നടിയെ ആക്രമിച്ച കേസിൽ പൊലീസിന്റെ ചോദ്യം ചെയ്യൽ: മറുപടിയുമായി റിമി ടോമി

നടിയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ തള്ളി ഗായിക റിമി ടോമി. ദിലീപുമായോ കാവ്യയുമായോ യാതൊരു വിധത്തിലുള്ള സാമ്പത്തിക സ്ഥല ഇടപാടുകളുമില്ലെന്നും നികുതി അടയ്ക്കാത്തതിനാൽ ഒരിക്കൽ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെന്നുള്ളതല്ലാതെ സാമ്പത്തികവുമായി ബന്ധപ്പെട്ട് യാതൊരുവിധ അവിഹിത ബന്ധങ്ങളുമില്ലെന്നും റിമി പഞ്ഞു.  

അനധികൃത സ്വത്ത് സമ്പാദനം ഉണ്ടെങ്കിൽ റെയ്ഡിൽ അറിയാൻ കഴിയില്ലേ? എന്റെ അക്കൗണ്ടിൽ നിന്ന് പണം ആർക്കെങ്കിലും പോയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ പണം വന്നിട്ടുണ്ടെങ്കിൽ അതും അറിയാൻ കഴിയില്ലേ? അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പൊലീസുദ്യോഗസ്ഥനായ ബൈജു പൗലോസ് ഫോൺ വിളിച്ചാണ് വിവരങ്ങള്‍ ആരാഞ്ഞത്. 

രണ്ട് അമേരിക്കൻ പരിപാടികളിൽ ഞാൻ പങ്കെടുത്തിരുന്നു. അതിനെ കുറിച്ചായിരുന്നു എന്നോട് ചോദിച്ചത്. എനിക്ക് അവിഹിതമായ എന്തെങ്കിലും സാമ്പത്തിക ഇടപാട് ആരുമായിട്ടെങ്കിലും ഉണ്ടെങ്കിൽ അതു കണ്ടുപിടിക്കട്ടെ. ഞാൻ വെല്ലുവിളിക്കുക തന്നെയാണ്. ദിലീപും കാവ്യയുമായി യാതൊരു വിധ സാമ്പത്തിക ഇടപാടുമില്ല. റിമി പറഞ്ഞു.

ഇരയായ കുട്ടിയോട് യാതൊരു വിധത്തിലുള്ള പ്രശ്നവും എനിക്കില്ല. സംഭവശേഷം ഞാൻ ഇൗ കുട്ടിക്ക് സന്ദേശമയച്ചു. രമ്യയോട് ഇതേക്കുറിച്ച് സംസാരിച്ചു. വാർത്തകളിൽ ഞാനും ഇരയാക്കപ്പെട്ട കുട്ടിയും തമ്മിൽ എന്തൊക്കെയോ ശത്രുതയുണ്ടെന്നാണ് പറയുന്നത്. എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. 

പിന്നെ പൊലീസ് പറയുന്ന മാഡം ഞാൻ അല്ല. റിമിയ്ക്ക് ഈ വിഷയവുമായി ബന്ധമില്ലെന്ന് ഞങ്ങൾക്കറിയാം എന്നു പറ‍ഞ്ഞു കൊണ്ടാണ് പൊലീസ് എന്നോടു സംസാരിച്ചു തുടങ്ങിയത്. ബൈജു പൗലോസ് എന്ന ഉദ്യോഗസ്ഥനാണ് വിളിച്ചത്. എനിക്കെതിരെ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ വരുന്ന വാർത്തകൾ അവർ കൊടുത്തതല്ലെന്നാണ് പറയുന്നത്. പിന്നെ എങ്ങനെയാണ് ഇത്തരം വാർത്തകൾ പുറത്തുവരുന്നതെന്ന് അറിയില്ലെന്നും പൊലീസ് പറയുന്നു. ദയവ് ചെയ്ത് മാധ്യമങ്ങൾ ഇത്തരം വാർത്തകൾ‌ കൊടുക്കുമ്പോൾ ഒന്നു വിളിച്ചു ചോദിച്ചാൽ നന്നായിരുന്നു. വീട്ടിലിരുന്ന് ഇത്തരം വാർത്തകൾ കാണുമ്പോൾ കടുത്ത വിഷമമുണ്ട്. ഇതിലൊന്നും ഒരു സത്യാവസ്ഥയുമില്ല. പൊലീസ് നേരിട്ട് ചോദ്യം ചെയ്യാനായി എന്നെ വിളിപ്പിച്ചിട്ടില്ല. റിമി കൂട്ടിച്ചേർത്തു.