സ്റ്റൈൽ ലുക്കിൽ സ്റ്റൈൽ ഗാനം പാടി എ.ആർ.റഹ്മാന്റെ സഹോദരി

എ.ആര്‍.റഹ്മാൻ കുടുംബത്തിലെ എല്ലാവരും പാടുന്നവരാണ്. അദ്ദേഹത്തിന്റെ മൂന്നു മക്കളും രണ്ടു സഹോദരിമാരും മികച്ച ഗായകരാണ്. അദ്ദേഹത്തിന്റെ ഈണത്തിൽ സിനിമകളിലും ആൽബങ്ങളിലും ഇവർ ശ്രദ്ധേയമായ ഗാനങ്ങൾ ഇവർ ആലപിച്ചിട്ടുമുണ്ട്. ഹോളിവുഡ് സിനിമയിലൂടെ സംഗീത സംവിധായികയാകുകയാണ് സഹോദരിമാരിലൊരാളായ ഇഷ്രത് ഖ്വാദ്രി. സിനിമയിലെ ഒരു പാട്ടിനെ ആസ്പദമാക്കി നിർമിച്ച വിഡിയോയും പുറത്തുവിട്ടു. സിനിമയിൽ ഈണമിട്ട പാട്ടുകളിലൊന്നിന്റെ തമിഴ് വേർഷൻ വിഡിയോയാണിത്. സ്റ്റൈൽ ലുക്കിൽ സ്റ്റൈൽ പാട്ട് പാടുകയാണ് അവർ. ലേക്ക് ഓഫ് ഫയർ എന്നാണു ചിത്രത്തിന്റെ പേര്. 

എ.ആർ.റഹ്മാൻ സംഗീത സംവിധാന രംഗത്ത് എത്തിയതു മുതൽക്കേ ഇഷ്രതും സജീവമാണ്. ഒട്ടുമിക്ക എ.ആർ.റഹ്മാൻ ഗാനങ്ങളുടെ ബാക്കിങ് വോക്കലിലും സ്റ്റേജ് പരിപാടികളിലും ഇവരുമുണ്ടാകാറുണ്ട്. റഹ്മാൻ ഈണമിട്ട എന്നിലെ മഹാഒളിയോ എന്ന പ്രശസ്ത ആൽബം ഗാനം പാടിയത് ഇഷ്രതും മറ്റൊരു സഹോദരിയായ എ.ആർ.റെയ്ഹാനയും ചേർന്നാണ്. എ.ആർ-മണിരത്നം കൂട്ടുകെട്ടിലെ പുതിയ ചിത്രം, കാട്രുവെളിയിടൈയിലെ ഏറ്റവും ഹിറ്റ് ഗാനം സരട്ടു വണ്ടിയില പാടിയത് റയ്ഹാനയും സംഘവുമാണ്.