രാജമൗലിയുടെ മകൻ പറയുന്നു ഈ വിഡിയോ ഏറ്റവും മികച്ചത്...

ക്ലാസിക് ഗാനങ്ങൾക്ക് കവർ വേർഷനുകൾ തയ്യാറാക്കിയും ഇൻസ്ട്രുമെന്റൽ ഫ്ലാഷ് മോബ് ചെയ്തുമൊക്കെ ശ്രദ്ധ നേടിയ ആളാണ് അഭിജിത് പി.എസ്.നായർ എന്ന വയലിനിസ്റ്റ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വാദ്യോപകരണ വിദഗ്ധരിലൊരാള്‍ കൂടിയാണ് ഇദ്ദേഹം. എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രം പുറത്തിറങ്ങിയപ്പോഴും സിനിമയിലെ ഒരു ഗാനത്തിനു കവർ വേർഷൻ തീർത്തു അഭിജിത്. ബാഹുബലി ഗാനങ്ങളോടുള്ള ജനങ്ങളുടെ സ്വീകാര്യത വെളിവാക്കുന്നതായിരുന്നു പാട്ടിനു കിട്ടിയ പ്രതികരണവും. അതിലൊരു അഭിനന്ദനം ഒരുപാട് സ്പെഷ്യൽ ആയിരുന്നു.

രാജമൗലിയുടെ മകനും സിനിമയുടെ സഹ നിർമാതാവുമായ എസ്.എസ്.കാർത്തികേയയുടേതായിരുന്നു ആ വാക്കുകൾ. ബാഹുബലിയ്ക്ക് ആദരം അർപ്പിച്ചുകൊണ്ടെത്തിയ വിഡിയോകളിൽ ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് അഭിജിത്തിന്റെ വിഡിയോയെ കാർത്തികേയ വിശേഷിപ്പിച്ചത്. തനിക്കേറ്റവുമിഷ്ടപ്പെട്ട വാദ്യോപകരണം വയലിൻ ആണെന്നും ട്വീറ്റ് ചെയ്തു. അഭിജിതിന്റെ സംഗീത വിഡിയോയ്ക്ക് ഫെയ്സ്ബുക്കിലും യുട്യൂബിലും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. 

അഭിജിത് വയലിൻ വായിക്കുമ്പോൾ ജോർജ് വർഗീസ് ആണു കീബോർഡ് കൈകാര്യം ചെയ്തിരിക്കുന്നത്. ബാഹുബലിയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും എം.എം. കീരവാണിയാണു ചെയ്തത്. ദന്താലയ്യ എന്ന ഈ ഗാനം എഴുതിയതും അദ്ദേഹം തന്നെയാണ്. കാല ഭൈരവയാണു ഈ പാട്ട് പാടിയത്.