പോയ വർഷം ഭാര്യ, ഇപ്പോൾ ഭർത്താവ്: ഗ്രാമി കീഴടക്കുമോ ഇവർ?

ലോകസംഗീതത്തിന്റെ ഓസ്കർ എന്നറിയപ്പെടുന്ന ഗ്രാമഫോണ്‍ പുരസ്കാരത്തിലേക്കുള്ള ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു. പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടംനേടിയവരുടെ വിവരങ്ങൾ പുറത്തുവന്നു. എട്ട് വിഭാഗങ്ങളിലെ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം നേടി ജെയ്-ഇസഡും ഏഴെണ്ണം നേടി കെൻഡ്രിക് ലാമറുമാണ് മുൻപിലെത്തിയത്. ബിസിനസിലേക്കു തിരിഞ്ഞ ജെയ്-ഇസഡ് ശക്തമായ തിരിച്ചു വരവാണ് സംഗീതരംഗത്തു നടത്തിയതെന്നു പറയുന്നു ഈ ഗ്രാമി വിശേഷങ്ങൾ. അതിനേക്കാൾ വലിയ കൗതുകം കഴിഞ്ഞ വർഷം ഇതേ പുരസ്കാരത്തിന് ഏറ്റവുമധികം നാമനിർദ്ദേശം നേടിയത് ജെ-ഇസഡിന്റെ ഭാര്യ ബിയോൺസെ ആയിരുന്നുവെന്നതാണ്. രണ്ടു പുരസ്കാരമാണ്  ബിയോൺസെ നേടിയത്. പോയ വർഷം ഏറ്റവുമധികം വരുമാനം പാട്ടിൽ നിന്നു നേടിയ ഗായികയെന്ന ബഹുമതിയും ബിയോണ്‍സെയ്ക്ക് ആയിരുന്നു.

ജെ-ഇസഡിന്റെ 4:44 എന്ന ആൽബമാണ് നാമനിർദ്ദേശ പട്ടികയിൽ എത്തിയത്. ആൽബം ഓഫ് ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ എന്നിവ അടക്കം ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളുടെ നാമനിർദ്ദേശ പട്ടികയിലാണ് ജെ-ഇസഡിന്റെ ഈ ആൽബം എത്തിയത്. 21 ഗ്രാമി പുരസ്കാരങ്ങൾ ഇതിനോടകം ജെ-ഇസഡ് നേടിയിട്ടുണ്ടെങ്കിലും ഇത്രയും പ്രധാനപ്പെട്ട വിഭാഗങ്ങളിലേക്ക് നാമനിർദ്ദേശം നേടുന്നത് ഇതാദ്യമായാണ്. ബിയോണ്‍സെയ്ക്ക് ഇത്തവണ ആകെ ഒരു നാമനിർദ്ദേശം മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ വർഷത്തെ താരമായ അഡീല്‍ പോയവർഷം പാട്ടുകളൊന്നും പുറത്തിറക്കിയുമില്ല. ടെയ്‍ലർ സ്വിഫ്റ്റിന് പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നും നാമനിർദ്ദേശം നേടാനായില്ല. Best Song Written For Visual Media, Best Country Song എന്നീ വിഭാഗങ്ങളിലാണ് സ്വിഫ്റ്റിന് നാമനിർദ്ദേശം.

DAMN എന്ന ആല്‍ബമാണ് കെന്‍ഡ്രിക് ലാമറിനെ നാമനിർദ്ദേശ പട്ടികയിലെത്തിച്ചത്. ബ്രൂണോ മാഴ്സാണ് നാമനിർദ്ദേശ പട്ടികയിലെ വീരൻമാരിൽ മൂന്നാമത്തെയാൾ. 24കെ മാജിക് എന്ന ആൽബത്തിനുള്ള, ആൽബം ഓഫ് ദി ഇയർ നോമിനേഷൻ ഉൾപ്പെടെ ആറെണ്ണമാണു ബ്രൂണോ മാഴ്സ് നേടിയത്. 

ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ട വിഡിയോ എന്ന റെക്കോര്‍ഡ് നേടിയ സ്പാനിഷ് ഗാനം ഡെസ്പാസീറ്റോ റെക്കോർഡഡ് ഓഫ് ദി ഇയർ, സോങ് ഓഫ് ദി ഇയർ എന്നീ വിഭാഗങ്ങളിൽ‌ ഇടം നേടി.

13,000 സംഗീതജ്ഞർ ഉൾപ്പെടുന്ന റെക്കോർഡിങ് അക്കാദമിയാണ് വോട്ടിങ്ങിലൂടെ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. അടുത്ത വർഷം ജനുവരി 28നാണ് ഗ്രാമി ജേതാക്കളെ പ്രഖ്യാപിക്കുന്നത്. 

ഹിപ്-ഹോപ്(റാപ്) ശൈലിയിലുള്ള ഗാനങ്ങളാണ് ഇത്തവണ ആൽബം ഓഫ് ദി ഇയർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ മേൽക്കൈ പുലർത്തുന്നത് എന്നത് എടുത്തു പറയേണ്ടതാണ്. അമേരിക്കയിലെ ആഫ്രിക്കൻ -അമേരിക്കൻ വംശജർക്കിടയിൽ രൂപം കൊണ്ട സംഗീതശൈലിയിലെ ആൽബങ്ങൾക്ക് ഈ പുരസ്കാരം നേടാനായാൽ അത് ചരിത്രമാകും എന്നുറപ്പ്. മുൻപ് ആകെ രണ്ടു പ്രാവശ്യമാണ് ഈ പുരസ്കാരം ഹിപ്-ഹോപ് ആൽബങ്ങൾ നേടിയിട്ടുള്ളത്. ലാമറുടെ തന്നെ ടു പിമ്പ് ബട്ടർഫ്ലൈ, ബിയോൺസെയുടെ ലെമണേഡ് എന്നിവയ്ക്ക് പുരസ്കാരം കിട്ടാതെ പോയത് വിവാദവുമായിരുന്നു.  

അതുപോലെ, ആൽബം ഓഫ് ദി ഇയർ വിഭാഗത്തിലെ പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഗായികമാരിൽ ഒരാളുെട ആൽബം മാത്രമേ ഇടം നേടിയുള്ളൂ- 21കാരി ലോർദേയുടെ മെലോഡ്രാമ. മറ്റു വൻ താരങ്ങളായ എഡ് ഷീരന് ഒരു വിഭാഗത്തിൽ മാത്രമാണ് നാമനിർദ്ദേശം ലഭിച്ചത്. കാത്തി പെറിക്ക് ഒരെണ്ണം പോലും നേടാനുമായില്ല. 

ഗ്രാമി പുരസ്കാരത്തിൽ എത്ര വിഭാഗത്തിൽ നാമനിർദ്ദേശം നേടുന്നുവെന്നത് വലിയ കാര്യമാണെങ്കിലും ഗ്രാമി വേദിയിൽനിന്ന് നിരാശരായി മടങ്ങിയവരുമുണ്ട്. നാമനിർദ്ദേശം ലഭിച്ചവയിൽ എല്ലാത്തിലും ജേതാവായവരും ഉണ്ട്. പോയവർഷം തന്നെ ബിയോൺസെയ്ക്ക് ആകെ രണ്ടെണ്ണത്തിലേ ജേതാവാകാൻ കഴിഞ്ഞുള്ളൂ. 

ജെ-ഇസഡിന്റെ ജന്മദേശമായ ന്യൂയോർക്കിലാണ് 60 ാം ഗ്രാമി പുരസ്കാരം നടക്കുന്നത്. കൈ നിറയെ നിറയെ ഗ്രാമിയുമായാകുമോ അദ്ദേഹം മടങ്ങുകയെന്നു കാത്തിരുന്നു കാണാം.