‘യേശുദാസ് ചെയ്തതിൽ എന്താണ് തെറ്റ് ?’ സലിംകുമാർ ചോദിക്കുന്നു

ദേശീയ ചലച്ചിത്ര അവാർഡ് വിവാദത്തിലും സെൽഫി വിവാദത്തിലും യേശുദാസിനെ പിന്തുണച്ച് നടനും സംവിധായകനുമായ സലിംകുമാർ. യേശുദാസിന് അല്‍പ്പം അഹങ്കരിക്കാനുള്ള അവകാശമുണ്ടെന്നും ആരും അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്നും സലിം കുമാര്‍ പറഞ്ഞു. 

‘‘യേശുദാസിന്റെ അനുവാദം ചോദിക്കാതെയാണ് സെല്‍ഫിയെടുത്തത്. അദ്ദേഹം ഫോണ്‍ വാങ്ങി ആ ചിത്രം ഡിലീറ്റ് ചെയ്തു. അതിലെന്താണു തെറ്റ് ? ഒപ്പമുള്ള ആളുകളുടെ സമ്മതത്തോടെയെടുക്കുന്നതാണു സെല്‍ഫി. ഒന്നുകില്‍ അനുവാദം ചോദിച്ചിട്ട് സെൽഫി എടുക്കുക. അല്ലെങ്കില്‍ അദ്ദേഹം നടന്നു വരുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രം ഫോട്ടോ എടുക്കുക. യേശുദാസിനെ പഴിക്കും മുമ്പ് ഇത്രയെങ്കിലും മനസ്സിലാക്കണം.’ സലിംകുമാർ പറ‍ഞ്ഞു. പുരസ്കാരസമർപ്പണ ചടങ്ങ് ബഹിഷ്ക്കരിച്ചവരുടെ നിലപാടു പോലെ തന്നെ അതിൽ പങ്കെടുക്കുമെന്ന നിലപാടെടുക്കാന്‍ യേശുദാസിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വിവാദത്തിലായ ദേശീയ ചലച്ചിത്രപുരസ്കാരസമർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ യേശുദാസ് ഹോട്ടലിൽ നിന്നു പുറപ്പെട്ടപ്പോഴാണ് ഒരു ചെറുപ്പക്കാരൻ സെൽഫി എടുക്കാൻ ശ്രമിച്ചത്. ഉടനെ യേശുദാസ് ഫോൺ തട്ടിമാറ്റുകയും സെൽഫി എടുത്തയാളോട് ഡിലീറ്റ് ചെയാൻ പറയുകയും ചെയ്തു. പിന്നാലെ അദ്ദേഹം ഫോൺ വാങ്ങി സെൽഫി ഈസ് സെൽഫിഷ് എന്നു പറഞ്ഞ് ഫോട്ടോ ഡിലീറ്റ് ചെയ്യുകയായിരുന്നു