ഓട്ടർഷയിലെ പാട്ടു പാടി ജയരാജ് വാര്യരുടെ മകൾ

സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടർഷയിലെ പാട്ടിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയപ്പോൾ ആരാധകർക്ക് ഒരു സംശയം. ഈ പാട്ടു പാടുന്നത് ജയരാജ് വാര്യരുടെ മകളല്ലേയെന്ന് ? അഭിനയത്തിലൂടെയും നർമ സംഭാഷങ്ങളിലൂടെയും മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ അതേ ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖ തന്നെയാണ് ഓട്ടർഷയിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത്. 

'പുതുചെമ്പാ' എന്നു തുടങ്ങുന്ന ഇൗ പാട്ടിന്റെ മെയ്ക്കിംഗ് വിഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ശരത് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബി.ടി അനിൽകുമാറിന്റെതാണ് വരികൾ. ഇന്ദുലേഖയുടെ ആദ്യഗാനമല്ല ഇത്. നാലു വർഷം മുൻപ് അപ്പോത്തിക്കിരി എന്ന ചിത്രത്തിന്റെ ശീർഷക ഗാനം ഇന്ദുലേഖ ആലപിച്ചിരുന്നു. ശരതിന്റെ സംഗീതവും ഇന്ദുലേഖയുടെ പാട്ടും ഗംഭീരമാണെന്നാണ് ആരാധകരുടെ പ്രതികരണം.

അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടർഷ. ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അനുശ്രീ ചിത്രത്തിലെത്തുന്നത്. ലാർവ ക്ലബിന്റെ ബാനറിൽ സുജിത് വാസുദേവും മഞ്ജു പിള്ളയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.