ഇത് റഹ്മാന്റെ പുതിയ ശൈലി; മനസു കീഴടക്കി 2.0 ഗാനങ്ങൾ

2.0 എന്ന ചിത്രം കാത്തിരിക്കുന്നത് രജനീകാന്തിലൂടെ ശങ്കർ അഭ്രപാളിയിൽ കാണിക്കുന്ന മാജികിനു വേണ്ടി മാത്രമല്ല, മൊസാർട് ഓഫ് മദ്രാസിന്റെ ഈണങ്ങൾക്കു വേണ്ടി കൂടിയാണ്. എന്നും എപ്പോഴും കേൾക്കുന്ന എ.ആർ.റഹ്മാൻ ഗാനങ്ങളിലേക്കിതാ ഈ പാട്ടുകൾ കൂടി. ദുബായില്‍ ഇന്നലെയായിരുന്നു ചിത്രത്തിന്റെ ആഢംബരപൂർണമായ ഓഡിയോ ലോഞ്ച്. പാട്ടുകൾ യുട്യൂബിലേക്ക് ആരോ ചോർത്തുകയും ചെയ്തു. മൂന്നു ഗാനങ്ങളിൽ രണ്ടെണ്ണമാണ് ഇപ്പോൾ പുറത്തിറങ്ങിയത്.

എന്തിരാ ലോഗത്, രാജാലി നീ ഗാലി എന്നീ പേരുകളിട്ട പാട്ടുകളാണ് പുറത്തിറങ്ങിയത്. സിദ് ശ്രീറാം, സാഷാ തിരുപ്പതി എന്നിവരാണ് രാജാലി നീ ഗാലി എന്ന ഗാനം പാടിയത്. എന്തിരാ ലോഗത് എന്ന ഗാനം ബ്ലേസ്, അർജുൻ ചാണ്ടി, സിദ് ശ്രീറാം എന്നിവർ ചേർന്നും. മദൻ കർക്കിയുടേതാണ് പാട്ട് എഴുത്ത്. 

ഓരോ സൃഷ്ടിയിലും പുതുമകള്‍ തേടുന്ന എ.ആർ.റഹ്മാൻ കരവിരുത് ഈ പാട്ടുകളിലൂടെ അറിയാം. മുൻപൊരിക്കിലും അനുഭവിച്ചിട്ടില്ലാത്തൊരു സംഗീതം തന്നെയാണീ രണ്ടു പാട്ടുകളും. എ.ആർ.റഹ്മാന്റെ പുതിയ ശൈലി. സാങ്കേതികതയും റഹ്മാന്റെ മാന്ത്രികതയും ഒന്നുചേർന്നപ്പോഴുണ്ടായ പാട്ടുകൾ.ആർ.റഹ്മാന്റെ മാന്ത്രികത തൊണ്ണൂറുകളിലായിരുന്നുവെന്ന വാദങ്ങളെ അപ്പാടെ തള്ളിമാറ്റുന്നു ഈ രണ്ടു പാട്ടുകളും.