നിറദീപം തെളിഞ്ഞു; ചെമ്പൈ സംഗീതോത്സവത്തിനു തുടക്കം

ഗുരുവായൂർ ചെമ്പൈ സംഗീതമണ്ഡപത്തിലെ സ്‌പെഷൽ കച്ചേരിയിൽ അമൃത വെങ്കിടേഷ് കച്ചേരി അവതരിപ്പിക്കുന്നു.

ഗുരുവായൂർ ∙ കണ്ണന്റെ ശ്രീലകത്തുനിന്നു പകർന്ന നെയ്ത്തിരിനാളം സംഗീതവേദിയിൽ നിറദീപമായി തെളിഞ്ഞു, ചെമ്പൈ സംഗീതോത്സവത്തിനു തുടക്കമായി. ഇന്നലെ രാവിലെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീതമണ്ഡപത്തിൽ തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. മംഗളവാദ്യമാക്ഷേത്രം ആസ്ഥാന വിദ്വാൻ ഗുരുവായൂർ മുരളി നാഗസ്വരക്കച്ചേരി അവതരിപ്പിച്ചു.

തുടർന്നു ചെമ്പൈയുടെ ശിഷ്യൻ മണ്ണൂർ രാജകുമാരനുണ്ണി, ചെമ്പൈ സുരേഷ് എന്നിവർ ഗണപതി സ്തുതി ആലപിച്ചു. നെടുമങ്ങാട് ശിവാനന്ദൻ, തിരുവിഴ ശിവാനന്ദൻ, തിരുവനന്തപുരം വി.സുരേന്ദ്രൻ എന്നിവർ പക്കമേളമൊരുക്കി. രാത്രി വരെ നീണ്ട സംഗീതാർച്ചനയിൽ ഇരുനൂറോളം ഗായകർ പങ്കെടുത്തു.

സന്ധ്യയ്ക്ക് അമൃത വെങ്കടേഷ് ചെമ്പൈയുടെ ഇഷ്ട കീർത്തനമായ രക്ഷമാം ശരണാഗതം... നാട്ട രാഗത്തിൽ ആലപിച്ചു സ്‌പെഷൽ കച്ചേരിക്കു തുടക്കമിട്ടു. ശ്രീപദേ ശ്രീ നാരായണ... എന്ന മുഖാരി രാഗത്തിലുള്ള കീർത്തനവും ആലപിച്ചു. 

സംഗീതരംഗത്തെ ഗുരുക്കൻമാരായ ചേപ്പാട് എ.ഇ.വാമനൻ നമ്പൂതിരിയും കകദ്രി ഗോപാൽനാഥും (സാക്‌സഫോൺ) സ്‌പെഷൽ കച്ചേരിയിൽ പങ്കെടുത്തു. ദേവസ്വം ഭരണസമിതിയംഗം കെ.കുഞ്ഞുണ്ണി സമ്മാനം നൽകി.