അതു സംവിധായകന്റെ ഐഡിയ, ട്രോളുകളോട് ഏറെയിഷ്ടം: ഗോപി സുന്ദറിന്റെ പ്രതികരണം

അന്തരിച്ച സംവിധായകൻ ദീപന്റെ സത്യം എന്ന ചിത്രത്തിൽ റോമ പാടിയാടിയ ഒരു ഐറ്റം ഗാനമാണ് രാവിലെ മുതൽക്കേ ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ പാട്ടിനെ വിമർശിച്ചുകൊണ്ടുളള ട്രോൾ മഴയെ വളരെ പോസിറ്റ് ആയ രീതിയിലാണു കാണുന്നതെന്ന നിലപാടിലാണ്  സംവിധായകന്‍ ഗോപി സുന്ദര്‍. ക്ലാസികൽ പാട്ടു വച്ച് ഐറ്റം ഡാൻസ് ചെയ്യുക എന്ന ആശയം ചിത്രത്തിന്റെ സംവിധായകൻ ദീപന്റേത് ആയിരുന്നുവെന്നുമാണ് ഗോപി സുന്ദർ മനോരമ ഓൺലൈനോടു പറഞ്ഞിരിക്കുന്നത്.

ഒരു സംഗീത പരിപാടിയ്ക്കായി കുവൈറ്റിലാണുള്ളത്. ട്രോളുകളൊന്നും എന്നെ വിഷമിപ്പിക്കുന്നില്ല. ട്രോളുകളെല്ലാം പാട്ടിന് കൂടുതൽ പ്രചരണം നൽകുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. എന്ത് നെഗറ്റീവ് കാര്യത്തിലും ഒരു പോസിറ്റിവ് വശം കണ്ടെത്തുന്നയാളാണ് ഞാൻ. ഇവിടെയും അങ്ങനെ തന്നെ. ക്ലാസികൽ ഗാനത്തിൽ ഒരു ഐറ്റം ഗാനം വേണം എന്നുള്ളത്  ഞാൻ ഏറെ ബഹുമാനിക്കുന്ന ദീപൻ ചേട്ടന്റെ ആശയമായിരുന്നു ഇങ്ങനെയൊരു പാട്ട് വേണം എന്നുള്ളത്. അതു ചെയ്തു അത്രമാത്രം. അദ്ദേഹം വ്യക്തമാക്കി.

ഐറ്റം ഡാൻസ് എന്ന നിലയിലാണ് വിഡിയോ എത്തിയതെങ്കിലും അതിലെ പാട്ട് ഒരു ഭക്തി ഗാനം പോലെയാണുള്ളത്. ചടുലവും ഗ്ലാമറസുമാണ് ഡാൻസ്. ഇക്കാര്യങ്ങളാണ് പാട്ട് ട്രോൾ ചെയ്യപ്പെടാൻ കാരണമായത്. ഗോപി സുന്ദറിന്റെ പാട്ടുകൾ ഇതാദ്യമായൊന്നുമല്ല ഇതുപോലെ ട്രോള്‍ ചെയ്യപ്പെടുന്നത്. ട്രോളുകളെല്ലാം പാട്ടുകൾക്ക് പ്രചരമാണ് നൽകുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എങ്കിലും അടുത്ത കാലങ്ങളിലൊന്നും ഇത്രയധികം ട്രോളുകളും ഹാസ്യ വിഡിയോകളും മറ്റൊരു മലയാളം ഗാനത്തിനും ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം.