മനുഷ്യക്കടത്തു കേസിൽ കുറ്റക്കാരൻ: ദെലെർ മെഹന്തിക്കു രണ്ടു വർഷം കഠിനതടവ്

ന്യൂഡൽഹി ∙ മനുഷ്യക്കടത്തു കേസിൽ പ്രശസ്ത പഞ്ചാബി പോപ് ഗായകൻ ദലേർ മെഹന്തിക്ക് പട്യാല കോടതി രണ്ടു വർഷം തടവു ശിക്ഷ വിധിച്ചു. 2003 ൽ റജിസ്റ്റർ ചെയ്ത മനുഷ്യക്കടത്തു കേസിലാണ് മെഹന്തിക്ക് ശിക്ഷ. വിദേശ രാജ്യങ്ങളിലേക്ക് സംഗീത പരിപാടികൾക്കെന്ന വ്യാജേന ആളുകളെ കടത്തിക്കൊണ്ടു പോയി എന്നതാണ് കുറ്റം.

ദെലെർ മെഹന്തിയും സഹോദരൻ ഷംഷേർ സിങ്ങും പണം വാങ്ങി ആളുകളെ ഗായകസംഘത്തിനൊപ്പം കയറ്റി വിദേശ രാജ്യങ്ങളിലേക്കു കടത്തിയെന്നാണ് കേസ്. കോടതി വിധിക്കു പിന്നാലെ ദലേറിനെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുണ്ട്.

1998–ലും 1999–ലും ഇത്തരത്തിൽ പത്തോളം പേരെ അമേരിക്കയിലേക്ക് ഇരുവരും ചേർന്ന് കടത്തി. ഇതിനായി പണവും വാങ്ങി.  ബക്ഷേഷ് സിങ് എന്നയാളുടെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ഈ കേസിന് പിന്നാലെ 35 പേരാണ് പിന്നീട് ദലേറിനും സഹോദരനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്.

തൊണ്ണൂറുകളുടെ അവസാനത്തിലും 2000 ത്തിന്റെ ആദ്യ വർഷങ്ങളിലും പോപ് ഗാനങ്ങളിലൂടെയാണ് ദലേർ പ്രശസ്തിയിലേക്കുയർന്നത്. ‘‘തുനക് തുനക് തുൻ’’, ‘‘ബോലോ ത രാ രാ’’, ‘‘സാഡേ നാൽ രഹോഗെ തോ’’ തുടങ്ങിയ ഗാനങ്ങൾ ഹിറ്റ് ചാർട്ടുകളിലും ഇടം നേടി.