ദാസേട്ടൻ സെൽഫിഷാണോ ?

എൽട്ടൺ ജോൺ എന്ന ലോകപ്രശസ്ത ഗായകൻ ഈയിടെ ലാസ് വേഗസിൽ പാടിയപ്പോൾ അരങ്ങിലേക്കു ചാടിക്കയറിയ ആരാധകരിലൊരാൾ അദ്ദേഹത്തിന്റെ പിയാനോയിൽ കൈവച്ചു. പരിപാടിയുടെ അവസാന ഘട്ടത്തിൽ ആസ്വാദകരിൽ ചിലരെ വേദിയിലേക്കു ക്ഷണിക്കുന്നത് എൽട്ടൺ ജോണിന്റെ സ്വഭാവമാണ്. സംഗീതത്തിനൊത്തു ചുടവുവയ്ക്കുകയല്ലാതെ ആരും ഇതുവരെ അലോസരമുണ്ടാക്കിയിരുന്നില്ല.

എന്നാൽ ആരാധകൻ പിയാനോയിൽ വിരലമർത്തിയപ്പോൾ ജോൺ പാട്ടുനിർത്തി. ക്ഷോഭത്തോടെ വേദിവിട്ടിറങ്ങി. തിങ്ങിക്കൂടിയ ആസ്വാദകർ മാപ്പു പറഞ്ഞു കേണപേക്ഷിച്ചതിനു ശേഷമാണ് ജോൺ പരിപാടി തുടരാൻ തയാറായത്. അനുവാദമില്ലാതെ ഒരു ഗായകനൊപ്പം ചാടിക്കയറി സെൽഫിയെടുക്കുന്നതും ഇതുപോലെയാണ്. യേശുദാസ് സെൽഫിക്കു വഴങ്ങാൻ വിസമ്മതിക്കുന്നതിനെ വിമർശിക്കുംമുമ്പ് മറ്റു ചില കാര്യങ്ങൾ കൂടി പരിഗണിക്കണം. 

 രാഷ്ട്രീയ നേതാക്കളെപ്പോലെ അനിഷ്ടവും അസ്വസ്ഥതകളും മറച്ചുവച്ച് എപ്പോഴും പ്രസന്നവദനരായി പെരുമാറാൻ കലാകാരന്മാർക്കും എഴുത്തുകാർക്കും സാധിക്കണമെന്നില്ല. അവർക്ക് വോട്ടുബാങ്കിൽ നോട്ടമില്ല. അതുകൊണ്ട് തങ്ങളുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് പ്രതികരിച്ചെന്നിരിക്കും. പാട്ടു പാടുന്നയാൾക്ക് കണ്ഠശുദ്ധി പ്രധാനമാണ്. ചില ചിട്ടകളിലൂടെയും രോഗപ്രതിരോധത്തിനായി കൈക്കൊള്ളുന്ന മുൻകരുതലുകളിലൂടെയുമാണ് ഒരു പരിധിവരെയെങ്കിലും അവർ തങ്ങളെത്തന്നെ സംരക്ഷിക്കുന്നത്. പരിചയമില്ലാത്തവരുമായി അടുത്തിടപഴകാനുള്ള പ്രയാസം സ്വാഭാവികം. വെള്ളി വീണാൽ, അല്ലെങ്കിൽ ശബ്ദത്തിനിത്തിരി മാറ്റം സംഭവിച്ചാൽ ‘ഇവർക്കു പാട്ടു നിർത്തിക്കൂടെ’ എന്നു നെറ്റി ചുളിക്കും എത്ര കടുത്ത ആരാധകരും. 

ഹോട്ടലിൽ നിന്ന് ഒരു നടൻ തിളപ്പിച്ചാറ്റിയ വെള്ളത്തിനായി നിർബന്ധം പിടിച്ചപ്പോൾ മറ്റുള്ളവർ അതയാളുടെ അഹങ്കാരമായി തെറ്റിദ്ധരിച്ചു. താൻ രോഗം വന്നു കിടപ്പിലായാൽ ഷൂട്ടിങ് മുടങ്ങും. അതുവഴി നിർമാതാവിന് വൻതുക നഷ്ടം വരും എന്ന് നടൻ പതുക്കെ പറഞ്ഞത് അധികമാരും കേട്ടതുമില്ല. 

മലയാളത്തിലെ ഒരഭിനേതാവിനെ അസമയത്ത് വിളിച്ച ആരാധകനോട് അദ്ദേഹം തട്ടിക്കയറി. ഈ വോയ്സ് ക്ലിപ് അദ്ദേഹത്തിനെതിരെ തന്നെ ഉപയോഗിക്കപ്പെട്ടു. കലാലോകത്തുള്ളവരെ പ്രകോപിപ്പിക്കുകയും അവരുടെ പ്രതികരണം രഹസ്യമായി റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നവർ കരുതുന്നത് തങ്ങൾ മിടുക്കരാണെന്നാണ്. 

അപരിചിതർക്കൊപ്പം സെൽഫിക്കു പോസ് ചെയ്ത പല പ്രശസ്തരും പിന്നീട് അനുഭവിച്ചിട്ടുമുണ്ട്. കൂടെ നിന്ന് ഫോട്ടോയെടുത്തവരിൽ ഒരാൾ ഏതെങ്കിലും കേസിൽ പ്രതിയായെന്നിരിക്കട്ടെ. ‘കൊലക്കേസ് പ്രതി പ്രശസ്തന്റെ സുഹൃത്ത്’ എന്നായിരിക്കും തുടർന്നുള്ള പോസ്റ്റുകൾ. അറിഞ്ഞാദരിക്കുന്നവർ പ്രതിഭകളെ ബഹുമാനിക്കും. കാണുമ്പോൾ ഭവ്യതയോടെ കൈകൂപ്പും. സമ്മതമുണ്ടെങ്കിൽ ഒരു സെൽഫിയുമാവാം.