‘ഒടിയൻ വേറെ ലെവൽ, കാത്തിരിക്കുന്നത് അത്ഭുതങ്ങൾ’: വിഡിയോ

തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ സാം സിഎസ് മോഹന്‍ലാല്‍ നായകനാകുന്ന ഒടിയനിലൂടെ മലയാളത്തിൽ അരങ്ങേറുന്നു. ഒടിയൻ വേറെ ലെവലാണെന്നും കാത്തിരിക്കുന്നത് അത്ഭുതങ്ങളാണെന്നുമാണ് ഒടിയനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കാൻ തുടങ്ങും മുമ്പ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 

മലയാളത്തിലെ തന്റെ അരങ്ങേറ്റം ഇത്രയും ഗംഭീരമായ ചിത്രത്തിലൂടെയായത് വലിയ ഭാഗ്യമായിട്ടാണ് കണക്കാക്കുന്നതെന്നും ഒടിയന്‍ എന്ന ചിത്രം മലയാള സിനിമയെയും മോഹന്‍ലാല്‍ എന്ന നടനെയും വേറൊരു ലെവലിലെത്തിക്കുമെന്നും സാം പറയുന്നു. ഇതിലെ സംഘട്ടന രംഗങ്ങളും സിജിയും മികച്ചതാണെന്നും പ്രേക്ഷകർക്കായി അത്ഭുതങ്ങളാണ് അണിയറയിൽ‌ ഒരുങ്ങുന്നതെന്നും സാം പറയുന്നു. സംവിധായകനായ ശ്രീകുമാർ മേനോൻ തന്റെ ആദ്യ ചിത്രമെന്നു തോന്നിക്കാത്ത വിധമാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും സാം പറയുന്നു. 

ഒടിയന്റെ സംഗീത സംവിധാനം എം. ജയചന്ദ്രനാണ് നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതവും ടൈറ്റിൽ ഗാനവും ഒരുക്കുന്നത് സാമാണ്. 

2016–ല്‍ കടലൈ എന്ന ചിത്രത്തിലൂടെയാണ് സാം സിനിമയിലേക്ക് എത്തുന്നത്. വിക്രം വേദ എന്ന ചിത്രത്തിലെ സാമിന്റെ സംഗീതം വലിയ ശ്രദ്ധ നേടിയിരുന്നു.