ഐറ്റം ഗാനം ആണെന്നു പറഞ്ഞിരുന്നു: സിത്താര

സത്യ എന്ന ജയറാം ചിത്രത്തിലെ റോമയുടെ ഐറ്റം ഡാൻസും അതിന്റെ പാട്ടും തമ്മിൽ ഒരു ചേർച്ചയുമില്ലെന്ന പ്രേക്ഷക പ്രതികരണമാണ് നിലവിൽ ട്രോൾ വീരൻമാരുടെ ഇഷ്ട വിഷയം. ഐറ്റം ഗാനം എന്ന നിലയിലാണ് പാട്ട് എത്തുന്നതെങ്കിലും പാട്ടു കേട്ടാൽ അതൊരു ഭക്തി ഗാനമാണെന്നേ തോന്നുകയുള്ളൂ. റോമയുടെ ഹോട്ട് ‍ഡാൻസ് ആണു പാട്ടിനൊപ്പമുള്ളത്. റോമയുടെ ഡാൻസിനു ചേരുന്ന പാട്ട് തേടിപ്പിടിച്ചെടുത്തും പാട്ടിനു ചേരുന്ന സിനിമ രംഗം തേടിയെടുത്തും വിഡിയോകള്‍ തയ്യാറാക്കിയും സംഗീത സംവിധായകനായ ഗോപി സുന്ദറിനെ ഹാസ്യ രൂപേണ വിമർശിച്ചുമുള്ള ട്രോളുകളുടെ ബഹളം തന്നെയാണ്.

"ഐറ്റം ഗാനം എന്നു തന്നെ പറഞ്ഞാണ് പാടിച്ചതെന്ന് സിത്താര മനോരമ ഓൺലൈനോടും വ്യക്തമാക്കി. പാട്ടിന്റെ സീൻ എന്താണ് എന്നതിനെ കുറിച്ചൊന്നും നമുക്കറിയില്ലല്ലോ. പിന്നെ പാട്ട് പാടിക്കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് ആലോചിച്ച് തലപുകയ്ക്കാത്ത ഒരാളാണു ഞാൻ. ഇവിടെയും അങ്ങനെ തന്നെ. ‌ എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. അതിനിടയിൽ ഒരു പാട്ട് ചർച്ചയായെങ്കിൽ അതിനെ പോസിറ്റിവ് ആയിട്ടും രസകരമായിട്ടുമാണ് കാണുന്നത്. ട്രോളുകൾ എല്ലാം തമാശയായിട്ടേ കണ്ടിട്ടുള്ളൂ. അതിലൊന്നും ഒരു വിഷമമവുമില്ല". സിത്താര പറഞ്ഞു. ഗോപി സുന്ദറിനൊപ്പം കുവൈറ്റിൽ ഒരു ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് സിത്താരുടെ പ്രതികരണം. 

ട്രോളി ട്രോളി മരിക്കുക എന്നൊക്കെ തമാശയ്ക്കു പറയാറില്ലേ. ആ അവസ്ഥയിലാണ് റോമയുടെ ഈ ഐറ്റം ഗാനത്തിന്റെ കാര്യം. പാട്ട് മനോഹരമാണ്. വരികളും. ഗോപി സുന്ദർ നൽകിയ സംഗീതവും സിത്താരയുടെ ആലാപനവുമെല്ലാം അതിമനോഹരം. പക്ഷേ പാട്ടിനെ ഒരു ഐറ്റം ഗാനമായി കാണാനാകില്ലെന്നതാണു വാസ്തവം.