‘തലയിൽ കയറിയാണോ സെൽഫിയെടുക്കുന്നത് ?’ യേശുദാസിനെ വിമർശിച്ചവർ ഇൗ വിഡിയോ കാണുക

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വാങ്ങി ആ ചിത്രം ഡിലീറ്റ് ചെയ്ത ഗായകൻ യേശുദാസിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധിയാളുകൾ രംഗത്തെത്തുകയും ചെയ്തു. എന്നാൽ യേശുദാസ് ചെയ്തത് വളരെ ശരിയാണെന്നും അനുവാദം ചോദിക്കാതെ മുഖത്തിനടുത്ത് ക്യാമറ വച്ച് സെൽഫിയെടുത്താൽ ആരായാലും പ്രതികരിച്ചു പോകുമെന്നും ഇൗ വിഡിയോ കാണിച്ചു തരുന്നു.

ടെലിവിഷൻ അവതാരകനായ ഫിറോസ് ഖാനാണ് ഇൗ വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. യേശുദാസ് ചെയ്തത് ശരിയാണെന്ന് ആമുഖമായി പറയുന്ന ഫിറോസ് സെലിബ്രിറ്റിയോ സാധാരണക്കാരനോ ആയിക്കൊള്ളട്ടെ അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടുന്നു. കടുത്ത സെൽഫി ആരാധകരായ പുതുതലമുറക്കാർ യേശുദാസിനെ വിമർശിക്കാൻ തിടുക്കം കാട്ടുമ്പോഴാണ് ഫിറോസ് ഗാനഗന്ധർവ്വനെ അനുകൂലിച്ച് സംസാരിക്കുന്നത്.

വെറുതെ സംസാരിക്കുകയല്ല മറിച്ച് ചില കൈ വിട്ട സെൽഫികൾ ഫിറോസ് കാണിച്ചു കൊടുക്കുന്നുമുണ്ട്. സാധാരണക്കാരായ ആളുകളുടെ അടുത്തു പോയി അവരുടെ അനുവാദമില്ലാതെ സെൽഫിയെടുക്കാൻ ഫിറോസ് ശ്രമിക്കുന്നു. ഇവരെല്ലാവരും ഫിറോസിനോട് ദേഷ്യപ്പെടുന്നത് വിഡിയോയിൽ കാണാം. ‘തലയിൽ കയറിയാണോടൊ സെൽഫിയെടുക്കുന്നത് ? എന്നാൽ വായിൽ കേറി സെൽഫിയെടുക്കെടോ ’എന്നൊക്കെ ഇവർ ഫിറോസിനോട് പറയുന്നുമുണ്ട്. സാധാരണക്കാർക്കു പോലും ഇത്തരത്തിലുള്ള സെൽഫികളോട് എത്ര വിരോധമുണ്ടെന്ന് ഇൗ വിഡിയോ കാണിച്ചു തരും. യേശുദാസിനെ അത്ര വിമർശിക്കേണ്ടതില്ല എന്നാണ് വിഡിയോ കൊണ്ട് ഫിറോസ് കാണിച്ചു തരുന്നത്. 

വിവാദത്തിലായ ദേശീയ ചലച്ചിത്രപുരസ്കാരസമർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ യേശുദാസ് ഹോട്ടലിൽ നിന്നു പുറപ്പെട്ടപ്പോഴാണ് ഒരു ചെറുപ്പക്കാരൻ സെൽഫിയെടുക്കാൻ ശ്രമിച്ചത്. ഉടനെ യേശുദാസ് ഫോൺ തട്ടിമാറ്റുകയും സെൽഫി എടുത്തയാളോട് ചിത്രം ഡിലീറ്റ് ചെയാൻ പറയുകയും ചെയ്തു. പിന്നാലെ അദ്ദേഹം തന്നെ ഫോൺ വാങ്ങി ഫോട്ടോകൾ ഡിലീറ്റ് ചെയ്‌തു. എന്നിട്ട് എല്ലാവരോടുമായി സെൽഫി ഈസ് സെൽഫിഷ് എന്നും പറഞ്ഞു. സംഭവം വലിയ വിവാദമാണുണ്ടാക്കിയത്.