കാണികളെ ഞെട്ടിച്ച് മൈലി, പുരസ്‌കാരങ്ങൾ കരസ്ഥമാക്കി സ്വിഫ്റ്റ്

Taylor Swift - Miley Cyrus

ഈ വർഷത്തെ എംടിവി വിഎംഎ പുരസ്‌കാരദാനച്ചടങ്ങ് സമാപിച്ചപ്പോൾ കാണികളെ കൈയിലെടുത്തത് മൈലി സൈറസായിരുന്നു. വിഎംഎയുടെ അവതാരകയായി എത്തിയ മൈലിയുടെ വേഷങ്ങളാണ് കാണികൾക്ക് അമ്പരപ്പുണ്ടാക്കിയത്. കൗതുകകരമായ വേഷങ്ങൾ അണിഞ്ഞുകൊണ്ടായിരുന്നു മൈലി സ്റ്റേജിൽ എത്തിയത്. കഴിഞ്ഞ വർഷത്തെ എംടിവി വിഡിയോ മ്യൂസിക്ക് പുരസ്‌കാരത്തിലെ താരമായിരുന്നു മൈലി. പുരസ്‌കാരം കരസ്ഥമാക്കുക മാത്രമല്ല, ജസി എന്ന തെരുവ് യുവാവിനെ പുരസ്‌കാരം ഏറ്റുവാങ്ങുവാൻ സ്‌റ്റേജിൽ എത്തിച്ചും, സമ്മാനമായി ലഭിച്ച തുക തെരുവിൽ അലയുള്ള യുവാക്കൾക്കായി സമർപ്പിച്ചും എല്ലാവരുടേയും പ്രശംസ മൈലി പിടിച്ചു പറ്റിയിരുന്നു.

അവതരണത്തിലും വസ്ത്രധാരണത്തിലും വ്യത്യസ്തയായി മൈലി ശ്രദ്ധേയയായെങ്കിൽ നാല് പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയാണ് ടെയ്‌ലർ സിഫ്റ്റ് പുരസ്‌കാര നിശയിലെ താരമായത്. പത്ത് നാമനിർദ്ദേശങ്ങൾ നേടിയ സ്വിഫ്റ്റ് നാല് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ ബാഡ് ബ്ലെഡിനാണ് വിഡിയോ ഒാഫ് ദ ഇയർ പുരസ്‌കാരം ലഭിച്ചത്. ബെസ്റ്റ് ഫീമെയിൽ വിഡിയോയായി സ്വിഫ്റ്റിന്റെ തന്നെ ബ്ലാങ്ക് സ്‌പെയ്‌സ് തിരഞ്ഞെടുത്തു. കൂടാതെ ബെസ്റ്റ് പോപ്പ് വിഡിയോ പുരസ്‌കാരവും, ബെസ്റ്റ് കൊളാബ്രേഷൻ പുരസ്‌കാരവും സ്വിഫ്റ്റിനായിരുന്നു. മാർക്ക് റോൺസണിന്റെ അപ്ടൗൺഫങ്കാണ് മികച്ച മെയിൽ വിഡിയോ. മികച്ച ഹിപ്പ് ഹോപ്പ് വിഡിയോയായി തിരഞ്ഞെടുക്കപ്പെട്ടത് നിക്കി മിനാജിന്റെ അനാക്കോണ്ടയാണ്.

കഴിഞ്ഞ തവണത്തെപ്പോലെ തന്നെ മികച്ച പെർഫോമൻസുകൊണ്ടും സമ്പന്നമായിരുന്നും വിഎംഎ. ടെയ്‌ലർ സ്വിഫ്റ്റ്, നിക്കി മിനാജ്, ഫാരലൽ വില്യംസ്, മൈലി സൈറസ്, വാക്ക് ദ മൂൺ, നിക്ക് ജോൺസ്, ടോഡ്രിക്ക് ഹാൾ, മാക്കിൾമോർ, റയാൻ ലയിസ്, എറിക്ക് നെല്ലി, ഡെമി ലോവറ്റോ തുടങ്ങിയവരുടെ പ്രകടനങ്ങൾ വിഎംഎയിലുണ്ടായിരുന്നു.