കഥ തന്നെ അടരുമീ ഇലകളും കഥനമോ തുടരുന്നു

കഥകളീ കടലുകൾ കുലശൈല ശൃംഗങ്ങൾ

കഥ തന്നെ വഴി നീളെ അടരുമീ ഇലകളും

കദനമായെരിയുമായുസ്സിന്റെ തിരി കെട്ടു

കഥ കഴിയുമ്പോൾ   തുടങ്ങുന്നു

പുതിയതൊന്നവസാനമില്ലാതെ കഥനമോ

തുടരുന്നു തുടരുന്നു തുടരുന്നു

കഥകൾ അവസാനിക്കുന്നില്ല, കഥനങ്ങളും. ഇൗ ലോകത്തിലെ നശ്വര ജീവിതത്തെ അനശ്വരമാക്കുന്നത് നാമോരോരുത്തരും അറിഞ്ഞോ അറിയാതെയോ ഭാഗമാകുന്ന ഇത്തരം കഥകളായിരിക്കും. ജീവിതത്തിലും സംഗീതത്തിലും തന്റെ പാതിയായിരുന്നവളെ നഷ്ടപ്പെട്ട് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ ചേർത്തു പിടിച്ച് നിൽക്കുമ്പോളും കഥനം തുടരേണ്ടതുണ്ട് ബിജിബാലിന്. കാരണം ജീവിതം അങ്ങനെയൊക്കെയാണ്. ചിലപ്പോൾ മുന്നിൽ നിന്നു ആലിംഗനം ചെയ്യും, ചിലപ്പോൾ പിന്നിൽ‌ നിന്ന് കുത്തും. 

ബിജിബാലിന്റെ സംഗീതവും വ്യക്തിത്വവും മലയാളത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ശാന്തി എണ്ണിയാലൊടുങ്ങാത്ത വേദികളിൽ നൃത്തം ചെയ്തിട്ടുമുണ്ട്. വലിയ പ്രൊമോഷനൊന്നുമില്ലാതെ പുറത്തിറങ്ങിയ സകലദേവ നുതേ എന്ന വിഡിയോയ്ക്കും മികച്ച പ്രതികരണം ലഭിച്ചപ്പോൾ ഇനിയുമൊരുപാട് ആവിഷ്കാരങ്ങൾ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ശാന്തിയുടെ ഉത്തരം ഇങ്ങനെയായിരുന്നു.

''ബിജിയേട്ടനും മക്കളുമാണ് എന്റെ ലോകം. നല്ല തിരക്കാണ്. ബിജിയേട്ടൻ സ്റ്റുഡിയോ പണിതപ്പോൾ അതിനൊപ്പം എനിക്കൊരു നൃത്തവിദ്യാലയം കൂടി പണിതു തന്നു. വിവാഹം കഴിഞ്ഞിട്ട് നൃത്തമൊക്കെയായി പോകണമെങ്കിൽ നമുക്കൊപ്പമുള്ളയാളും അത്രയധികം പിന്തുണ തരണമല്ലോ. ബിജിയേട്ടന് ഒത്തിരി ഇഷ്ടമാണ് എന്റെ നൃത്തം. അദ്ദേഹം മാത്രമല്ല, മക്കളും. ഇതൊക്കെ തന്നെയാണ് സ്വപ്നം. ഇതിനപ്പുറം വേറൊന്നില്ല. അവസരം വന്നാൽ ഇതുപോലുള്ളത് ഇനിയും ചെയ്യും. അല്ലെങ്കിൽ ഇവര്‍ക്കൊപ്പം ഇങ്ങനെയങ്ങു പോയാൽ മതി. അതാണ് ഏറ്റവും വലിയ സന്തോഷം.'' ശാന്തിയെന്ന പേരു പോലെ ഇങ്ങനെ ശാന്തവും സൗമ്യവുമായി സംസാരിച്ച ആ വ്യക്തിയാണ് തീർത്തും അപ്രതീക്ഷിതമായി കടന്നുപോയത്.  നീലഭസ്മ കുറിയണിഞ്ഞവളേ എന്ന പാട്ട് കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന ശാന്തി. നാലു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടി പകരംവയ്ക്കാനില്ലാത്ത സാന്നിധ്യമായി മാറിയ ബിജിബാലിന്റെ ഗാനങ്ങൾക്കു കോറസ് പാടിയും സിനിമയ്ക്കപ്പുറം അദ്ദേഹം ചെയ്തിരുന്ന സംഗീത സൃഷ്ടികളുടെ ഭാഗമായും ജീവിതത്തിന്റെ തന്നെ ഈണമായും ശക്തിയായും നിലകൊണ്ട നല്ലപാതി. 

കുറച്ചു നാളുകൾക്ക് മുൻപ് ബിജിബാൽ ഫെയ്സ്ബുക്കിലൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ശാന്തിയ്ക്കൊപ്പം സ്കൂട്ടറിലിരിക്കുന്ന ഫോട്ടോയ്ക്കൊപ്പം. മുന്നിൽ ശാന്തിയും പിന്നിൽ ബിജിബാലും. പതിനഞ്ചു വർഷം മുൻപ് ഒരു സംഗീത ദിനത്തിലാണ് ഈ ഡ്രൈവറെ നിയമിച്ചതെന്ന അടിക്കുറിപ്പോടെ. ശാന്തിയോട് അന്ന് പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു.

"അഭിമുഖമൊക്കെ തന്നാൽ പിന്നീടെന്താണ് അച്ചടിച്ചു വരികയെന്ന് പേടിയുണ്ട്. മുൻപൊരിക്കൽ ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ അത് എഴുതി വന്നത് വേറെ രീതിയിലാണ്. അതുകൊണ്ടൊന്നും പറയുന്നില്ല. ബിജിയേട്ടനും വലിയ താല്‍പര്യമില്ല. ’’സംസാരത്തിലെ ഈ സത്യസന്ധതയാണ് ശാന്തിയെ അടയാളപ്പെടുത്തിയ മറ്റൊരു കാര്യം. 

പ്രണയത്തിലൂടെയാണ് ശാന്തിയും ബിജിബാലും ഒന്നാകുന്നത്. കലയിലൂടെയാണ് പരിചയപ്പെട്ടത്. നൃത്തത്തിന്റെയും സംഗീതത്തിന്റെയും സമന്വയം പോലെ വിവാഹം. വെണ്ണലയിലെ കൈലാസം എന്നു പേരുള്ള വീട്ടിൽ അത്രമേൽ താളലയമായിരുന്നു പിന്നീടുള്ള ജീവിതവും. ആരും കൊതിച്ചുപോകുന്നത്. കുഞ്ഞു മക്കളായ ദേവദത്തിനും ദയയ്ക്കും കലാവാസനയുണ്ട്. മകൾ ദയ പാടിയൊരു ഓണപ്പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു‌. അമ്മയ്ക്കൊപ്പം ഒരുപാട് വേദികളിൽ ദയയും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. 

നന്മയുള്ള കുറേ ഈണങ്ങള്‍ തീര്‍ത്ത സംഗീത സംവിധായകന്റെ ഭാര്യ എന്നതിനപ്പുറം പ്രഗത്ഭയായ നർത്തകി കൂടിയായിരുന്നു ശാന്തി. അബുദാബിയിലാണ് പഠിച്ചതും വളർന്നത്. അവിടെ കലാരംഗത്തെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യങ്ങളിലൊന്നായിരുന്നു അവർ. സകലനുതേയും കയ്യൂരുള്ളൊരു സമര സഖാവും പോലും ബിജിബാൽ ചെയ്ത നിരവധി സംഗീത ആൽബങ്ങൾക്കു പിന്നിൽ ശാന്തിയുമുണ്ടായിരുന്നു. നർത്തകിയുടെ ജീവിതത്തിലൂടെ സ്ത്രീ നിലപാടുകളിൽ വന്ന മാറ്റത്തെ കുറിച്ച് പറഞ്ഞ ചിത്രം രാമന്റെ ഏദൻതോട്ടത്തിലെ ഒരുപാട് ഫ്രെയിമുകളിൽ നൃത്താധ്യാപികയായി ശാന്തി നിശബ്ദ സാന്നിധ്യമറിയിച്ചു. ഒട്ടേറെ കുട്ടികളും ശാന്തിയ്ക്കു കീഴിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. നൃത്തത്തിൽ തന്റേതായ സൃഷ്ടികളും വേറെ. 

അധ്യാപികയായും നർത്തകിയായും ബിജിബാലിന്റെ നല്ലപാതിയായും കുഞ്ഞു ദയയുടെയും ദേവദത്തിന്റെയും അമ്മയായും പ്രസരിപ്പോടെ ഓടി നടന്നൊരാളാണ് പെട്ടന്നകന്നു പോയത്. സ്ട്രോക്ക് വന്ന് തലകറങ്ങി വീണ ശാന്തി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്കും വിദഗ്ധ ചിക്ത്സയ്ക്കും ഒന്നും ചെയ്യാനായില്ല. 

ഇരുവരെയും അടുത്തറിയാവുന്നവര്‍ക്കാർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല ഈ മരണം. എന്തുപറയണം എന്ന അവസ്ഥയിലായിരുന്നു എല്ലാവരും. ഗാന്ധിജിയെ കുറിച്ചും സംഗീതത്തെ കുറിച്ചും മനുഷ്യരെ കുറിച്ചും ഉള്ളംതുറന്ന് സൈദ്ധാന്തികമായി സംസാരിക്കാറുള്ള ബിജിബാലിനെ പോലെ യുണീക് ആയ ലളിതമായ വ്യക്തിത്വം. ശാന്തിയെ കുറിച്ച് എല്ലാവരും പറയുന്നതും ഇങ്ങനെയാണ്. "ബിജിബാലിന്റെ എല്ലാമായിരുന്നു ശാന്തി. അത്രയ്ക്കു നല്ല ചേർച്ചയായിരുന്നു അവർ തമ്മിൽ. അതുപോലെയായിരുന്നു ജീവിതവും. നിഴലായും നൃത്തമായും ഒപ്പമുണ്ടായിരുന്നയാളാണ്. ആശുപത്രിയിലായെന്ന വാർത്ത തന്നെ വലിയ ഞെട്ടലായിരുന്നു. ആശുപത്രിയിലെ കാര്യമാണെങ്കിൽ ഓർക്കാൻ കൂടി വയ്യ. എല്ലാവരും ആകെ തകർന്ന പോലെയായിരുന്നു. ഈ വേർപാട് തീർക്കുന്ന ശൂന്യതയില്‍ നിന്ന് അദ്ദേഹം തിരിച്ചെത്താനാകട്ടെ. അത്രയ്ക്കു നല്ല കുട്ടിയായിരുന്നു ശാന്തി" ഗായിക രാജലക്ഷ്മി പറഞ്ഞു. കൂടെ മലയാള സംഗീതലോകവും.