോയിലേക്കു പോകുമ്പോൾ കാറിൽവച്ചാണു പാട്ടിന്റെ വരികൾ പഠിച്ചെടുത്തത്. പ്രയാസമുള്ള ‘സംഗതികൾ ഉണ്ണിക്കൃഷ്ണൻതന്നെ പറഞ്ഞുകൊടുത്തു.

അപ്പോൾ ടെൻഷനുണ്ടായിരുന്നോ? കുറച്ചു പേടിയുണ്ടായിരുന്നു. അല്ലാതെ വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. പിന്നെ ഞാൻ ഓകെയായി. ആ പാട്ട് ഡബിൾ ഓകെയും. പാട്ടുപാടി കഴിഞ്ഞപ്പോൾ ജി.വി. പ്രകാശ് ഉത്തരയോടു പറഞ്ഞു, ‘നീ നന്നായി പാടിയിട്ടുണ്ട്. ഗുഡ് ലക്ക്. അപ്പോൾതന്നെ ചിലരൊക്കെ പറഞ്ഞു, ‘അവാർഡൊക്കെ കിട്ടാനുള്ള സാധ്യതയുണ്ട്, ഇതു പറയുമ്പോൾ ഉത്തരയുടെ മുഖത്ത് ചിരി പൊട്ടിത്തുടങ്ങുന്നു.

ഇന്ത്യയുടെ അവാർഡ്

ദേശീയ അവാർഡെന്ന വലിയ ബഹുമതിയുടെ പ്രത്യേകതയെന്താണെന്ന് ഉത്തരയ്ക്ക് ഇപ്പോഴും അറിയില്ല. അതിന്റെ ഗൗരവവും. എന്താ ഈ അവാർഡിന്റെ പ്രത്യേകത?, ചോദ്യം കേട്ടപ്പോൾതന്നെ ഉത്തര ചിരിയും തുടങ്ങി. ‘ഇത് ഇന്ത്യയിൽ തരുന്ന അവാർഡാണ്. ഇതു ഡൽഹിയിൽ പോയി പ്രസിഡന്റിന്റെ കയ്യിൽനിന്നു വാങ്ങാം. പിന്നെ, ഇത്രയൊക്കെയേയുള്ളൂ, ഉത്തര പറയുന്നു.

രാജ്യത്തെ ഏറ്റവും മികച്ച ചലച്ചിത്രഗായികയ്ക്കുള്ള അവാർഡാണിതെന്ന കാര്യമൊന്നും ഉത്തരയ്ക്കു മനസ്സിലായിട്ടില്ല. എന്തെങ്കിലും നല്ലതു ചെയ്യുന്നവർക്കു കിട്ടിയ അവാർഡാണെന്ന് അറിയാം. മകൾക്കു ദേശീയ പുരസ്കാരം കിട്ടിയെന്നു കേട്ടപ്പോഴുള്ള ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് പ്രിയ പറയുന്നു. എല്ലാവരും പറഞ്ഞിരുന്നു, നല്ല വരികളാണ്, അവാർഡ് കിട്ടുമെന്നൊക്കെ. പക്ഷേ, അവാർഡ് പ്രഖ്യാപിക്കുന്ന വിവരംപോലും അറിഞ്ഞിരുന്നില്ല, പ്രിയ കൂട്ടിച്ചേർത്തു.

കോഴിക്കോടുനിന്ന് അമ്മമ്മ ശോഭ വിളിച്ചു പറയുമ്പോഴാണ് അവാർഡ് കിട്ടിയ വിവരം ഉത്തര അറിയുന്നത്. അപ്പോൾ എന്താണു തോന്നിയതെന്നു ചോദിച്ചാൽ സന്തോഷം തോന്നി. അതെങ്ങനെ പറയണമെന്ന് ഉത്തരയ്ക്ക് അറിയില്ല. ഒന്നറിയാം, അച്ഛന് 20 വർഷം മുൻപു കിട്ടിയ അവാർഡാണ് ഇപ്പോൾ തനിക്കു കിട്ടിയത്.

പാടിപ്പഠിക്കൽ ഹോബി

പാട്ടുകൾ പാടിപ്പഠിക്കുകയാണ് ഉത്തരയുടെ ഹോബികളിലൊന്ന്. വീട്ടിൽ അച്ഛൻ ഉണ്ണിക്കൃഷ്ണന്റെ സ്റ്റുഡിയോയിൽ ഇങ്ങനെ ഉത്തര പാടിയ ഒട്ടേറെ പാട്ടുകളുടെ ശേഖരമുണ്ട്. യാത്രകളിൽ ഉണ്ണിക്കൃഷ്ണനും കുടുംബവും കേൾക്കുക ഉത്തര ഇങ്ങനെ പാടിയ പാട്ടുകളാണ്. ഓരോ പാട്ടിന്റെയും പാടുന്നതിന്റെയും പ്രത്യേകതകൾ അങ്ങനെ മനസ്സിലാക്കും. തിരുത്തലുകൾ വരുത്തും. തുടർച്ചയായ പരിശീലനമാണു സംഗീത പഠനത്തിൽ വേണ്ടതെന്ന് അച്ഛൻ ഉണ്ണിക്കൃഷ്ണന്റെ ജീവിതത്തിൽനിന്ന് ഉത്തര തിരിച്ചറിഞ്ഞിട്ടുണ്ട്.

ചേട്ടൻ വസുദേവ് കൃഷ്ണ പാശ്ചാത്യ സംഗീതം പഠിക്കുന്നുണ്ട്. പിയാനോയിൽ കൃഷ്ണ വായിക്കുമ്പോൾ ഉത്തര പാട്ടുപാടും. ഉത്തരയെന്തെങ്കിലും തെറ്റുവരുത്തിയാൽ അത് ആദ്യം കണ്ടെത്തുന്നതും തിരുത്തുന്നതും കൃഷ്ണയാണ്. പാശ്ചാത്യ സംഗീതത്തിനിടയിൽ ശാസ്ത്രീയ സംഗീതം കയറിവന്നാൽ കൃഷ്ണ ഉത്തരയോടു കണ്ണുരുട്ടും. പാട്ടുകൾ കേട്ടു പഠിക്കാൻ ഉത്തരയെ ഏറെ സഹായിച്ചിട്ടുള്ളതു ചേട്ടനാണ്. ഇതുവരെ എത്ര പാട്ടുകൾ ഇങ്ങനെ പാടിയിട്ടുണ്ടെന്നു ചോദിച്ചാൽ ഉത്തര കൈമലർത്തും. കുറെയുണ്ടാവും. നൂറുകണക്കിനു വരും. കുറെ റിക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് എടുത്തു കേൾക്കും.

അച്ഛൻ ഉണ്ണിക്കൃഷ്ണനും അച്ഛന്റെ അമ്മ ഹരിണിയുമാണ് ഉത്തരയ്ക്ക് ആദ്യം പാട്ടു പറഞ്ഞു കൊടുത്തത്. ഇപ്പോൾ മൈലാപൂരിൽ ഡോ. സുധാരാജയ്ക്കു കീഴിലാണ് ഉത്തരയുടെ പാട്ടുപഠനം. മിക്കവാറും ദിവസങ്ങളിൽ വൈകിട്ടു ക്ലാസുകളുണ്ടാവും. കുറെയേറെ കുട്ടികളുണ്ടാവും. എല്ലാവരും സുഹൃത്തുക്കൾ. അങ്ങനെ ആഘോഷമായാണു പാട്ടുപഠനം. പാട്ടു ക്ലാസൊക്കെ എങ്ങനെ? ‘നല്ല രസമാണ്. ക്ലാസിനിടയിൽ ചായ വാങ്ങിത്തരും. സിനിമയ്ക്കു കൊണ്ടുപോകും. പ്രോഗ്രാമിനു പോയാൽ ഡിന്നറുണ്ടാവും. അങ്ങനെ കുറെ പരിപാടികളുണ്ട്, സംഗീത ക്ലാസിനെ കുറിച്ച് ഉത്തര വാചാലയാവുന്നു.

uthara family ഉത്തര അച്ഛൻ ഉണ്ണിക്കൃഷ്ണനും അമ്മ പ്രിയയ്ക്കുമൊപ്പം

നമുക്ക് ഒളിച്ചു കളിക്കാം

സ്കൂളിൽ പഠനം കഴിഞ്ഞാൽ ഉത്തരയ്ക്ക് ഇഷ്ടം ഒളിച്ചു കളിക്കാനാണ്. ‘ത്രീ ഫ്ളോർസ് എന്നു പേരിട്ട ഒളിച്ചുകളി. സ്കൂളിലെ മൂന്നു നിലകളിലായി കുട്ടികൾ ഒളിക്കും. ക്യാച്ചർ അവരെ കണ്ടെത്തണം. അത് അത്ര എളുപ്പമൊന്നുമല്ലെന്ന് ഉത്തര പറയുന്നു. പഠനത്തിലും പാട്ടിലുംപോലെ ഈ കളിയിലും താൻ മിടുക്കിയാണെന്ന് ഉത്തര പറയുന്നു. പ്ലസ് ടു വിദ്യാർഥിയായ ചേട്ടൻ വസുദേവ് കൃഷ്ണയ്ക്കു പരീക്ഷയായതുകൊണ്ടു വീട്ടിൽ ഇപ്പോൾ ടിവിക്കു നിരോധനമാണ്. അതുകൊണ്ട് ഇഷ്ടമുള്ള കാർട്ടൂൺ ചാനൽ കാണാൻ പറ്റുന്നില്ലെന്നാണ് ഉത്തരയുടെ പരാതി. ‘ഓഗി ആൻഡ് കോക്ക്റോച്ചസ് കാണാതിരിക്കാനാവില്ല. ‘ടോം ആൻഡ് ജെറിയാണെങ്കിൽ ഉറ്റ കൂട്ടുകാർ.

അടങ്ങിയിരിക്കില്ലെന്നാണ് ഉത്തരയെ കുറിച്ചുള്ള അമ്മ പ്രിയയുടെ പരാതി. ഒരു 15 മിനിറ്റ് അടങ്ങിയിരുന്നാലായി. പിന്നെ, ഓടാൻ തുടങ്ങും. അമ്മ ഇങ്ങനെയൊക്കെ പറയുമ്പോഴും ഉത്തരയുടെ മുഖത്തു ഞാൻ നല്ല കുട്ടിയാണെന്ന ഭാവമുണ്ട്. അല്ലേയെന്നു നമ്മളോടൊരു ചോദ്യവും..

ചോക്ലേറ്റ് ഉണ്ടോ?

എല്ലാത്തിനുമപ്പുറം ഉത്തരയ്ക്ക് മറ്റൊരിഷ്ടമുണ്ട്. എല്ലാ കുട്ടികളെയും പോലെ ചോക്ലേറ്റിനോട്. ആ ഇഷ്ടമറിയാവുന്നവരെല്ലാം അഭിനന്ദനവുമായി ഉത്തരയെ കാണാനെത്തുമ്പോൾ കൈയിൽ ഒരു ചോക്ലേറ്റ് പെട്ടിയും കരുതും. അതു കാണുമ്പോൾ ചെറുതല്ലാത്ത സന്തോഷം ആ മുഖത്തു വിടരും. സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയ്ക്ക് ഉത്തര പറഞ്ഞു, ‘ഇപ്പോ വരാം. പോയത് തന്റെ ഇഷ്ട ചോക്ലേറ്റായ ‘ഫെറെരോ റോഷർ തേടിയാണ്. ചമ്മിയ മുഖത്തോടെയാണു മടങ്ങി വരവ്. ‘ഇല്ല. എല്ലാം ചേട്ടൻ എടുത്തു. ഇനി വരുമ്പോൾ എന്തായാലും തരാം...

ഇഷ്ടം

അച്ഛൻ ഉണ്ണിക്കൃഷ്ണന്റെ പാട്ടുകളിൽ ഉത്തരയ്ക്ക് ഇഷ്ടമുള്ളത് ∙ നറുമുഖയേ... ∙ ഉയിരും നീയേ... ∙ എന്നവളേ അടി എന്നവളേ... (പിന്നെയെല്ലാ പാട്ടും ഇഷ്ടം!)

മറ്റു പാട്ടുകളിൽ ഉത്തരയ്ക്ക് ഇഷ്ടമുള്ളത് ∙ സ്കൈഫാൾ... (ഇംഗ്ലിഷ്) ∙ ആനന്ദയാഴെ... (തമിഴ്) ∙ തും ഹീ ഹോ... (ഹിന്ദി) (പിന്നെയും ഒരു പാടുണ്ട്... മലയാളം പാട്ട് വല്യ പരിചയമില്ല)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.