പുതുമുഖ സംഗീതസംവിധായകനെ വാനോളം പുകഴ്ത്തി ശ്രേയാ ഘോഷാൽ: വിഡിയോ

മലയാളിയായ പുതുമുഖ സംഗീതസംവിധായകന്റെ പാട്ടിനെ പ്രശംസിച്ച് പ്രമുഖ പിന്നണി ഗായിക ശ്രേയാ ഘോഷാൽ. തീവണ്ടി എന്ന പുതിയ ചിത്രത്തിലെ മെലഡി ഗാനം പാടാനെത്തിയ ശ്രേയയാണ് പാട്ടിനെയും ഇൗണം കൊടുത്ത കൈലാസ് മേനോനെയും വാനോളം പുകഴ്ത്തിയത്. 

പാട്ടിനു മുന്നോടിയായി ഇറക്കിയ ടീസറിലാണ് ശ്രേയ സംഗീത സംവിധായകൻ കൈലാസ് മേനോനെയും അദ്ദേഹത്തിന്റെ പാട്ടിനെയും കുറിച്ച് പറയുന്നത്. ‘വളരെ മികച്ച ഒരു മെലഡി ഗാനമാണ് ഞാൻ പാടിയിരിക്കുന്നത്. ഒരു പുതുമുഖമാണ് ഇൗ പാട്ടിനു സംഗീതം കൊടുത്തതെന്ന് അറിയുന്നതിൽ വളരെ സന്തോഷം. കൈലാസ് നിങ്ങൾ വളരെ മികച്ച ഒരു വർക്കാണ് ചെയ്തിരിക്കുന്നത്. വളരെ മികച്ച ഒരു പാട്ടാണ് എനിക്കായി ഒരുക്കിയിരിക്കുന്നത്. ഇൗ പാട്ട് നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകുമെന്ന് ഞാനുറപ്പു തരുന്നു.’ ശ്രേയ പറഞ്ഞു.

‘ഇൗ പാട്ട് ഭാഷാഭേദങ്ങൾ മറികടക്കുമെന്ന് എനിക്കുറപ്പാണ്. മലയാളം അറിയാത്തവർക്കും ഇൗ പാട്ട് ആസ്വാദ്യകരമാകും. ഞാൻ വല്ലാതെ ആസ്വദിച്ചാണ് ഇൗ പാട്ടു പാടിയത്. സത്യത്തിൽ പാടുന്നതു നിർത്താൻ പോലും എനിക്കു തോന്നിയില്ല.’ ശ്രേയ കൂട്ടിച്ചേർത്തു. 

‘ജീവാംശമായി താനേ നീയെന്നിൽ’ എന്ന ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. ടൊവീനോ തോമസ് നായകനാകുന്ന തീവണ്ടി സംവിധാനം ചെയ്യുന്നത് ഫെലിനി ടി.പി എന്ന പുതുമുഖമാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ശങ്കറും ചിത്രം എഡിറ്റ് ചെയ്യുന്നത് സംസ്ഥാന പുരസ്കാര ജേതാവായ അപ്പു ഭട്ടതിരിയുമാണ്.