കലോത്സവത്തിലും താരമായി വൈഷ്ണവ് ഗിരീഷ്

രാജ്യത്തിന് അകത്തും പുറത്തും ആരാധകരുള്ള വൈഷ്ണവ് ഗിരീഷിന് ജില്ലാ കലോൽസവത്തിൽ മൂന്ന് ഒന്നാം സ്ഥാനം. ഹൈസ്കൂൾ വിഭാഗം ലളിതഗാനം ഗസൽ എന്നീ വ്യക്തിഗത ഇനങ്ങളിലും ഉറുദു സംഘഗാനത്തിലുമാണ് ഒന്നാം സ്ഥാനം നേടിയത്.

വൈഷ്ണവ് എത്തിയതറിഞ്ഞ് ഒട്ടേറെ ആരാധകർ ഒപ്പം നിന്നു സെൽഫി എടുക്കാനും പരിചയപ്പെടാനുമെത്തി. മൽസരിക്കാനായി സ്റ്റേജിൽ കയറിയപ്പോഴും നിറഞ്ഞ കയ്യടിയോടെ ഈ യുവപ്രതിഭയ്ക്ക് പിന്തുണ നൽകി. 

മതിലകം സെന്റ് ജോസഫ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് വൈഷ്ണവ്. ബെംഗളൂരു, കുവൈത്ത്, ദുബായ് എന്നിവിടങ്ങളിലെ സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോയിലും പങ്കെടുത്ത് ഏതാനും ദിവസം മുൻപു മാത്രമാണ് വൈഷ്ണവ് നാട്ടിലെത്തിയത്. ഷോകളിൽ പങ്കെടുക്കുന്നതു മൂലം കഴിഞ്ഞ കുറേ കാലമായി സ്കൂളിൽ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു. ജനുവരി മുതൽ മാർച്ച് വരെ പൂർണമായി പഠനത്തിനായി മാറ്റി വയ്ക്കുകയാണെന്നു വൈഷ്ണവ് പറയുന്നു. 

കൊടുങ്ങല്ലൂർ ടികെഎസ് പുരം സ്വദേശി കാനറ ബാങ്ക് ഉദ്യോഗസ്ഥൻ കാവുങ്കൽ കീർത്തനയിൽ ഗിരീഷിന്റെയും ഹൈക്കോടതി അഭിഭാഷക   മിനി വി. മേനോന്റെയും മകനാണ്. ദുബായിലുള്ള കൃഷ്ണനുണ്ണി സഹോദരനാണ്. 

തനിക്ക് മറ്റൊരു വീട് പോലെയാണ് സ്കൂളെന്നു വൈഷ്ണവ് പറയുന്നു. അവിടത്തെ അധ്യാപകരും കൂട്ടുകാരും പകരുന്ന പിന്തുണ വലുതാണ്. പത്താം ക്ലാസ് പരീക്ഷ ജയിക്കാനും  എല്ലാവരുടെയും പിന്തുണയുണ്ടാകും. അധ്യാപകരൊക്കെ അവരുടെ വീട്ടിൽ കൊണ്ടുപോയി പാഠഭാഗങ്ങൾ പറഞ്ഞു തരുന്നു. – അനുഗ്രഹീത ഗായകനായ വൈഷ്ണവ് പറഞ്ഞു.

ജില്ലാ കലോൽസവാനുഭവവും ഏറെ ആവേശവും സന്തോഷവും നിറഞ്ഞതാണെന്നു വൈഷ്ണവ് പ്രതികരിച്ചു. രാത്രി 10നു ശേഷം പങ്കെടുത്ത എല്ലാ ഇനങ്ങളിലെയും ഫലമറിഞ്ഞാണ് ഈ മിടുക്കൻ വീട്ടിലേക്കു മടങ്ങിയത്.