Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസും എസ്പിബിയും ഒരുമിച്ച് പാടിയ പാട്ട് കാണാം

yesudas-spb-song

കേരളം കേൾക്കാൻ കൊതിച്ചിരുന്ന പാട്ട് പുറത്തിറങ്ങി. എസ്.പി.ബാലസുബ്രഹ്മണ്യവും അദ്ദേഹം ഗുരുതുല്യനായി കാണുന്ന, നമ്മുടെ സ്വന്തം ദാസേട്ടനും ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം ഒരുമിച്ച പാടിയ ഈ പാട്ട് ശ്രദ്ധ നേടുകയാണ്. 'കിണർ' എന്ന ചിത്രത്തിലേതാണീ ഗാനം. 'അയ്യാ സാമി' എന്നു തുടങ്ങുന്ന ഗാനം കേരളത്തിന്റെയും തമിഴ്നാടിന്റെയും ഐക്യത്തെ കുറിച്ചാണു പാടുന്നത്. കാലാതീതമായ ഇരു സ്വരങ്ങളും ഒരു പാട്ടിൽ ഒന്നിച്ച് സമത്വത്തെ കുറിച്ചു പാടുന്നതു കേൾക്കുമ്പോൾ മനസ്സു നിറയും. ബി.കെ.ഹരിനാരായണനും പളനി ഭാരതിയും ചേർന്നാണു പാട്ടിനു വരികൾ കുറിച്ചത്. സംഗീതം എം. ജയചന്ദ്രനും. 

കേരളത്തേയും കുറിച്ചും തമിഴ്നാടിനേയും കുറിച്ചും ഓർത്താൽ മനസ്സിൽ തെളിയുന്ന ദൃശ്യങ്ങളേയും വികാരങ്ങളേയുമാണ് ഈ പാട്ടിൽ ആവിഷ്കരിക്കുന്നത്. നമ്പൂതിരിയുടെ വരയും കളരിപ്പയറ്റും കഥകളിയും ഗോപിയാശാനും മട്ടന്നൂരിന്റെ ചെണ്ടയും വള്ളവും...ഒക്കെയാണു പാട്ടിന്റെ ദൃശ്യങ്ങളില്‍. തമിഴ്നാടിന്റെ ആഘോഷങ്ങളും ഒപ്പമുണ്ട്. ആ കാഴ്ചകൾക്കൊപ്പം സംഗീതത്തിലൂടെ നമ്മുടെ ആത്മാവിൻ ഭാഗമായി മാറിയ ദാസേട്ടനും എസ്പിബിയും ചേർന്നു പാടിയ പാട്ട് കൂടി ചേരുമ്പോൾ അതെത്രമാത്രം ഹൃദയസ്പർശിയാകുമെന്നു പറയേണ്ടതില്ലല്ലോ. എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണു കിണർ.