കിടിലൻ പാട്ടുകളുമായി സന്നിദാനന്ദനും പുഷ്പാവതിയും

തൃശൂർ ഭാഷയ്ക്കു തന്നെ നല്ല ചേലുളള ഒരു താളമാണ്. അപ്പോൾ ആ ഭാഷയിലൊരു പാട്ട് കേട്ടാലോ. അതൊരു രസകരമായ അനുഭവമായിരിക്കില്ലേ? അത്തരത്തിലൊരു പാട്ടാണ് തൃശിവപേരൂർ ക്ലിപ്തം എന്ന ചിത്രത്തിലുള്ളത്. തൃശൂർ എന്ന പേര് ചിത്രത്തിന്റെ തലക്കെട്ടിലുണ്ടെങ്കിലേ പ്രതീക്ഷിക്കുമല്ലോ അങ്ങനെയൊരു പാട്ട്. ആ പ്രതീക്ഷ തെറ്റിയില്ലെന്നു മാത്രമല്ല, നല്ല തനിനാടൻ താളത്തിലുള്ള വേറൊരു ഗാനവും ചിത്രത്തിൽ നിന്നു പുറത്തിറങ്ങി. സാൾട്ട് ആൻഡ് പെപ്പറിലെ ചെമ്പാവ് എന്നു തുടങ്ങുന്ന രുചിയൂറും ഗാനത്തിലൂടെ ശ്രദ്ധേയായ പുഷ്പവതിയുടെയും റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ സന്നിധാനന്ദന്റെയും മികച്ച ഗാനങ്ങൾ കൂടിയാണിവ.

'കട തല കൊല' എന്നു പേരിട്ട പാട്ടാണ് സന്നിധാന്ദൻ പാടിയത്. 'തൃശൂരോ' എന്നു തുടങ്ങുന്ന പ്രൊമോ ഗാനമാണ് പുഷ്പവതി പാടിയത്. ഉള്ളംതുറന്ന ആലാപനമാണ് ഇരുവരുടെയും. ആരും കേട്ടിരുന്നു പോകുന്ന ഏറ്റുപാടിപ്പോകുന്ന അത്രയും ഊർജവും പ്രസരിപ്പിമുള്ള സ്വരങ്ങൾ. സന്നിധാനന്ദൻ പാടിയ പാട്ടിന് അഞ്ചു ദിവസം കൊണ്ട് നാലര ലക്ഷത്തോളം പ്രേക്ഷകരെ യുട്യൂബിൽ നേടാനായി. പി.എസ്.റഫീഖ് ആണ് ഇരു ഗാനങ്ങളും കുറിച്ചത്. സംഗീതം ബിജിബാലും.

ആസിഫ് അലി, ചെമ്പൻ വിനോദ് ജോസ്, അപർണ ബാലമുരളി, ബാബുരാജ്, ശിൽപി ശർമ, ശ്രീജിത് രവി, ഇർഷാദ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം രതീഷ് കുമാറാണ് സംവിധാനം ചെയ്യുന്നത്.