കരഞ്ഞു മതിയായി, ഇനി കരയില്ല! മനസു തൊടുന്ന സംഗീത വിഡിയോയുമായി അമൃത

നഷ്ട‌പ്പെടലിന്റെ, ഒറ്റപ്പെടലിന്റെയൊക്കെ ഇരുട്ടിലേക്കു വീണുപോയ ഒരുപാട് സ്ത്രീകളുണ്ടാകാം...നമുക്കു ചുറ്റും. നിശബ്ദതയുടെ, കണ്ണുനീരിന്റെ കൂടാരം തീർത്ത് അതിലേക്ക് ഒടുങ്ങിപ്പോയവർ. സ്വപ്നങ്ങൾക്കു ചിത കൂട്ടിയവർ. ജീവിതത്തിൽ നിന്ന് നടന്നകലന്നുവർ. അങ്ങനെയുള്ള കൂട്ടുകാരിയോട് പെങ്ങളോട് സഹപാഠിയോട് ഒക്കെ പറയണം കാറ്റിനെ പോലെ ഊർജസ്വലയായി പൂവിനെ പോലെ പുഞ്ചിരിച്ച് കാട്ടരുവിയെ പോലെ പ്രസന്നയായി തിരിച്ചുവരൂ എന്ന്. പോയകാലത്തെ ദുംഖങ്ങളെ, നീ കാരണമല്ലാതുണ്ടായ നൊമ്പരങ്ങളെ ഒരു കടങ്കഥയെന്ന പോലെ നോക്കി ചിരിച്ച് തിരികെ വരൂ എന്ന്. അമൃത സുരേഷ് സംഗീത സംവിധാനം നിർവ്വഹിച്ച് പാടിയഭിനയിച്ച 'അണയാതെ' എന്ന ഈ മനോഹരമായ മ്യൂസിക് വിഡിയോ ഓരോ പെൺമനസിനോടും മന്ത്രിക്കുന്നത് ഇക്കാര്യമാണ്. അണയാതെ എന്നു 

അമൃതയുടെ ആദ്യ സംഗീത സൃഷ്ടിയും അഭിനയവും അതിമനോഹരം എന്നു തന്നെ പറയണം. ഓരോ വരികളിലും കാഴ്ചകളിലുമുണ്ട് ദുംഖത്തിന്റെ ആഴവും അതിനെ തരണം ചെയ്ത് പുഞ്ചിരിയോടെ ജീവിതത്തിലേക്കു തിരികെ വരൂ എന്ന ആഹ്വാനവും. സംഗീത രംഗത്ത് എത്തി ഇത്രയവും വർഷങ്ങൾ പിന്നിട്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു മ്യൂസിക് വിഡിയോ അമൃത പുറത്തിറക്കുന്നത്. പ്രൊഫഷണലിസവും ക്രിയാത്മകതയും ഒത്തുചേർന്ന സൃഷ്ടിയിൽ അമൃതയ്ക്ക് ഒരു കയ്യടി നൽകണം.

"പണ്ടേ മുതൽക്കേയുള്ളൊരു സ്വപ്നമാണിത്. സംഗീത വിഡിയോകൾ ചെയ്തു തുടങ്ങുമ്പോൾ ആദ്യത്തേത് പെൺമനസുകൾക്കു വേണ്ടിയുള്ളതാകണം എന്നു ചിന്തിച്ചിരുന്നു. നിർമാതാവും അഭിനേതാവുമായി വിജയ് ബാബുവാണ് ഊർജം നൽകിയത്. ഇത്രയും വർഷമായില്ലേ സംഗീത രംഗത്ത് എത്തിയിട്ട് എന്തെങ്കിലുമൊക്കെ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്തു തുടങ്ങേണ്ട സമയം കഴിഞ്ഞു. അദ്ദേഹം പറഞ്ഞു. അദ്ദേഹവുമൊത്തുള്ള സംസാരത്തിനിടയിലാണ് ഈ വിഷയം തന്നെ തീരുമാനിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്'. 

അഭിനയിക്കാൻ ഒത്തിരി പേടിയായിരുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ് ഒക്കെ. പിന്നെ എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ അങ്ങ് ചെയ്തു. സംവിധായകൻ വിപിൻ ദാസ് പറ‍ഞ്ഞു, അതുപോലെ ചെയ്തു. അഭിനയം ഒരുവിധം ഒപ്പിച്ചു എന്നു പറയുന്നതാകും ശരി. അനിയത്തി അഭിരാമിയാണ് എന്റെ ഏറ്റവും വലിയ പ്രോത്സാഹനവും വിമർശകയും. അവൾക്ക് പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു. അഭിനയം കുറച്ചുകൂടി മെച്ചപ്പെടുത്താനുണ്ടെന്നു പറഞ്ഞു." അമൃത പറഞ്ഞു.

ഒരുപാട് ദുംഖങ്ങളിൽപെട്ട് ഒറ്റയ്ക്കായി പോയ ഒരു പെൺകുട്ടി, അവൾ അനുഭവിക്കുന്ന ഏകാന്തതയേയും ജീവിതത്തിന്റെ നിറങ്ങളിലേക്കുള്ള തിരിച്ചുവരവും കാടിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ജീവിതത്തില്‍ കടുത്ത ദുംഖം നേരിടേണ്ടി വരുന്നുവെന്നാൽ അത് കൊടുംകാട്ടിൽ ഒറ്റപ്പെട്ടു പോയതുപോലെയാണല്ലോ. പിന്നീട് എല്ലാം മറന്ന് അതിജീവിച്ച് ജീവിതത്തെ തിരിച്ചറിഞ്ഞ് മടങ്ങിവരുന്നത് ഒരു അപ്പുപ്പൻതാടിയുടെ സഞ്ചാരം പോലെ മനോഹരവും. അതുതന്നെയാണിവിടെ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ആൽബത്തിന്റെ ചിത്രീകരണം പൂർ‌ത്തിയാക്കിയത്. പക്ഷേ ഏതോ ഒരു കാട്ടിൽ, അതും അത്രയേറെ വിഭിന്നഭാവങ്ങളിലുള്ള കാട്ടിൽ വച്ചു ചിത്രീകരിച്ചുവെന്നേ കാഴ്ചക്കാർക്ക് തോന്നുകയുള്ളൂ. കുഗൻ എസ്. പലാനിയുടേതാണു ഛായാഗ്രഹണം. വരികൾ ആർ.വേണുഗോപാലിന്റേതും. 

സങ്കടങ്ങളുടെ നെരിപ്പോടും മെഴുകുതിരി നാളത്തിന്റെ വിശുദ്ധിയോടെ ജീവിതത്തിലേക്കു തിരിച്ചു വരുന്ന നിമിഷങ്ങളും അമൃത തൻമയത്തത്തോടെ അവതരിപ്പിച്ചു. അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും അമൃതയെ മ്യൂസിക് വിഡിയോയുടെ ആശയത്തോട് ചേർത്തുനിർത്തുന്നു. സംവിധായകൻ വിപിൻ ദാസിന്റെ ഭാര്യ അശ്വതിയാണ് കോസ്റ്റ്യൂം ഡിസൈനർ. അശ്വതിയുടേയും തുടക്കം ഈ വിഡ‍ിയോയിലൂടെയാണ്.

നെഞ്ചം വിങ്ങും നോവിൻ ഈണം പോലെ മാറും പെണ്ണേ...എന്ന വരികളിൽ തുടങ്ങുന്ന പാട്ടിലുള്ളത് തന്റെ ജീവിതം തന്നെയാണെന്ന് അമൃത പറയുന്നു. എന്റെ ജീവിതത്തിൽ ഞാനും കുറേ കരഞ്ഞിട്ടുണ്ട്...അങ്ങനെ കരഞ്ഞ ഒരുപാടു പേരെ എനിക്കറിയാം...എന്നെപ്പോലെ കരഞ്ഞു മടുത്ത് ജീവിതത്തിലേക്കെത്തിയവർക്കായിട്ടാണ് ഈ വിഡിയോ തയ്യാറാക്കിയത്. അവരാണു പ്രചോദനവും...എല്ലാവരോടും പറയാൻ ഒന്നേയുള്ളൂ എനിക്ക്...

കരയരുത്...കരഞ്ഞു തളരരുത്...