ഉദ്ഘാടനത്തിനെത്തിയ നടനെ ഞെട്ടിച്ച് കുട്ടികളുടെ വിഡിയോ; താരം സർപ്രൈസ് നൽകി മടങ്ങി

കോളജ് യൂണിയനുകളിലെ ഉദ്ഘാടനത്തിന് സിനിമാ താരങ്ങളെ കഴിഞ്ഞേ മറ്റാരുമുള്ളൂ. പണ്ടത്തെ കോളജ് കാര്യമായാലും ഇപ്പോഴത്തെയായാലും അതിനൊരു മാറ്റവുമില്ല. കോളജ് പിള്ളേർക്കിടയിലേക്ക് വരുന്നതും അവരുടെ കൂവലുകളെ കയ്യടികളാക്കി മാറ്റുന്നതും ഒരു വലിയ പണി തന്നെയാണ് ഓരോ സെലിബ്രിറ്റിയ്ക്കും. ഓരോ കോളജ് യാത്രയും അവിസ്മരണീയമായിരിക്കും. അങ്ങനെയൊക്കെയാണ് യുവ നടൻ അസ്കർ അലിയും ചിന്തിച്ചിട്ടുണ്ടാകുക. എന്നാൽ കോളജ് കാത്തുവച്ചത് മറ്റൊരു കാര്യമായിരുന്നു. താരത്തെ കയ്യോടെ പിടികൂടി ഒരു പ്രൊമോ മ്യൂസിക് വിഡിയോയിൽ അഭിനയിപ്പിച്ചു ഇവർ. 

ചാലക്കുടി മുരിങ്ങൂരിലെ ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയൻസസി (ഡിംസ്) ലെ വിദ്യാർത്ഥികൾക്കാണ് ഇങ്ങനെയൊരു അവസരം കിട്ടിയത്. അസ്കർ നായകനാകുന്ന ഹണീ ബീ 2.5 എന്ന ചിത്രത്തിനു വേണ്ടി ഇവർ ഹണീ ബീ 2വിലെ നുമ്മടെ കൊച്ചി എന്ന പാട്ടിന് ഇവർ കോളജിന്റെ പശ്ചാത്തലത്തിൽ ഒരു വിഡിയോ തയ്യാറാക്കിയിരുന്നു. ക്യാമ്പസിലെ കുട്ടികൾ അഭിനയിച്ച ആ വീഡിയോ അസ്‌കർ സ്റ്റേജിൽ എത്തിയപ്പോൾ അവർ  പ്രദർശിപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് തയ്യാറാക്കിയ വീഡിയോ അസ്കറിനും ഇഷ്ടമായി. തുടർന്ന് വിദ്യാർത്ഥികളുടെ ആവശ്യ പ്രകാരം അസ്‌കർ ആ വിഡിയോയിൽ ഒരു ഗസ്റ്റ് അപ്പിയറൻസ് നടത്താൻ സമ്മതിക്കുകയായിരുന്നു. യൂണിയൻ ഉത്ഘാടനത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ കഴിഞ്ഞ ഉടൻ കോളേജിന്റെ മുന്നിൽ വച്ച് അസ്‌കർ അവർക്കു വേണ്ടി അഭിനയിച്ചു. ഡിംസ് കോളേജിലെ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയും മഴവിൽ മനോരമ കോമഡി സർക്കസ് വിജയിയുമായ ഡെയിൻ ഡേവിസും ഈ വിഡിയോയിൽ അസ്കറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. 'ഈ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് ഡെയിനും. അസ്കറിന്റെയും ഡെയിനിന്റെയും ചിത്രങ്ങൾ ഒരേ ദിവസം തന്നെയാണ് തിയേറ്ററിൽ എത്തുന്നത്.

വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയും പ്രൊഫഷണൽ ഡാൻസറുമായ ഷഫാനാണ് വിഡിയോയുടെ സംവിധാനവും നൃത്ത സംവിധാനവും നിർവഹിച്ചത്. ക്യാമറയും എഡിറ്റിങ്ങും ജേർണലിസം വിദ്യാർത്ഥിയായ ശ്രീഹരി പദ്മനും.