ഹോട്ടല്‍ ജീവനക്കാരെ കൊണ്ടു പാടിച്ച് ശങ്കർ മഹാദേവൻ; കയ്യടി

ഹോട്ടലിലെ ജീവനക്കാരെ കൊണ്ടു ലൈവിൽ പാടിച്ചു ഗായകൻ ശങ്കർ മഹാദേവൻ. ബെംഗളൂരുവിലെ രണ്ട് ഹോട്ടൽ ജീവനക്കാരെ കൊണ്ടാണ് ശങ്കർ മഹാദേവൻ സോഷ്യൽ മീഡിയ ലൈവിൽ പാടിച്ചത്. ഇവർ പാടുന്ന വിഡിയോ അദ്ദേഹം ഇൻസറ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. നല്ല കഴിവുള്ള രണ്ടു ഗായകരെ നിങ്ങൾക്കു പരചയപ്പെടുത്തുകയാണെന്ന മുഖവുരയോടെയാണു വിഡിയോ പങ്കുവച്ചത്. 

ഡോയൽ എന്നുപേരുള്ള പാട്ടുകാരിയെയാണു ശങ്കർ മഹാദേവൻ ആദ്യം പരിചയപ്പെടുത്തിയത്. തുടർന്ന് 'മോഹ് മോഹ് കീ ധാഗേ' എന്ന ഗാനം ഡോയൽ പാടി. ഗാനം ആലപിച്ച ഡോയലിനെ ശങ്കർ മഹാദേവൻ അഭിനന്ദിച്ചു. 

രണ്ടാമതായി അശ്വിൻ എന്ന ഗായകനെയാണു ശങ്കർ മഹാദേവൻ പരിചയപ്പെടുത്തിയത്. 'എത്രത്തോളം കഴിവുള്ള മനുഷ്യരാണു നമ്മുടെ രാജ്യത്തുള്ളതെന്നു നോക്കൂ' എന്നു പറഞ്ഞാണ് ശങ്കർ മഹാദേവൻ അശ്വിനെ പരിചയപ്പെടുത്തിയത്. 

'കഭി അൽവിദ നാ കെഹനാ' എന്ന ചിത്രത്തിലെ 'മിത്ത്‌വാ' എന്ന ഗാനമാണു അശ്വിൻ പാടിയത്. 'ഈ ഗാനം താങ്കൾക്കു വേണ്ടി സമര്‍പ്പിക്കുന്നു' എന്നു പറഞ്ഞായിരുന്നു അശ്വിന്റെ ആലാപനം. ഗാനത്തിലെ ചിലഭാഗങ്ങൾ മൂന്നു പേരും ഒരുമിച്ചു പാടുകയും ചെയ്തു. 'സൂപ്പർ' എന്നായിരുന്നു അശ്വിന്റെ ആലാപനത്തിന് ശങ്കർ മഹാദേവന്റെ പ്രതികരണം. ശങ്കർമഹാദേവന്റെ വിഡിയോയ്ക്ക് താഴെ ഇരു ഗായകരെയും അഭിനന്ദിക്കുകയാണ് സോഷ്യൽ ലോകം