ലോറി കയറി ഫോൺ പോയ മിഥുന് ഷാൻ റഹ്മാന്റെ വൈറൽ മറുപടി

സമൂഹ മാധ്യമത്തിലെ ചില എഴുത്തുകളെക്കാളും ചിത്രങ്ങളെക്കാളും ഹിറ്റ് ആകുക അതിനു ചിലർ നൽകുന്ന മറുപടികളാണ്. അത്തരത്തിലൊന്നാണ് സംവിധായകൻ മി‌ഥുൻ മാനുവൽ തോമസിന്റെ പോസ്റ്റിന് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ കൊടുത്ത മറുപടി. പോക്കറ്റിൽ നിന്ന് തെറിച്ചു പോയ സ്വന്തം ഫോണിന് സംഭവിച്ച കാര്യമാണ് മിഥുൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആ എഴുത്തിനു താഴെ ഷാൻ നൽകിയ മറുപടി ഏറെ പ്രിയങ്കരമായി മാറി.

‘ ബൈക്ക് ഓടിക്കുമ്പോൾ ഫോൺ കീശയിൽ നിന്നും തെറിച്ചു ഹൈവേയിൽ വീണാൽ, അതിന്റെ മുകളിലൂടെ പുറകേ വരുന്ന പാണ്ടിലോറിയും, കാറും പിന്നെ ഏതാണ്ടൊക്കെയോ വണ്ടികളും കേറി ഇറങ്ങുമെന്നും , ഫോൺ ഏതാണ്ട് ഈ പരുവത്തിൽ ആകും എന്നും ഇപ്പൊ മനസ്സിലായി...’ എന്നാണ് മിഥുൻ കുറിച്ചത്. നന്നായി ഇനി നീ ബാക്ക്ഗ്രൗണ്ട് സ്കോർ എന്തായി എന്നു ചോദിച്ച് വിളിക്കില്ലല്ലോ എന്നാണ് ഷാൻ അതിനുള്ള മറുപടിയായി കമന്റ് ബോക്സിൽ കുറിച്ചത്. ഷാന്റെ കമന്റിന് ലഭിച്ചത് രണ്ടായിരത്തോളും ലൈക്കുകളാണ്. പ്രഭാകരാ... എന്നു വിളിച്ച് മിഥുൻ ഇതിനു മറുപടിയും നൽകി. സംവിധായകന്റെയും സംഗീത സംവിധായകന്റെയും കമന്റുകൾ അതോടെ വെറലുമായി. 

മിഥുന്റെ ആട് 2 വിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഷാൻ ആണ്. ഇതിന്റെ ഒന്നാം ഭാഗത്തിന് ഷാൻ നൽകിയ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അലമാര ഒഴിച്ചുള്ള മിഥുന്റെ ബാക്കിയെല്ലാ ചിത്രങ്ങളിലും ഷാൻ റഹ്മാനും ഉണ്ടായിരുന്നു.