ലാലേട്ടന്റെ ജിമിക്കി കമ്മൽ ജ്യോതിക കട്ടോണ്ട് പോയേ!

ഭാഷയുടെ അതിർത്തികൾ കടന്ന് ഗ്ലോബൽ ഹിറ്റായ ജിമിക്കി കമ്മൽ ഗാനം ജ്യോതികയുടെ പുതിയ തമിഴ് ചിത്രത്തിൽ ഡാൻസ് നമ്പറായി. രാധാമോഹൻ സംവിധാനം ചെയ്യുന്ന കാട്രിൻ മൊഴി എന്ന ചിത്രത്തിലാണ് വെളിപാടിന്റെ പുസ്തകത്തിലെ സൂപ്പർഹിറ്റ് ഗാനമായ ജിമിക്കി കമ്മലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജ്യോതികയുടെ നൃത്തച്ചുവടുകളാണ് തിമഴിൽ പാട്ടിന്റെ ആകർഷണം. 

ജ്യോതികയ്ക്കൊപ്പം ലക്ഷ്മി മഞ്ജുവും നൃത്തച്ചുവടുകളുമായി ചേരുന്നു. ഓഡിയോ ട്രാക്കിൽ മാറ്റം വരുത്താതെയാണ് തമിഴ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ദൃശ്യങ്ങൾക്കൊപ്പം യുട്യൂബിലെത്തിയ ഗാനത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ ട്രെൻഡിംഗിലെത്തി. ജിമിക്കി കമ്മലിന്റെ ജ്യോതിക വേർഷൻ മോഹൻലാൽ ആരാധകരും ജ്യോതിക ആരാധകരും ആഘോഷമാക്കുകയാണ്. കുറെ കാലത്തിനു ശേഷം കേൾക്കുമ്പോൾ പോലും പാട്ടിന്റെ ഓളം പോയിട്ടില്ലെന്ന് ആരാധകർ പറയുന്നു. 

ബോളിവുഡിൽ വിദ്യാ ബാലൻ നായികയായി എത്തിയ തുമാരി സുലു എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കാട്രിൻ മൊഴി. ബോളിവുഡിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് ചിത്രം തമിഴിൽ ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ചിത്രം പ്രദർശനത്തിനെത്തും.