ആ സെൽഫി വിവാദമാക്കിയവർ അറിയുക ഇൗ ഫോട്ടോയുടെ കഥ : ആരാധകന്റെ കുറിപ്പ്

വിവാദമായ ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിന് പുറപ്പെടുന്നതിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത യേശുദാസിനെതിരെ വിമര്‍ശനങ്ങള്‍ ഒരുപാടുയർന്നു. അദ്ദേഹത്തെ അനുകൂലിച്ചും ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. അപ്രതീക്ഷിതമായി യേശുദാസിനൊടൊപ്പം നിന്ന് ചിത്രമെടുക്കാൻ ലഭിച്ച അപൂർവ ഭാഗ്യത്തെക്കുറിച്ച് പറയുകയാണ് വയനാട് സ്വദേശിയായ പ്രകാശ് എന്ന വ്യക്തി. 

അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്രകാരമാണ്. 

ഈ ഫോട്ടോ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത് എത്രത്തോളം അപകടകരമാണ് എന്ന് അറിയാത്തതു കൊണ്ടല്ല. കഴിഞ്ഞ ദിവസങ്ങളിൽ യേശുദാസിനെ പറ്റി പുറത്തു പറയാൻ പറ്റാത്ത തെറി മനസ്സിൽ പറഞ്ഞും, സോഷ്യൽ മീഡിയയിൽ വിളമ്പാവുന്ന തെറി പരമാവധി പോസ്റ്റ് ചെയ്തും ഭൂരിപക്ഷം മലയാളികളും നിർവൃതി അടഞ്ഞിരിക്കുന്ന സമയമാണ്.... വിശുദ്ധന്മാരുടെ തെറി വിളിയല്ലേ.... അൽപ്പം ഞാനും കേട്ടു കളയാം.

തർക്ക വിഷയത്തിലേക്ക് കടക്കുകയാണ്.

ആദ്യം സെൽഫിയിലേക്ക് പോകാം. ദാസേട്ടന്റെ കച്ചേരിയോ, ഗാനമേളകളോ നടന്ന ഇടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർ, കോൺസ്റ്റബിൾമാർ തുടങ്ങി എല്ലാവരുടെയും വീടുകളിൽ കാണും നിധി പോലെ സൂക്ഷിച്ചിരിക്കുന്ന ഒരു ഫോട്ടോ. ഞാൻ ഇട്ടിരിക്കുന്ന ഫോട്ടോ യഥാർത്ഥത്തിൽ അപ്രതീക്ഷിതമായി ലഭിച്ചതു തന്നെയാണ്. ബോറടിക്കില്ലെങ്കിൽ പറയാം. 2017 ഡിസംബർ 30 ന് തിരക്കുള്ള ഒരു കച്ചേരി കഴിഞ്ഞ് തൊട്ടടുത്ത ദിവസം വൈകുന്നേരം ഉദ്ദേശം 4 മണിയോടെ ഒരു സുഹൃത്തിന്റെ കൂടെ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. ജനുവരി 1 ന് ഒരു കച്ചേരിയുള്ളതു കൊണ്ട് ഞാൻ ആ സമയം പോകുന്നത് ഉചിതമല്ല എന്ന് അറിയാമായിരുന്നെങ്കിലും. കാപ്പി കുടിച്ചിരിക്കുന്ന സമയം അമേരിക്കയിൽ നിന്നും തലേന്നത്തെ കച്ചേരി കേൾക്കാനായി മാത്രം വന്ന ഒരു അച്ഛനേയും മകളേയും ദാസേട്ടൻ പരിചയപ്പെടുത്തി. ഇത്രയും ദൂരെ നിന്നു വന്നതിനാൽ തന്റെ വീട്ടിൽ താമസിക്കാമെന്ന് പറഞ്ഞ് ദാസേട്ടൻ കൂട്ടി കൊണ്ടു വന്നതാണ് വീട്ടിലേക്ക്. അതിഥികളുമായുള്ള വർത്തമാനത്തിനിടക്ക് ദിനചര്യയുടെ ക്രമം തെറ്റി, ആ നേരം വരെ കുളിച്ചിട്ടു പോലുമില്ല എന്നും പറഞ്ഞു. പോകാൻ നേരം ഒരു ഫോട്ടോ എടുക്കട്ടെ എന്നു ചോദിച്ചപ്പോൾ ഈ കോലത്തിൽ വേണ്ട എന്നദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. ശരി എന്നു പറഞ്ഞ് ഇറങ്ങാൻ നിന്ന നേരം, ഞങ്ങൾക്കത് വിഷമമുണ്ടാക്കിയോ എന്ന് കരുതി ഫോട്ടോ എടുത്തിട്ട് പോയാൽ മതി എന്ന് പറഞ്ഞ് തിരികെ വിളിച്ചു. ജുബ്ബ നേരെയാക്കി താടി ഒതുക്കി വെച്ച് റെഡി എന്നു പറഞ്ഞു.

( സെൽഫി താൽപര്യമില്ലെന്ന് കഴിഞ്ഞ വർഷമേ അദ്ദേഹം പറഞ്ഞിട്ടുള്ളതും, അനുമതി ഇല്ലാതെ സെൽഫി എടുക്കാൻ ഏതെങ്കിലും നിയമം അനുവദിക്കുകയും ചെയ്യാത്തിടത്തോളം, തോക്ക് ചൂണ്ടി സെൽഫി ഇഷ്ടപ്പെടണം എന്ന് നിർബന്ധിക്കാൻ കഴിയില്ലല്ലോ. ജനാധിപത്യ അവകാശങ്ങൾ ആ കിളവനും ബാധകമാണല്ലോ.)

ഇനി അവാർഡ്. രാജ്യത്തിൽ ഏറ്റവും കൂടുതൽ ദേശീയ അവാർഡിന്റെ റെക്കോർഡ് നേരത്തെ അദ്ദേഹത്തിന്റെ പേരിൽ വന്നു കഴിഞ്ഞു. അവാർഡിനുള്ള ആക്രാന്തമായിരുന്നു എന്നു പറയുന്നവരോട്- ഭൗതിക സുഖങ്ങളോട് താൽപര്യമുള്ള പ്രായത്തിൽ തന്നെ 3 ദേശീയ അവാർഡുകൾ കൂടി ദാസേട്ടന് ലഭിക്കേണ്ടതായിരുന്നു എന്നും, ജൂറി നടത്തിയ ആശയ വിനിമയങ്ങളിലെ പിഴവ് കാരണമാണ് മറ്റു ചിലർക്ക് അവാർഡുകൾ ലഭിച്ചതെന്നും അതാതു കാലത്തെ ജൂറി ചെയർമാൻമാർ തന്നെ ദാസേട്ടനെ അറിയിച്ചിരുന്നപ്പോൾ , 'അതിലെന്തിരിക്കുന്നു' എന്നു പറഞ്ഞത് നിങ്ങൾ എത്ര പേർക്കറിയാം? രാഷ്ട്രം നൽകുന്ന ആദരം രാഷ്ട്രപതി നൽകുമ്പോൾ അത് സ്വീകരിക്കുക എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മാന്യത. മറിച്ച് ഭരണകൂടത്തിന് ഒരു പ്രതിസന്ധി സൃഷ്ടിച്ച് കൈയ്യടി വാങ്ങാനുള്ള രാഷ്ട്രീയം അങ്ങേർക്കില്ല. അവാർഡ് നേടിയവരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും, രാഷ്ട്രപതിയിൽ നിന്നും യേശുദാസ് അവാർഡ് വാങ്ങിയതിനെ സ്വാഗതം ചെയ്യുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ .എ.കെ. ബാലന്റെ പ്രസ്താവനയും കൂടി കാണുക. വെളുത്ത വസ്ത്രത്തിലേക്ക് ചളി വാരി എറിയുന്നത് മലയാളിയുടെ സഹജ സ്വഭാവമാണെന്ന് ആർക്കാണറിയാത്തത്.

അധികം നീട്ടുന്നില്ല. എല്ലാവരും നമ്മുടെ രാഷ്ട്രീയത്തിനും, ചിന്താഗതിക്കും ചേർന്ന് പ്രവർത്തിക്കണം എന്നു ശഠിക്കേണ്ട കാര്യമില്ല. ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തേക്കുക, എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേന്ന്.... എന്നെ തെറി വിളിക്കേണ്ടവർ ഇൻ ബോക്സിൽ വിളിച്ചിട്ട് പോയാൽ നന്ന്.

വിവാദത്തിലായ ദേശീയ ചലച്ചിത്രപുരസ്കാരസമർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ യേശുദാസ് ഹോട്ടലിൽ നിന്നു പുറപ്പെട്ടപ്പോഴാണ് ഒരു ചെറുപ്പക്കാരൻ സെൽഫി എടുക്കാൻ ശ്രമിച്ചത്. ഉടനെ യേശുദാസ് ഫോൺ തട്ടിമാറ്റുകയും സെൽഫി എടുത്തയാളോട് ഡിലീറ്റ് ചെയാൻ പറയുകയും ചെയ്തു. പിന്നാലെ അദ്ദേഹം തന്നെ ഫോൺ വാങ്ങി ഫോട്ടോകൾ ഡിലീറ്റ് ചെയ്‌തു. എന്നിട്ട് എല്ലാവരോടുമായി സെൽഫി ഈസ് സെൽഫിഷ് എന്നും പറഞ്ഞു.