നാദിർഷയുടെ പാട്ടുകൾ സ്ത്രീവിരുദ്ധമോ ?

നടനും സംവിധായകനും സംഗീത സംവിധായകനുമായ നാദിർഷ രചന നിർവഹിച്ച ചില പാട്ടുകൾ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിലെ സിനിമ സ്നേഹികളുടെ കൂട്ടായ്മയിൽ ചർച്ച. ഇൗ ഗ്രൂപ്പിലെ അംഗമായ നയന നമ്പ്യാരാണ് നാദിർഷയുടെ ഗാനങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ഉദാഹരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടി പോസ്റ്റിട്ടത്. ഇൗ അഭിപ്രായത്തോട് യോജിച്ചും വിയോജിച്ചും നിരവധി ആളുകളാണ് രംഗത്തു വരുന്നത്. 

നയന പോസ്റ്റ് ചെയ്തത് ഇപ്രകാരമാണ്

മലയാളസിനിമയിലെ ഏറെ വർഷത്തെ അനുഭവസമ്പത്തിന്റെ ബാക്കപ്പിൽ സംവിധായകന്റെ കുപ്പായം ഇട്ട ആളാണ് നാദിർഷ. ഒരു സംവിധായകൻ എന്ന നിലയിൽ നല്ല വർക്കുകൾ അദ്ദേഹം ചെയ്തു എന്നാണഭിപ്രായം. ഇവിടെ പറയാനുദ്ദേശിക്കുന്നത് നാദിർഷയിലെ ഒന്നാന്തരം സ്ത്രീവിരുദ്ധ ആറ്റിറ്റ്യൂഡിനെ കുറിച്ചാണ്. അതും ഗാനരചനയിലെ സ്ത്രീവിരുദ്ധത മാത്രമാണ് ഇവിടെ പറയുന്നത്..

ആദ്യമായി ഇദ്ദേഹമെഴുതിയ ഒരു സിനിമ ഗാനം ശ്രദ്ധിക്കുന്നത് "വെട്ടം" എന്ന പടത്തിലെ പാട്ട് ആയിരുന്നു. "മക്കസായി മക്കസായി.. "എന്ന് തുടങ്ങി പിന്നീട് "ഷക്കീല ചേച്ചിയുമായി നമുക്കൊരു തുണ്ട് പടം പിടിക്കാം.. " എന്നൊക്കെയായി പോകുന്നു. പാണ്ടിപ്പടയിലെ "ഇന്ത പഞ്ചായത്തിലെ..ഈ കവിൾ ചുവന്നു തുടുക്കാൻ ആണിൻ കയ്യു പതിക്കേണം.." റിങ് മാസ്റ്ററിൽ ദിലീപിന്റെ ഫ്രസ്ട്രഷൻ തീർക്കാൻ "ഡോഗ്സ് ഓൺ കൺട്രി" എന്ന മഹത്തായ ഗാനം രചിച്ചു. ശൃംഗാരവേലനിലെ "അശകൊശലെ പെണ്ണുണ്ടോ.." എന്ന പാട്ടിലും "പൊന്നു കൊടുത്താൽ പെണ്ണും വളയും" എന്നെങ്ങനെ പോണു. സ്വതന്ത്ര സംവിധായകൻ ആയി ചെയ്ത അമർ അക്ബർ അന്തോണിയിലെ "പ്രേമമെന്താൽ എന്താണ് പെണ്ണെ" വരികൾ ശ്രദ്ധിച്ചാൽ അറിയാം അടപടലം സ്ത്രീവിരുദ്ധതയാണ്. പിന്നെ കട്ടപ്പനയിലെ റിത്വിക് റോഷനിൽ പാരുടയ മറിയമേ" എന്ന ക്രിസ്തീയ ഭക്തി വരിയിൽ തുടങ്ങി "പെണ്ണിനെത്ര ബുദ്ധിയുണ്ടായാലും പച്ചമാങ്ങാ തീറ്റിച്ചാണുങ്ങൾ പൂട്ടുമെടി" എന്ന തനിനിറം പുറത്തു വരുന്നു. എത്ര അടക്കി വെച്ചാലും ഉള്ളിലെ ഫ്രാഡ് വേലകള് തള്ളിക്കേറി വരുന്നത് എന്തൊരു കഷ്ടമാണ്.

നയന പറഞ്ഞത് ശരിയാണെന്നും ഇത്തരം പാട്ടുകൾ തികച്ചും സ്ത്രീവിരുദ്ധമാണെന്നും ഗ്രൂപ്പിലെ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. എന്നാൽ വരികൾക്കിടയിലൂടെ വായിച്ച് സ്ത്രീവരുദ്ധത തപ്പിയെടുക്കേണ്ടതില്ലെന്നും ഇതൊക്കെ സ്വാഭാവികം മാത്രമാണെന്നുമാണ് മറ്റു ചിലർ പറയുന്നത്.