എ.ആര്‍.റഹ്മാന്റെ പരിപാടിയില്‍ നിന്ന് ആരാധകർ ഇറങ്ങിപ്പോയി

എ.ആർ.റഹ്മാന്റെ പരിപാടികൾ ആളുകൾക്ക് ഹരമാണ് എന്നാണല്ലോ ധാരണ. ഇത്രയും നാൾ സംഭവിച്ചതും അതാണ്. ദശാബ്ദത്തിലൊരിക്കൽ നടക്കുന്ന എന്തോ ഒന്ന് കാണാനെന്ന പോലെയാണ് എ.ആർ.റഹ്മാൻ എത്തുന്ന വേദികളിലേക്ക് ആളുകളുടെ ഒഴുക്ക്. ലണ്ടനിലും അതു തന്നെയാണ് സംഭവിച്ചത്. എന്നാൽ പരിപാടി പകുതി കഴിഞ്ഞപ്പോൾ ആരാധകരിൽ കുറേപേർ വേദിവിട്ടു.  തന്റെ സംഗീത ജീവിതത്തിന്റെ 25 വർഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി റഹ്മാൻ ലണ്ടനിൽ അവതരിപ്പിച്ച സംഗീത പരിപാടിയിൽ നിന്ന് ആളുകൾ ഇറങ്ങിപ്പോയി. ട്വിറ്ററിലും മറ്റും അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് പോസ്റ്റും ഇട്ടു. സമൂഹമാധ്യമങ്ങളിൽ ഇതേ സംബന്ധിച്ച് ചർച്ച ചൂടേറുകയാണ്.

വെംബ്‍ലിയിലെ എസ്.എസ്.അറീനയിൽ നടന്ന പരിപാടിയിൽ എ.ആർ.റഹ്മാൻ തമിഴ്ഗാനങ്ങൾ മാത്രം പാടിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. താരത്തിൽ നിന്ന് ഇങ്ങനെയൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും പരിപാടിയുടെ ടിക്കറ്റ് തുക തിരികെ നല്‍കണമെന്നും ആരാധകർ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ സംഭവം എത്തിയതോടെ സംഭവം വൻ ചർച്ചയായി. എ.ആർ.റഹ്മാൻ ഏറ്റവുമധികം പാട്ട് ചെയ്തിട്ടുള്ളത് തമിഴിലാണ്. സംസാര ഭാഷയും തമിഴ്. എന്തിന് പരിപാടിയുടെ പേര് പോലും തമിഴിലാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. മദ്രാസ് മൊസാര്‍ട്ട് എന്നാണ് റഹ്മാനെ വിശേഷിപ്പിക്കുന്നതു പോലും. നേട്രു, ഇൻട്രു, നാലയ് അഥവാ ഇന്നലെ ഇന്ന് നാളെ എന്നാണ് പരിപാടിയുടെ പേര് തന്നെ. ഏഴു വര്‍ഷത്തിനു ശേഷം ലണ്ടനിൽ സംഗീത പരിപാടിയുമായെത്തിയ റഹ്മാനിൽ നിന്ന് തമിഴ് മാത്രമല്ല ഹിന്ദി ഗാനങ്ങളും പ്രതീക്ഷിച്ചെന്നും എത്രയോ ബോളിവുഡ് പാട്ടുകൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും മറ്റൊരു കൂട്ടർ ചോദിക്കുന്നു. മര്യാദ കാണിക്കണമല്ലോയെന്ന് ഓർത്താണ് അദ്ദേഹത്തിന്റെ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകാത്തതെന്നും ചിലർ കുറിച്ചിട്ടുണ്ട്.

വിവാദങ്ങളിൽ ചെന്നു ചാടാത്ത ആളാണു റഹ്മാൻ. തമിഴിൽ തുടങ്ങി ഹോളിവുഡ് വരെ നീണ്ട സംഗീത യാത്രയിൽ ചെയ്ത ഈണങ്ങളിൽ 99 ശതമാനവും മാന്ത്രിക സ്പർശമുള്ളതാണ്. ഓസ്കർ പുരസ്കാരം വരെ നേടി. റഹ്മാന് നേരെ ഉയർന്ന ആരോപണത്തോട് ശക്തമായ വാദപ്രതിവാദമാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. വിവാദത്തോട് ഇതുവരെ റഹ്മാൻ പ്രതികരിച്ചിട്ടില്ല.