ഗോപി സുന്ദറിനെ സുന്ദർ ഗോപിയെന്നു ചിരഞ്ജീവി വിളിച്ചു, തന്നെ പ്രശംസിച്ചത് കേട്ട് അനുപമ കാൽ തൊട്ട് തൊഴുതു

അനുപമ പരമേശ്വരൻ നായികയായി ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ച തേജ് ഐ ലവ് യൂ എന്ന ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ ചിരഞ്ജീവി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ മലയാളി സാന്നിധ്യങ്ങളായ അനുപമയെയും ഗോപി സുന്ദറിനെയും പ്രശംസിക്കുന്നതായിരുന്നു ചിരഞ്ജീവിയുടെ പ്രസംഗം. 

ഗോപി സുന്ദറിന്റെ പാട്ടുകളെ വാനോളം ചിരഞ്ജീവി പുകഴ്ത്തി. ‘പാട്ടുകളും രംഗങ്ങളും അതിമനോഹരമായിരിക്കുന്നു. സുന്ദർ ഗോപിക്ക് എല്ലാവിധ ആശംസകളും’. അദ്ദേഹം പറഞ്ഞു. ‘അനുപമ പരമേശ്വരൻ വളരെ സുന്ദരിയാണ്. ഇൗ സിനിമയിൽ അവർ അതിമനോഹമരമായാണ് അഭിനയിച്ചിരിക്കുന്നത്. കഥാപാത്രത്തിനു വേണ്ട കയറ്റിറക്കങ്ങൾ അതിമനോഹരമായി അവർ സംയോജിപ്പിച്ചിരിക്കുന്നു.’ ചിരഞ്ജീവിയുടെ പ്രശംസാവാക്കുകൾ കേട്ട അനുപമ അദ്ദേഹത്തിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി. അനുപമയ്ക്ക് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു.

ഇതേ പരിപാടിയിൽ  അനുപമ നടത്തിയ തെലുങ്ക് പ്രസംഗവും ശ്രദ്ധേയമായിരുന്നു. മലയാളത്തിൽ  അരങ്ങേറിയ അനുപമ അനായാസം തെലുങ്ക് സംസാരിച്ചത് ആരാധകരെയും അല്ലാത്തവരെയും ഒരുപോലെ അത്ഭുതപ്പെടുത്തി. അടുത്ത് തന്നെ തീയറ്ററുകളിലെത്തുന്ന ചിത്രത്തിൽ അനുപമ പുതിയ ലുക്കിലാണ് എത്തുന്നത്.