‘എന്റെ പേര് മാത്രമുണ്ടെങ്കിൽ സിനിമ വിജയിക്കും, പക്ഷെ ?’ ബാലചന്ദ്രമേനോൻ പറയുന്നു

തന്റെ പുതിയ ചിത്രമായ ‘എന്നാലും ശരത്’ എന്ന സിനിമയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും തുറന്നു പറഞ്ഞ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. നാൽപ്പതു വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യമായി ഒൗസേപ്പച്ചൻ തന്റെ സിനിമയ്ക്ക് സംഗീതസംവിധാനം നിർവഹിക്കുന്ന സാഹചര്യത്തിലാണ് ബാലചന്ദ്രമേനോൻ ഇതു സംബന്ധിച്ച ഒരു കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കു വച്ചത്. 

അദ്ദേഹത്തിന്റെ കുറിപ്പ് ഇപ്രകാരമാണ്. 

നാം ശ്രദ്ധിക്കാത്ത എന്നാൽ നമുക്ക് വിശദീകരണം നൽകാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട് .

അതിൽ ഒന്നാണ്, എത്രയോ സിനിമകൾ ചെയ്തിട്ടും ആരെല്ലാമൊക്കെ അഭിനയിച്ചിട്ടും ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ബഹദൂറിക്ക എന്റെ ഒരു സിനിമയിലും വന്നിട്ടില്ല എന്നുള്ളത്. എന്താണതിന്റെ കാരണമെന്നു പറയുക വയ്യ. എന്നാൽ എന്റെ സ്വഭാവം എന്ന് പറയുന്നത്, എന്റെ ഒരാളിന്റെ പേര് മാത്രം ഉണ്ടെങ്കിൽ സിനിമ വിജയിക്കും എന്നുറപ്പുള്ളപ്പോഴും, ഗുരുക്കന്മാരായ കലാകാരന്മാരെ എന്റെ സംരംഭങ്ങളിൽ പങ്കെടുപ്പിക്കുക എന്നതാണ്.

തിക്കുറിശ്ശി, ശങ്കരാടി, അടൂർ ഭാസി, പറവൂർ ഭരതൻ, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരൻ, കുഞ്ഞാണ്ടി, അസീസ്, കോട്ടയം ശാന്ത, ഖദീജ, പാലാ തങ്കം, കോഴിക്കോട് ശാന്താദേവി, ശാന്തകുമാരി, വെട്ടൂർ പുരുഷൻ, ഡബ്ബിങ് ആർറ്റിസ്റ് ഹരി, ആലുമ്മൂടൻ, സാൻഡോ കൃഷ്ണൻ, വഞ്ചിയൂർ മാധവൻ നായർ കൊട്ടാരക്കര , ടി ആർ ഓമന, അടൂർ പങ്കജം, അടൂർ ഭവാനി, ലളിതശ്രീ, നന്ദിതബോസ്, കെ ആർ സുരേഷ്, ചന്ദ്രാജി തുടങ്ങിയവരൊക്കെ എന്റെ പല സിനിമകളിയായിട്ടു വന്നിട്ടും എന്തേ എനിക്ക് ബഹദൂറിക്കയെ നഷ്ടമായി എന്നറിയില്ല ...(ഈ മഹാരഥന്മാരൊക്കെ എന്റെ വസന്തകാലം വന്നപ്പോൾ നന്നേ ക്ഷയിച്ചു തുടങ്ങിയിരുന്നു. ഒരു പക്ഷെ ഭാസി ചേട്ടനു അവസാനം കിട്ടയ പുരസ്ക്കാരം ഏപ്രിലിൽ 18 ലെ പ്രകടനത്തിനുള്ള സംസ്ഥാന ഗവൺമെന്റിന്റെ സഹനടനുള്ള അവാർഡ് ആയിരിക്കും )

ഇത് പറയാനും കുറിക്കാനും കാരണം..... എന്റെ നാൽപ്പതു വർഷത്തെ സിനിമാജീവിതത്തിൽ, ഒരു അപൂർവ്വത എന്റെ "എന്നാലും ശരത് " എന്ന ചിത്രം നേടിയിരിക്കുന്നു. അതിനു കാരണമായത് സംഗീത സംവിധായാകനായ ഔസേപ്പച്ചനാണ്. ഞാൻ ചെന്നൈയിൽ പത്രപ്രവർത്തകനായ നാളുകളിൽ തന്നെ എനിക്ക്‌ ഔസേപ്പച്ചനെ അറിയാം. പിന്നീട് ഞാൻ സംവിധാനം ചെയ്ത പല ചിത്രങ്ങളുടെയും റീ റിക്കാർഡിങ് വേളകളിലും അദ്ദേഹം വയലിനിസ്റ്റായി സഹകരിച്ചിട്ടുമുണ്ട്. എന്നിട്ടും, ജോൺസണും രവീന്ദ്രനും മാറി മാറി സിനിമകൾ ചെയ്തപ്പോഴും ഔസേപ്പച്ചൻ എങ്ങിനെ എന്റെ പിടിയിൽ പെടാതെ പോയി എന്നതിന്റെ കാരണവും എനിക്ക് പറയാനാവുന്നില്ല. 'എന്നാലും ശരത്തിനു' വേണ്ടി ഹരിനാരായണന്റെയും റഫീഖ് അഹമ്മദിന്റെയും വരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ടപ്പോൾ മനോഹരമായ രണ്ടു പാട്ടുകൾ ഉണ്ടായി എന്ന് മാത്രമല്ല മറിച്ചു എന്റെ സിനിമാജീവിതത്തിൽ ഒരു ചരിത്ര നിമിഷമായി അത് മാറി എന്നതാണ് സന്തോഷകരമായ വസ്തുത. അങ്ങിനെ നീണ്ട 40 വർഷങ്ങൾക്കുള്ളിൽ ആദ്യമായി ഞങ്ങൾ സംഗീതപരമായി സാംഗത്യം കണ്ടെത്തുന്നു !

ഇനിയുമുണ്ട് ഞങ്ങൾ തമ്മിൽ പങ്കുവെയ്ക്കാൻ. 1978–ൽ ഞാൻ ഉത്രാടരാത്രി എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ പ്രവേശിക്കുമ്പോൾ അതേ വർഷം ഭരതന്റെ ആരവം എന്ന ചിത്രത്തിലൂടെ ഔസേപ്പച്ചനും രംഗപ്രവേശനം നടത്തുന്നു. ഞങ്ങൾ രണ്ടു പേർക്കും സംസ്ഥാന അവാർഡ്, ദേശീയ അവാർഡ്, ഫിലിംഫെയർ അവാർഡ്, സിനിമ എക്സ്പ്രസ്സ് അവാർഡ് ഒക്കെ കിട്ടിയിരിക്കുന്നു. മലയാളസിനിമയിൽ ഒരു പിടി മാറ്റങ്ങൾ ഉണ്ടായിട്ടും ഞങ്ങൾ രണ്ടു പേരും ഞങ്ങളുടേതായ പാതയിലൂടെ ഇന്നും കർമ്മശുദ്ധിയോടെ സംതൃപ്തിയോടെ പ്രവർത്തിക്കുന്നു. ദൈവ നിശ്ചയം !

ഔസേപ്പച്ചൻ എനിക്ക് തയാറാക്കിയ പാട്ടുകളെപ്പറ്റി ഞാൻ ഒന്നും പറയില്ല. അത് കേട്ടിട്ട് പറയേണ്ടത് നിങ്ങളാണ് .ജൂൺ 7 നു ഓഡിയോ ലാഞ്ച് എന്ന നിലയിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നു ...വിശദവിവരങ്ങൾ പിന്നാലേ....