ഇനിയെന്ന് മലയാളത്തിൽ? രസകരമായ മറുപടിയുമായി എ.ആര്‍.റഹ്മാൻ

ഒരു മലയാളം ചിത്രത്തിൽ ഇനിയെന്നാണ് മദ്രാസിന്റെ സംഗീത ചക്രവർത്തി എ.ആർ.റഹ്മാൻ ഈണമിടുക എന്ന് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ടു കാലം കുറേയായി. മലയാളത്തിൽ നിന്ന് ഏതു മാധ്യമവും റഹ്മാന്റെ അഭിമുഖം എടുത്താലും ഒരു ചോദ്യവും അതുതന്നെയാണ്. ആദ്യമായി കാൻ ചലച്ചിത്രോത്സവത്തിലെത്തിയപ്പോഴും റഹ്മാൻ അങ്ങനെയൊരു ചോദ്യം നേരിട്ടു. വളരെ രസകരമായാണ് അദ്ദേഹം ചോദ്യകർത്താവിനോട് മറുപടി പറഞ്ഞത്...

നിങ്ങൾ ഒരു ഫിലിം പ്രൊഡ്യൂസ് ചെയ്യൂ...ഞാൻ അത് സംഗീതം ചെയ്യാം...ചെറുചിരിയോടെ റഹ്മാൻ ഉത്തരം പറഞ്ഞു. തമിഴിലും ഇംഗ്ലിഷിലുമായിരുന്നു ബാക്കിയെല്ലാ ചോദ്യത്തിനും ഉത്തരം നൽകിയതെങ്കിലും ഇത്തവണ മലയാളത്തിലായിരുന്നു മറുപടി. കേരളവുമായുള്ള അടുപ്പത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. അച്ഛന്‍ മലയാളം ചിത്രങ്ങൾക്കായിരുന്നു സംഗീതം ചെയ്തിരുന്നത്. മലയാളത്തിലെ പഴയകാല പ്രതിഭാധനരായ സംഗീത സംവിധായകരുമായെല്ലാം നല്ല അടുപ്പമുണ്ട്. അവര്‍ സംഗീതം ചെയ്യുന്നത് കണ്ടായിരുന്നു വളർന്നത്. 14-15 വയസുവരെ മലയാളം സംഗീത മേഖലയോടായിരുന്നു ഏറെ പരിചയം. റഹ്മാൻ പറഞ്ഞു.

പുതിയതായി സംഗീതം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയുടെ പ്രചരണത്തിനും കൂടിയാണ് റഹ്മാൻ കാനിൽ എത്തിയത്. കാനിൽ എത്തുമ്പോൾ ദക്ഷിണേന്ത്യൻ സിനിമയെന്നോ ബോളിവുഡെന്നോ വേർതിരിച്ചു കാണാനാകില്ല. തമിഴിലേയും തെലുങ്കിലേയും ബോളിവുഡിലേയും ചിത്രങ്ങൾ ഇവിടെയുണ്ട്. ഇവിടെയെല്ലാം ഇന്ത്യൻ ചിത്രങ്ങൾ മാത്രമാണ് റഹ്മാൻ പറഞ്ഞു.ആദ്യമായി കാനിൽ എത്തിയതിന്റെ ആകാംഷയുണ്ട്. മറ്റു രാജ്യങ്ങളിലെ ചലച്ചിത്ര പ്രവർത്തകർ അറുപതുകളിലെ ബോളിവുഡ് സിനിമകളെ സിനിമകളെ പറ്റി സംസാരിക്കുമ്പോൾ ഏറെ അഭിമാനമാണു തോന്നുന്നതെന്നും റഹ്മാൻ പറഞ്ഞു. 

മണിരത്നത്തിന്റെ റോജയിലൂടെയാണ് എ.ആർ.റഹ്മാൻ സംഗീതം ആദ്യമായി കേട്ടുതുടങ്ങിയതെങ്കിലും അതായിരുന്നില്ല അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ഒരു മലയാളം ചിത്രമായിരുന്നു അത്. യോദ്ധ. യോദ്ധയ്ക്കു മുൻപേ പുറത്തിറങ്ങിയത് റോജയായിരുന്നു. റോജയിലെ ഗാനങ്ങൾ ദശാബ്ദങ്ങളുടെ ഗാനമായി മാറി. എ.ആർ.റഹ്മാന്റെ യാത്ര രണ്ട് ഓസ്കർ പുരസ്കാരങ്ങൾ നേടുന്നതു വരെയെത്തി. സംഗീത ജീവിതത്തിൽ 25 വര്‍ഷങ്ങൾ പൂർത്തിയാക്കുമ്പോഴും യോദ്ധയ്ക്കു ശേഷം ഒരു മലയാളം ചിത്രത്തിലും എ.ആർ.റഹ്മാൻ സംഗീതം വന്നിട്ടില്ല. ബി‌.ആർ.ഷെട്ടി നിർമിക്കുന്ന മോഹൻലാൽ നായകനാകുന്ന മഹാഭാരതം എന്ന ചിത്രത്തിൽ റഹ്മാൻ ആയിരിക്കും സംഗീതം ചെയ്യുക എന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനു സ്ഥിരീകരണമായിട്ടില്ല.