ട്രോളൻമാരെ പരിഹസിച്ച ഗോപി സുന്ദറിന് കിട്ടിയ പണി

മലയാളത്തിൽ ഏറ്റവുമധികം വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയമാകുന്ന സംഗീത സംവിധായകനാണു ഗോപി സുന്ദർ. അദ്ദേഹത്തിന്റെ ചില ഗാനങ്ങൾക്കു മറ്റു പാട്ടുകളോടു വന്ന സാമ്യം ആണ് ഇതിനു കാരണം. ട്രോളുന്നവരെ തിരിച്ചു ട്രോളുകയും അതെല്ലാം തമാശയായി എടുക്കുകയും ചെയ്യുന്ന ഗോപി സുന്ദറിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കമന്റുകൾ നിറയുകയാണ്. തന്നെ ട്രോളുന്നവരെ പരിഹസിച്ചിട്ട പോസ്റ്റ് ട്രോളന്മാർ ആഘോഷിക്കുകയാണ്. 

ഞാൻ ജോലിയിലാണ്....പട്ടികൾ കുരയ്ക്കാനായി കാത്തുനിൽക്കുന്നു. തമാശയ്ക്കു പറഞ്ഞതാണ്. ഇക്കാര്യം എന്നെപോലെ തന്നെ നിങ്ങളും സ്പോർട്സ്മാന്‍ സ്പിരിറ്റിലെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഒരു നായ ഗോപി സുന്ദറിന്റെ സ്റ്റുഡിയോയ്ക്കുള്ളിൽ ഇരിയ്ക്കുന്ന ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തു. പിന്നാലെയെത്തി ആളുകളുടെ മറുപടിയും. കള്ളൻമാരെ കണ്ടിട്ടാണ് പട്ടികൾ കുരയ്ക്കുന്നത്...അതിനർഥം കള്ളൻമാർ പണിനിർ‌ത്തണം എന്നല്ല...അവർ‌ കുരയ്ക്കുന്നു അത്രയേയുള്ളൂ. ഈ മറുപടിയും തമാശയായി കണ്ടാൽ മതി എന്ന രീതിയിലായിരുന്നു നിരവധി പേർ ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്. 

പാട്ടിന്റെ പ്രൊമോഷനു വേണ്ടി ചില ഹിറ്റ് ഗാനങ്ങളോട് മന:പൂർവ്വം സാമ്യം വരുത്തുന്നതാണെന്നു ഗോപി സുന്ദർ തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ട്രോളുകളേയും ഒരു പ്രൊമോഷനു വേണ്ടി മാത്രം കരുതുന്നുവെന്ന് അദ്ദേഹം പറയുമ്പോഴും ഇടയ്ക്കിടെ ഇത്തരം പ്രകോപനപരമായ പോസ്റ്റുകളും ചെയ്യാറുണ്ട്. സത്യ എന്ന ചിത്രത്തിലെ ഒരു ഐറ്റം ഗാനമായിരുന്നു അടുത്തിടെ ട്രോളൻമാർ ആഘോഷിച്ച ഗോപി സുന്ദർ ഗാനം. 

ഇങ്ങനേയും ഐറ്റം ഡാൻസോ? സത്യയിലെ പാട്ടിന് ട്രോൾ മഴ...

കഴിഞ്ഞ രണ്ടു വർഷവും മലയാളത്തിൽ ഏറ്റവുമധികം ഗാനങ്ങൾക്ക് ഈണമിട്ട സംഗീത സംവിധായകനാണു ഗോപി സുന്ദർ. തെലുങ്കിലും കന്നഡയിലും കൈ നിറയെ പ്രോജക്ടുകളും കിട്ടി. 2015ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 1983 എന്ന ചിത്രത്തിനു നൽകിയ പശ്ചാത്തല സംഗീതത്തിനു ഗോപി സുന്ദറിന് അവാർഡ് കിട്ടിയിരുന്നു.