Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോകാന്‍ വേണ്ടിയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല ഇന്നലത്തെ ആ വര്‍ത്തമാനമത്രയും !

bala

ഒരാഴ്ചയ്ക്കു ശേഷം ഇന്നലെയാണ് ആദ്യമായി സമാധാനമായി ഉറങ്ങിയത്. ആശുപത്രിയില്‍ നിന്ന് ഇന്നലെയാണ് ആദ്യമായി ചിരിച്ചുകൊണ്ട് പോന്നതും. പക്ഷേ അത് ഇങ്ങനെയൊരു തീരാക്കണ്ണീരിനുള്ള യാത്രയാകും എന്നു വിചാരിച്ചതേയില്ല. എന്നെ ഇത്രയും വേദനിപ്പിച്ചൊരു മരണം ജീവിതത്തിലിന്നേവരെ ഉണ്ടായിട്ടില്ല .ബാലഭാസ്‌കറിന്റെ വിടവാങ്ങലിനെ കുറിച്ച് പറയുമ്പോൾ വിങ്ങിപ്പൊട്ടുകയാണ് രാജലക്ഷ്മി. 

അപകടം നടന്ന അന്നു മുതല്‍ ബാലു ചേട്ടനുമായി അടുപ്പമുള്ള ഞാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗായകരും ആരാധകരും പ്രശസ്തരും അപ്രശ്‌സതരുമായിട്ടുള്ള എല്ലാവരും ആശുപത്രിയില്‍ വന്നുപോകുന്നുണ്ടായിരുന്നു. ഐസിയുവിനു ഉള്ളിൽ ചെറുതായി പാട്ട് വച്ചിരുന്നു അത് ഞങ്ങള്‍ക്കും അദ്ദേഹത്തിനും ആശ്വാസമായിരുന്നു.

അച്ഛനും അമ്മയും വയലിന്‍ ഗുരു കൂടിയായ വല്യമ്മാവന്‍ ശശികുമാർ സാറുമൊക്കെ അന്നു തൊട്ടേ ആശുപത്രിയിലുണ്ട്. ഇന്നലെ വരെ അവരെയൊന്നു നോക്കാന്‍ പോലുമുള്ള ശക്തിയുണ്ടായിരുന്നില്ല. ഇന്നലെ സ്റ്റീഫന്‍ ചേട്ടന്‍ മുറിയില്‍ കയറി ബാലു ചേട്ടനുമായി സംസാരിച്ചിരുന്നു. ഏകദേശം ഇരുപതു മിനിട്ടോളം സംസാരിച്ചു. നമുക്ക് തിരിച്ച് സ്‌റ്റേജിലേക്ക് വരണ്ടേ എന്നൊക്കെ ചോദിച്ചപ്പോള്‍ ‘വേണം’ എന്നു പറഞ്ഞിരുന്നു. വലിയ സന്തോഷമായി ഞങ്ങള്‍ക്കെല്ലാം. അപകടത്തിന്റെയന്ന് ആശുപത്രിയിലെത്തിയ ശേഷം ഇന്നലെയാണ് സന്തോഷത്തോടെ അവിടെ നിന്നു മടങ്ങിയത്. അതൊരിക്കലും ഇങ്ങനെയൊരു വാര്‍ത്ത കേട്ട് കരയാന്‍ വേണ്ടിയാകും എന്നു കരുതിയതേയില്ല. പോകാന്‍ വേണ്ടിയാണ് അതെന്നു കരുതിയതേയില്ല.

ഇന്നലെ വരെ എന്തും സംഭവിക്കാം എന്ന അവസ്ഥയായിരുന്നു. ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും കാര്യത്തില്‍ ആശങ്ക നീങ്ങിയിരുന്നു. രാത്രി ഒന്നരയ്ക്കായിരുന്നു ഫോണ്‍ വന്നത് പോയി എന്നു പറഞ്ഞ്. എനിക്ക് വിശ്വസിക്കാനാകുന്നില്ല. എങ്ങനെ ഇതിനെ ഉള്‍ക്കൊള്ളുമെന്നും അറിയില്ല. എന്നേക്കാള്‍ സങ്കടത്തിലാണ് എന്റെ ഭർത്താവ്‍. ചേട്ടന്റെ അനുജന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു ബാലു ചേട്ടന്‍. കാലമിത്ര പിന്നിട്ടെങ്കിലും, സംഗീതരംഗത്ത് ഒരുപാട് മുന്നേറിയെങ്കിലും ഇപ്പോഴും എവിടെ വച്ചു കണ്ടാലും അണ്ണാ...എന്നു വിളിച്ച് ഓടിയെത്തും.

balabhaskar-new രാജലക്ഷ്മിയും ബാലഭാസ്കറും

വയലിന്‍ വായിച്ച് ഇത്രയും പ്രശസ്തിയും പുരസ്‌കാരങ്ങളുമൊക്കെ നേടിയിട്ടും ഇപ്പോഴും പഠിച്ചു തുടങ്ങുന്നൊരു കുട്ടിയുടേതു പോലെ പ്രാക്ടീസ് ചെയ്യുമായിരുന്നു. അത്രമാത്രം ആത്മാര്‍ഥതയായിരുന്നു. എന്നോട് കാണുമ്പോഴൊക്കെ പറയും, നീ സമയം കിട്ടുമ്പോള്‍ വീട്ടില്‍ വാ...നമുക്ക് പ്രാക്ടീസ് ചെയ്യാം...ഞാന്‍ പറഞ്ഞു തരാം എന്നൊക്കെ. 

ആളെ കണ്ടാല്‍ നാല്‍പതു വയസായി എന്നൊരിക്കലും പറയില്ലല്ലോ. സ്വഭാവത്തിനും അതുപോലെ തന്നെയാണ് ഒരു മാറ്റവുമില്ല. എത്ര കഴിവുള്ള ആളാണെന്ന് അദ്ദേഹത്തിനൊപ്പം ഇരുന്ന ഒരു പാട്ടെങ്കിലും മൂളിയവര്‍ക്കോ ഒരു അഞ്ചു മിനുട്ടെങ്കിലും ഒപ്പമിരുന്നു പ്രാക്ടീസ് ചെയ്തവർക്കോ മനസ്സിലാകും. മൂന്നു വയസ്സില്‍ തുടങ്ങിയതാണ് വയലിനൊപ്പമുള്ള യാത്ര. 

മനസ്സിലിപ്പോള്‍ ഒരാള്‍ മാത്രമേയുള്ളൂ...ലക്ഷ്മി....അവരുടെ പ്രണയകഥയൊക്കെ പ്രശസ്തമാണ്. അറിയാമല്ലോ...അതൊക്കെ. മോളും ബാലു ചേട്ടനും ഇല്ലാത്ത ജീവിതത്തിലേക്ക് അവര്‍ എങ്ങനെ മടങ്ങിയെത്തും എന്നെനിക്ക് അറിയില്ല....ദൈവത്തിനു പോലും കുശുമ്പു തോന്നിക്കാണും ആ ജീവിതം കണ്ടിട്ട്...അല്ലെങ്കില്‍ പിന്നെ ഇങ്ങനെ സംഭവിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.